അല്‍ ഫാതിഹ 18
അല്‍ ഫാതിഹ: 18
▪️🔅🔅🔅▪️🔅🔅🔅▪️
4️⃣ مَٰلِكِ يَوْمِ ٱلدِّينِ ٤
(ആത്യന്തിക ഘട്ടത്തിന്‍റെ അധിപന്‍)
ഖുര്‍ ആന്‍ يَوْمِ ٱلدِّين
എന്ന പ്രയോഗത്തെ നിരവധി പേരുകളില്‍ വിശദീകരിച്ചതായി കാണാം. ٱلدِّينِ എന്താണെന്ന വിശകലനത്തിന് ശേഷമേ യഥാര്‍ത്ഥത്തിലുള്ള വേദസൂക്തസാരം ബോധ്യമാവുകയുള്ളൂ. പാരമ്പര്യമായി പാരത്രിക വിചാരണാവേളയെന്ന് പരിമിതപ്പെട്ടുപോയ സൂക്തത്തിന്‍റെ വിശാല വീക്ഷണം കൂടി ഉള്‍കൊള്ളേണ്ടതാണ്. പരിമിതാര്‍ത്ഥ പ്രകാരം يَوْمُ എന്ന പദത്തോടൊപ്പം ഏറ്റവും കൂടുതല്‍ ആവര്‍ത്തിതമായത് يَوْمُ ٱلْقِيَٰمَةِ (ഉയിര്‍പ്പ് ദിനം) എന്നതാണ്.ഏകദേശം എഴുപത് തവണയാണ് ഈ പ്രയോഗം ഖുര്‍ആനിലുള്ളത്. ق-و-م യുടെ രൂപമാണ് ഇത്. നിവര്‍ന്ന് നില്‍ക്കുക എന്നതാണ് അടിസ്ഥാന ആശയം. ഇഹലോകത്തും പരലോകത്തും വിശ്വാസികള്‍ക്ക് മാത്രമാണ് ആര്‍ജ്ജവത്തോടെയും നിര്‍ഭയത്വത്തോടെയും നിവര്‍ന്ന് നില്‍ക്കാന്‍ സാധിക്കുക. പരലോകത്ത് എല്ലാവരെയും അല്‍ലാഹു ഒരുനാള്‍ ഒരുമിച്ച് ചേര്‍ത്ത് നിര്‍ത്തുമെന്ന ആശയമാണ് يَوْمُ ٱلْقِيَٰمَةِ യില്‍ നിക്ഷിപ്തമായിരിക്കുന്നത്. അതേ താല്‍പര്യമാണ് ٱلْيَوْمِ ٱلْءَاخِرِ കൊണ്ടും വേദം ലക്ഷ്യമിടുന്നത്. ഏകദേശം 26 തവണ ഈ പ്രയോഗം കാണാം.
അന്ത്യനാളിന്റെ മറ്റൊരു ചിത്രീകരണം 2/48,123 തുടങ്ങിയ സൂക്തങ്ങളില്‍ നിന്നും ബോധ്യമാകും.
▪️وَٱتَّقُوا۟ يَوْمًا لَّا تَجْزِى نَفْسٌ عَن نَّفْسٍ شَيْـًٔا وَلَا يُقْبَلُ مِنْهَا شَفَٰعَةٌ وَلَا يُؤْخَذُ مِنْهَا عَدْلٌ وَلَا هُمْ يُنصَرُونَ
ആര്‍ക്കും ആരെയും സഹായിക്കാനാവാത്ത; ആരില്‍നിന്നും ശിപാര്‍ശയോ മോചനദ്രവ്യമോ സ്വീകരിക്കാത്ത; കുറ്റവാളികള്‍ക്ക് ഒരുവിധ സഹായവും ലഭിക്കാത്ത ആ ദിന ത്തെ കരുതിയിരിക്കുക. 2-Al-Baqara : 48
ഇത് ഒരു ദിവസമാണോ കാലമാണോ എന്ന് തര്‍ക്കിക്കുന്നതിനപ്പുറം അല്‍ലാഹുവിന്‍റെ കഴിവുകള്‍ ഉള്‍കൊണ്ടവര്‍ ഇത് നിമിഷാര്‍ദ്ധം കൊണ്ട് ക്ഷിപ്രസാധ്യമാകുന്ന വിഷയമാണെന്ന് ബോധ്യമുണ്ടാകും. അത് 'കാഹളം മുഴക്കപ്പെടുന്ന' ദിനമാണെന്നത് മറ്റൊരു വിശേഷണമാണ്.
▪️يَوْمَ يُنفَخُ فِى ٱلصُّورِ فَتَأْتُونَ أَفْوَاجًا
കാഹളം ഊതുന്ന ദിനമാണത്. അപ്പോള്‍ നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തും. 78-An-Naba : 18
പത്ത് തവണ نُفِخَ فِى ٱلصُّورِ എന്ന രീതിയില്‍ ആവര്‍ത്തിച്ച് വന്നതായികാണാം. ഈ സൂക്തശകലത്തിലെ ٱلصُّورِ(അസ്സൂര്‍) എന്നതിനാണ് കാഹളം എന്ന് ഭാഷാന്തരം ചെയ്തിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ ص-و-ر എന്ന മൂലപദത്തില്‍ നിന്നും നിഷ്പന്നമായ പത്തൊമ്പത് പദങ്ങളില്‍ ഒമ്പതും ആകാരം,രൂപം തുടങ്ങിയ പ്രാഥമിക അര്‍ത്ഥത്തിലാണ് വന്നിട്ടുള്ളത്. അല്‍ലാഹുവിന്‍റെ സത്താഗുണങ്ങളില്‍ പ്രധാനമായതാണ് 59: 24 ല്‍ വന്നിട്ടുള്ള ٱلْمُصَوِّرُ (അല്‍ മുസവ്വിര്‍) ആകാരസൗഷ്ഠവം നല്‍കുന്നവന്‍ എന്നത്.
അതുകൊണ്ട് തന്നെ يُنفَخُ فِى ٱلصُّورِ എന്ന പ്രയോഗത്തിന്‍റെ സാക്ഷാല്‍ വിവക്ഷ സൃഷ്ടികളുടെ ശരീരത്തിലേക്ക് ദൈവം വീണ്ടും ആത്മാവിനെ സന്നിവേശിപ്പിച്ച് പുനരുജ്ജീവിപ്പിക്കുന്ന ദിനമാണ് ഇതെന്നു തന്നെയാണ്. അതിനാല്‍ ആലങ്കാരികമായി മാത്രം കാഹളത്തില്‍ ഊതുക എന്ന പ്രയോഗത്തെ മനസിലാക്കിയാല്‍ മതി.
ആ ദിവസമാണ് യാഥാര്‍ത്ഥ്യത്തിന്‍റെ അഥവാ പരമസത്യത്തിന്‍റെ ദിനം.
▪️ ذَٰلِكَ ٱلْيَوْمُ ٱلْحَقُّ ۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ مَـَٔابًا
അതത്രെ സത്യദിനം. അതിനാല്‍ ഇഷ്ടമുള്ളവന്‍ തന്റെ നാഥങ്കലേക്ക് മടങ്ങാനുള്ള മാര്‍ഗമവലംബിക്കട്ടെ.
78-An-Naba : 39
ആത്യന്തിക സത്യം (ٱلْحَقُّ) വേദമാണ്. വേദവാക്യങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നിഷേധികള്‍ക്ക് ബോധ്യമാകുന്ന ദിവസം കൂടിയാണത്.
(ദൈവാധീനത്താല്‍ തുടരും)
Comments (0)
Leave a Reply
No comments yet. Be the first to share your thoughts!