General

അല്‍ ഇസ്തിഗാസ

Fasalullah Hussain
Published on June 17, 2026

അല്‍ ഇസ്തിഗാസ
🔅🔅🔅▪️▪️▪️🔅🔅🔅

അല്‍ലാഹുവിന്‍റെ കഴിവുകളും സത്താഗുണങ്ങളും വേദജ്ഞാനാടിസ്ഥാനത്തില്‍ ഉള്‍കൊള്ളേണ്ടതാണ്. സ്ഥല കാല പരിമിതികളും  മാനദണ്ഡങ്ങളുമില്ലാതെ  എല്ലാം കാണുക, കേള്‍ക്കുക, അറിയുക, പ്രതികരിക്കുക എന്നിവ ദൈവത്തിന്‍റെ മാത്രം ഗുണങ്ങളാണ്. മനുഷര്‍ക്ക് ഇത്തരം കഴിവുകള്‍ ആരോപിക്കുന്നത് തികഞ്ഞ അജ്ഞത മാത്രമാണ്.

ആധുനിക കാലഘട്ടത്തിലും  സഹായതേട്ടം അഥവാ اَلْاِسْتِغَاثَۃُ (അല്‍ ഇസ്തിഗാസ:) മതവക്താക്കള്‍ക്കിടയില്‍ ഒരു തര്‍ക്കവിഷയമാണ്. ഖുര്‍ആനിക പരിപ്രേക്ഷ്യത്തില്‍ എന്താണ് ഈ സാങ്കേതിക പദം അര്‍ത്ഥമാക്കുന്നത് എന്ന് പഠനവിധേയമാക്കേണ്ടതുണ്ട്. ഒരാള്‍ തന്നേക്കാള്‍ കഴിവും ശേഷിയുമുള്ള മറ്റൊരാളോട് സഹായം അഭ്യര്‍ത്ഥിക്കുന്നതിനാണ് ഭാഷാപരമായി اَلْاِسْتِغَاثَۃُ (അല്‍ ഇസ്തിഗാസ) എന്ന് പറയുന്നത്. ദൈവത്തോടുള്ള സഹായ അഭ്യര്‍ത്ഥനയും സൃഷ്ടികളോടുള്ള സഹായതേട്ടവും രണ്ട് മാനങ്ങളാണെന്ന് പ്രാഥമികമായി ബോധ്യമാകേണ്ടതുണ്ട്. 
അല്‍ലാഹുവിനോട് സഹായ അഭ്യര്‍ത്ഥന നടത്തല്‍ അനിവാര്യമാണ്. ആ രീതിയിലുള്ള اَلْاِسْتِغَاثَۃُ മറ്റൊരു സൃഷ്ടിയോടും പാടില്ലാത്തതുമാണ്. 

ഖുര്‍ ആന്‍ രണ്ട് വിഭിന്ന രൂപങ്ങളില്‍ അഞ്ച് തവണ മാത്രമാണ്  غ-و-ث എന്ന ധാതുവില്‍ നിന്നും വരുന്ന പദങ്ങള്‍ വന്നിട്ടുള്ളത്. ഇവയില്‍ ഒരു സൂക്തവും കര്‍മ്മശാസ്ത്ര ബന്ധിതമായി പാരമ്പര്യ വിശ്വാസികള്‍ മനസിലാക്കിയ രീതിയില്‍ മരണപ്പെട്ടവരോടുള്ള സഹായാഭ്യര്‍ത്ഥനക്ക് തെളിവോ സൂചനയോ നല്‍കുന്നില്ല. എന്നാല്‍ ദൈവത്തോടുള്ള സഹായാഭ്യര്‍ത്ഥനക്കും ജീവിച്ചിരിക്കുന്നവര്‍ തമ്മിലുള്ള സഹായാര്‍ത്ഥനക്കും ഖുര്‍ ആന്‍ اَلْاِسْتِغَاثَۃُ (അല്‍ ഇസ്തിഗാസ) എന്ന പദപ്രയോഗത്തിലൂടെ സാക്ഷീകരിക്കുന്നുമുണ്ട്. 8/9 ,18/29 , 28/15 , 46/17  എന്നീ സൂക്തങ്ങളിലാണ് ഈ പദപ്രയോഗം ഉള്ളത്.
 പ്രതിരോധിക്കപ്പെടുമ്പോള്‍ ദൈവീക സഹായത്തിനായി വിശ്വാസികള്‍ പ്രാര്‍ത്ഥിച്ച സന്ദര്‍ഭമാണ് 8/9. 
▪️إِذْ تَسْتَغِيثُونَ رَبَّكُمْ فَٱسْتَجَابَ لَكُمْ أَنِّى مُمِدُّكُم بِأَلْفٍ مِّنَ ٱلْمَلَٰٓئِكَةِ مُرْدِفِينَ
നിങ്ങള്‍ നിങ്ങളുടെ നാഥനോട് സഹായം തേടിയ സന്ദര്‍ഭം, അപ്പോള്‍ അവന്‍ നിങ്ങള്‍ക്ക് മറുപടി ‎നല്‍കി “ആയിരം മലക്കുകളെ തുടരെത്തുടരെ നിയോഗിച്ച് ഞാന്‍ നിങ്ങളെ സഹായിക്കാ”മെന്ന്. ‎
8-Al-Anfal : 9

ഇവിടെ تَسْتَغِيثُونَ رَبَّكُمْ (നിങ്ങളുടെ നാഥനോട് സഹായം തേടിയപ്പോള്‍...) എന്നാണ് ഉള്ളത്.

പരലോകത്ത് അവിശ്വാസികളുടെ പതിതാവസ്ഥ വര്‍ണ്ണിക്കുന്ന 18/29 ല്‍ ഈ പദം രണ്ട് തവണ പ്രയോഗിച്ചിട്ടുണ്ട്. وَإِن يَسْتَغِيثُوا۟ يُغَاثُوا۟ بِمَآءٍ നരകത്തില്‍ നിന്ന്  ദാഹജലത്തിനായി കേഴുന്ന ദുരവസ്ഥയുടെ വര്‍ണ്ണന. കുടിവെള്ളത്തിനായി  ആരോടെന്നില്ലാതെയുള്ള യാചനയാണ് ചിത്രീകരിക്കുന്നത്. ഇതും മരണപ്പെട്ടവരെ വിളിച്ച് ഭൗതീക സൗഖ്യത്തിനായുള്ള അഭ്യര്‍ത്ഥനക്ക് തെളിവ് നല്‍കുന്നില്ല.
പരലോകത്തെക്കുറിച്ചുള്ള ബോധനം നിരസിച്ച് കൊണ്ട് അവിശ്വാസികള്‍ നടത്തുന്ന ജല്‍പനമാണ് അല്‍ അഹ്ഖാഫ് 17ാം  സൂക്തത്തിന്‍റെ പ്രമേയം. ഇവിടെയും അല്‍ലാഹുവോടാണ് സഹായ തേട്ടം ( يَسْتَغِيثَانِ ٱللَّهَ) നടത്തുന്നത്. അപകടങ്ങളിലകപ്പെട്ടവരെ സഹായിക്കുന്നതിന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതും മരണപ്പെട്ടവരേയും  ജിന്നുകളേയും കാഴ്ചയുടേയും കേള്‍വിയുടേയും പരിധിക്ക് അപ്പുറമുള്ളവരേയും വിളിച്ച് സഹായം അര്‍ത്ഥിക്കുന്നത് അവര്‍ക്ക് അന്യാദൃശമായ കഴിവുണ്ടെന്ന വികല വിശ്വാസത്തിലാകുമ്പോഴാണ് അത് പങ്ക് ചേര്‍ക്കലിന്‍റെ പരിധിയില്‍ വരുന്നത്.

മേല്‍ പരാമര്‍ശിച്ച സൂക്തങ്ങളില്‍ നിന്നും വിഭിന്നമായി മനുഷ്യര്‍ പരസ്പരം ഇഹലോകത്ത് സഹായത്തിന് ആവശ്യപ്പെടാമെന്നതിന് 28/15 സാക്ഷീകരിക്കുന്നു. അനിവാര്യ സാഹചര്യത്തില്‍ കാണും കേള്‍ക്കും കഴിയും എന്ന ബോധ്യത്തിന്‍റെ അടിസ്ഥാനത്തില്‍ ആ പരിധിയില്‍ വരുന്നവരോട് സഹായം തേടാമെന്നതിന് ഉദാഹരണമായി താഴെയുള്ള സൂക്തം തെളിവ് നല്‍കുന്നു. അതിനും ഖുര്‍ ആന്‍ ഉപയോഗിച്ചത് اِسْتِغَاثَۃُ എന്ന പദരൂപം തന്നെയാണ്.
▪️وَدَخَلَ ٱلْمَدِينَةَ عَلَىٰ حِينِ غَفْلَةٍ مِّنْ أَهْلِهَا فَوَجَدَ فِيهَا رَجُلَيْنِ يَقْتَتِلَانِ هَٰذَا مِن شِيعَتِهِۦ وَهَٰذَا مِنْ عَدُوِّهِۦ ۖ فَٱسْتَغَٰثَهُ ٱلَّذِى مِن شِيعَتِهِۦ عَلَى ٱلَّذِى مِنْ عَدُوِّهِۦ فَوَكَزَهُۥ مُوسَىٰ فَقَضَىٰ عَلَيْهِ ۖ قَالَ هَٰذَا مِنْ عَمَلِ ٱلشَّيْطَٰنِ ۖ إِنَّهُۥ عَدُوٌّ مُّضِلٌّ مُّبِينٌ
നഗരവാസികള്‍ അശ്രദ്ധരായിരിക്കെ മൂസ അവിടെ കടന്നുചെന്നു. അപ്പോള്‍ രണ്ടുപേര്‍ തമ്മില്‍ തല്ലുകൂടുന്നത് അദ്ദേഹം കണ്ടു. ഒരാള്‍ തന്റെ കക്ഷിയില്‍ പെട്ടവനാണ്. അപരന്‍ ശത്രുവിഭാഗത്തിലുള്ളവനും. തന്റെ കക്ഷിയില്‍ പെട്ടവന്‍ ശത്രുവിഭാഗത്തിലുള്ളവനെതിരെ മൂസായോട് സഹായം തേടി. അപ്പോള്‍ മൂസ അയാളെ ഇടിച്ചു. അതവന്റെ കഥ കഴിച്ചു. മൂസ പറഞ്ഞു: "ഇതു പിശാചിന്റെ ചെയ്തികളില്‍പെട്ടതാണ്. സംശയമില്ല; അവന്‍ പ്രത്യക്ഷ ശത്രുവാണ്. വഴിപിഴപ്പിക്കുന്നവനും."
28-Al-Qasas : 15

 ഇവിടെ പ്രവാചകന്‍ മൂസയോട് സഹചാരിയായ വ്യക്തിയാണ് സഹായം തേടുന്നതെന്ന്  فَٱسْتَغَٰثَهُ എന്ന പ്രയോഗത്തില്‍ നിന്നും സുവ്യക്തമാണ്. ഈ സഹായ അഭ്യര്‍ത്ഥനയും കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതമാവുകയാണെങ്കില്‍ വിഡ്ഢിത്തവും അജ്ഞതയുമായി പരിണമിക്കും. ആവശ്യക്കാരന്‍ വിളിച്ച് തേടുന്നവര്‍ക്ക് അഭൗതികവും അമാനുഷവുമായ കഴിവുകളുണ്ടെന്ന ധാരണയില്‍ ആകുമ്പോഴും അത് വിഡ്ഢിത്തമായി മാത്രമേ കരുതാന്‍ കഴിയൂ. കാരണം മരണപ്പെട്ടവരായാലും അല്ലെങ്കിലും അവര്‍ക്ക് ദൈവീക പരിവേഷം കല്‍പ്പിച്ച് വിശ്വസമര്‍പ്പിച്ച് വിളിക്കുമ്പോള്‍ മാത്രമാണ് അത് മൂഢവിശ്വാസമായ ദൈവത്തില്‍ പങ്ക് ചേര്‍ക്കുക എന്ന ഗുരുതരമായ അതിക്രമമെന്ന് വിവരിക്കപ്പെട്ട ശിര്‍ക്കിന്‍റെ ഗണത്തിലേക്ക് വരികയുള്ളൂ. അല്ലത്തിടത്തോളം ഇത്തരം വിളികളും പ്രാര്‍ത്ഥനകളും അജ്ഞതയില്‍ നിന്നും രൂപപ്പെടുന്ന വിഡ്ഢിത്തങ്ങള്‍ മാത്രമാണ്. 

മരണപ്പെട്ട വ്യക്തിക്ക് ജീവിച്ചിരിക്കുമ്പോള്‍ വിജ്ഞാനപരമായും കായികമായും അപാരമായ കഴിവുകള്‍  ഉണ്ടായിരുന്നാലും മരണത്തോടെ അവ അവസാനിക്കുന്നു. അവര്‍ക്ക് ജീവിച്ചിരിക്കുന്ന വ്യക്തികളെ ബാഹ്യമായി  സഹായിക്കാന്‍ സാധ്യമല്ല ,അവര്‍ നല്‍കിയ അറിവ് പ്രയോജനപ്പെടുത്താമെന്നല്ലാതെ. ഒരു പ്രവാചകരേയും അവരുടെ മരണശേഷം അനുചരന്മാര്‍, ഇത്തരം  ആവശ്യങ്ങള്‍ക്കായി, വിളിച്ചതായോ സഹായിച്ചതായോ  വേദം സാക്ഷീകരിക്കുന്നില്ല.

About Fasalullah Hussain

Quran

Research

Comments (0)

Leave a Reply

No comments yet. Be the first to share your thoughts!