Quran

അല്‍ ഫാതിഹ 14

Fasalullah Hussain
Published on June 13, 2026

അല്‍ ഫാത്വിഹ: 14
▫️🔅🔅▪️▫️▪️🔅🔅▫️

2️⃣ ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ٢۝

(നിഖിലസ്തുതിയും സര്‍വ്വലോകപരിപാലകനായ അല്‍ലാഹുവിനാണ്.)

ഖുര്‍ ആനികമായി സ്തുതിയെന്തെന്നും, സ്തുതിക്കപ്പെടാന്‍ അര്‍ഹനായ സാക്ഷാല്‍ ദൈവം ആരാണെന്നും, വ്യക്തമായിക്കാണും. സര്‍വ്വ ചരാചരങ്ങളുടെയും  ആധാരമായ പരിപോഷണം നല്‍കുന്നവനാണ് അവന്‍ رَبِّ ٱلْعَٰلَمِينَ.

ഇവിടെ വിധാതാവായ رَبّ ന്‍റെ വിശേഷണമാണ് ٱلْعَٰلَمِين എന്നത്. رَبِّ ٱلْعَٰلَمِينَ എന്നത്  ''സര്‍വ്വലോകരക്ഷിതാവ്'' എന്നാണ് സാധാരണയായി ഭാഷാന്തരം ചെയ്യപ്പെടുന്നത്. 

എന്താണ് ٱلْعَٰلَمِينَ എന്നതിന്‍റെ യഥാര്‍ത്ഥ വിവക്ഷ എന്നത് വിശകലനവിധേയമാക്കേണ്ടതുണ്ട്. ഖുര്‍ആന്‍ 854 തവണ പതിനാല് രൂപങ്ങളില്‍ ആവര്‍ത്തിച്ച പദരൂപമാണ് ع-ل-م എന്നത്. അതില്‍ എഴുപത്തിമൂന്ന് തവണയാണ് عَٰلَم എന്ന് പ്രയോഗിച്ചിട്ടുള്ളത്. ഇതിന്‍റെ ബഹുവചനരൂപമാണ് عَٰلَمِين എന്നത്. 
ഖുര്‍ ആന്‍ ഈ പദം അറിവിന്‍റെ അഥവാ ജ്ഞാനത്തിന്‍റെ വൈവിധ്യമാര്‍ന്ന തലങ്ങളെ സൂചിപ്പിക്കാനും ബോധ്യമാക്കാനും ഉപയോഗിക്കുന്നു. 

സര്‍വ്വജ്ഞന്‍ അല്‍ലാഹു മാത്രമാണ്. അതിനാല്‍ അല്‍ലാഹുവിന്‍റെ സത്താഗുണങ്ങളില്‍ عَالِمٌ (ആലിം)അല്ലെങ്കിൽ عَلِیْمٌ (അലീം) എന്ന് വന്നിട്ടുണ്ട്.

ഭാഷാപരമായി عِلْمٌ (ഇല്‍മ്) അറിവ് അഥവാ ജ്ഞാനം എന്നത്  ബോധത്തെക്കാൾ ഉന്നതമാണ്. അതുകൊണ്ടാണ് ഈ വാക്ക് അല്ലാഹുവിനെക്കുറിച്ചുള്ള അറിവിന് ഉപയോഗിക്കുന്നത്. 
മറ്റ് വിഷയങ്ങള്‍ മനസ്സിലാക്കാനോ അവബോധമുണ്ടാക്കാനോ അല്ല.
എല്ലാ ജീവജാലങ്ങള്‍ക്കും അറിവും തിരിച്ചറിവും ഉണ്ടായിരിക്കും. അത് ഗ്രഹിക്കുവാനുള്ള കഴിവ് പരിമിതമായിരിക്കും. 
മനുഷ്യരിലും ഓരോവ്യക്തിക്കും ജന്മസിദ്ധമായ ആര്‍ജ്ജിതമായ അറിവും വ്യത്യസ്തവും വൈവിധ്യപൂര്‍ണ്ണവും ആയിരിക്കും. അറിവിന്‍റെ മേഖലകളും ശാഖകളും വൈപുല്യമുള്ളതാണ്. 
ദൈവീക ജ്ഞാനം സൂഷ്മവും സ്ഥൂലവുമായി എല്ലാവസ്തുക്കളിലും ചൂഴ്ന്ന് നില്‍ക്കുന്നു . എന്നാല്‍ അറിവില്‍ സൃഷ്ടികള്‍ക്ക് വിശിഷ്യാ മനുഷ്യര്‍ക്ക് അല്‍പം മാത്രമേ ഉപലബ്ധമായിട്ടുള്ളൂ.وَمَآ أُوتِيتُم مِّنَ ٱلْعِلْمِ إِلَّا قَلِيلًا (വിജ്ഞാനത്തില്‍നിന്ന് വളരെ കുറച്ചേ നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ളൂ.17 : 85)
പ്രകൃതിയിലുള്ള ഓരോ വസ്തുക്കളും വസ്തുതകളും ബൃഹത്തായ ഓരോ വിജ്ഞാന ശാഖകളാണ്. അത് അറിവിന്‍റെ (ശാസ്ത്രാവബോധത്തിന്‍റെ)വളര്‍ച്ചക്ക് അനുഗുണമായി വികസിച്ചുകൊണ്ടേയിരിക്കുന്നു. അത് സ്വാംശീകരിച്ച് നിര്‍മ്മാണാത്മകമായി  പ്രാവര്‍ത്തികമാക്കുക എന്നതാണ് മനുഷ്യധര്‍മ്മം. 
ഈ വിജ്ഞാന ലോകത്തിന്‍റെ അത് ഭൗതീകമോ അഭൗതികമോ ആത്മീയമോ എന്തുമാകട്ടെ അതിന്‍റെ  മുഴുവന്‍ അറിവിന്‍റെയും ഉടമ അല്‍ലാഹു മാത്രമാണ്.
അതിനാല്‍ ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ (സര്‍വ്വ സ്തുതിയും സര്‍വ്വവിജ്ഞാനലോകത്തിന്‍റെ അധിപന് മാത്രമാണ്.

About Fasalullah Hussain

Quran

Research

Comments (0)

Leave a Reply

No comments yet. Be the first to share your thoughts!