അല്‍ ഫാതിഹ 17
അല്‍ ഫാത്വിഹ: 17
▪️🔅🔅🔅▪️🔅🔅🔅▪️
4️⃣ مَٰلِكِ يَوْمِ ٱلدِّينِ ٤
(ആത്യന്തിക ഘട്ടത്തിന്‍റെ അധിപന്‍)
അല്‍ ഫാത്വിഹയിലെ നാലാം സൂക്തത്തിന്‍റെ സാരം പ്രതിഫലദിനത്തിന്‍റെ അധിപന്‍ എന്നാണ്. അല്‍ലാഹുവിന്‍റെ ആധിപത്യം സൂക്ഷ്മതയിലും സമഗ്രതയിലും പരിപൂര്‍ണ്ണമാണ്. ഇവിടെ ആധിപത്യം ഒരു പ്രത്യേക വിഷയത്തില്‍ കേന്ദ്രീകൃതമായി പ്രസ്താവിച്ചതായാണ് മനസിലാകുന്നത്. മനുഷ്യന്‍റെ ഇഹലോകത്തെ കര്‍മ്മങ്ങള്‍ക്ക് നീതിയുക്തമായി പ്രതിഫലം ലഭ്യമാകുന്ന ദിനമാണ് അത് (يَوْمِ ٱلدِّينِ). അതാണ് മനുഷ്യജന്മത്തിന്‍റെ ആത്യന്തിക പരിണിതി നിര്‍ണ്ണയിക്കപ്പെടുന്ന ഘട്ടം. അത് വേദബോധ്യത്തില്‍ രൂപപ്പെടുന്നതുമാണ്.
ഖുര്‍ ആനികമായി എന്താണ് یَوْم ?. ദിവസം അല്ലെങ്കില്‍ സൂര്യോദയം മുതൽ സൂര്യാസ്തമയം വരെയുള്ള സമയം എന്ന നിലയിലാണ് ഭാഷാപരമായി یَوْم എന്ന പദത്തിന്‍റെ പ്രഥമിക അര്‍ത്ഥകല്‍പന.
ഈ പദം ഒരു നിശ്ചിത സമയത്തെയോ കാലഘട്ടത്തെയോ അർത്ഥമാക്കാനും ഉപയോഗിക്കുന്നു. പകലെന്നോ,രാത്രിയെന്നോ, രാവിലെയെന്നോ, ഉച്ചയെന്നോ, വൈകുന്നേരമെന്നോ അതിൽ വ്യത്യാസമില്ല. ഖുര്‍ ആനില്‍ അതിന് ഒരു വർഷം, ഒരു നൂറ്റാണ്ട്, ആയിരം വർഷം അല്ലെങ്കിൽ അമ്പതിനായിരം വർഷം എന്നൊക്കെ അര്‍ത്ഥകല്‍പന നടത്തിയതായി കാണാം
ഇതിന്‍റെ മൂലപദം ی-و-م എന്നാണ്. ഇതില്‍ നിന്നും നിഷ്പന്നമായ 405 പദങ്ങള്‍ ഖുര്‍ ആനിലുണ്ട്. یَوْم എന്നതിന്റെ ബഹുവചനം اَیَّام
എന്നാണ്. ഖുര്‍ആനികമായി വന്ന ദിനങ്ങള്‍ ആശയാര്‍ത്ഥ തലത്തില്‍ വിശകലനത്തിന് വിധേയമാക്കേണ്ടതാണ്. ഇവിടെ ഒരു പാട് അര്‍ത്ഥവ്യാപ്തിയുള്ള വിശകലനം അനിവാര്യമായ മറ്റൊരു പദമായ ٱلدِّين എന്നതാണ് വിശേഷണം. یَوْم എന്നത് പരലോകബന്ധിതമായിട്ടാണ് ഭൂരിപക്ഷം സൂക്തങ്ങളിലും വന്നിട്ടുള്ളത്.
മനുഷ്യന്‍റെ കര്‍മ്മഫലം ആത്യന്തികമായി വിലയിരുത്തപ്പെടുന്ന ,വിശ്വാസിയേയും അവിശ്വാസിയേയും കപടവിശ്വാസിയേയും വേര്‍തിരിക്കപ്പെടുന്ന ദിവസമാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന یَوْم ന്‍റെ ഒരുതലം. ആ ഒരു ദിവസം നിര്‍ഭയത്വത്തോടും സുരക്ഷിത ബോധത്തോടും നമുക്ക് അഭിമുഖീകരിക്കണമെങ്കില്‍ വിശ്വാസം വേദാധിഷ്ഠിതമായിരിക്കണം.
കാലഘട്ടങ്ങൾ എന്ന അര്‍ത്ഥത്തില്‍ یَوْم ഉപയോഗിച്ചിട്ടുണ്ട്. മനുഷ്യന്റെ കണക്കുകൂട്ടലുകൾ പ്രകാരം ഇതിന് ആയിരം വർഷം ദൈർഘ്യമുണ്ടാകാം.
▪️يُدَبِّرُ ٱلْأَمْرَ مِنَ ٱلسَّمَآءِ إِلَى ٱلْأَرْضِ ثُمَّ يَعْرُجُ إِلَيْهِ فِى يَوْمٍ كَانَ مِقْدَارُهُۥٓ أَلْفَ سَنَةٍ مِّمَّا تَعُدُّونَ
ആകാശം മുതല്‍ ഭൂമിവരെയുള്ള സകല സംഗതികളെയും അവന്‍ നിയന്ത്രിക്കുന്നു. പിന്നീട് ഒരുനാള്‍ ഇക്കാര്യം അവങ്കലേക്കുയര്‍ന്നുപോകുന്നു. നിങ്ങള്‍ എണ്ണുന്ന ഒരായിരം കൊല്ലത്തിന്റെ ദൈര്‍ഘ്യമുണ്ട് ആ നാളിന്. 32-As-Sajda : 5
വ്യക്തമായും ഇവിടെ یَوْم എന്നാൽ ഒരു കാലഘട്ടം അല്ലെങ്കിൽ യുഗം അല്ലെങ്കിൽ പരിണാമ കാലം എന്നാണ് അർത്ഥമാക്കുന്നത്.
മറ്റൊരു സൂക്തം കാണുക.
▪️تَعْرُجُ ٱلْمَلَٰٓئِكَةُ وَٱلرُّوحُ إِلَيْهِ فِى يَوْمٍ كَانَ مِقْدَارُهُۥ خَمْسِينَ أَلْفَ سَنَةٍ
മലക്കുകളും പരിശുദ്ധാത്മാവും അവന്റെ സന്നിധിയിലേക്ക് കയറിപ്പോകുന്നു. അമ്പതിനായിരം കൊല്ലം ദൈര്‍ഘ്യമുള്ള ഒരു ദിനത്തില്‍. 70-Al-Maarij : 4
ഈ പരിണാമ കാലഘട്ടങ്ങൾ എത്രത്തോളം നീണ്ടുനിൽക്കുമെന്ന് സാക്ഷ്യപ്പെടുത്താൻ പരിണാമത്തെക്കുറിച്ചുള്ള ഗവേഷകർക്ക് വേദപശ്ചാത്തലത്തില്‍ കൂടുതൽ സാധ്യതയുണ്ട്.
അതിനാൽ, ഖുർആനിൽ یَوْم എന്ന പദം ഉപയോഗിക്കുന്നിടത്തെല്ലാം അത് 24 മണിക്കൂർ ദൈർഘ്യമുള്ള ഒരു ദിവസം എന്നല്ല അർത്ഥമാക്കുന്നത് എന്ന് മനസിലാക്കുക.
(ദൈവാധീനത്താല്‍ തുടരും)
Comments (0)
Leave a Reply
No comments yet. Be the first to share your thoughts!