അല്‍ ഫാതിഹ 19
അല്‍ ഫാതിഹ: 19
▪️🔅🔅🔅▪️🔅🔅🔅▪️
4️⃣ مَٰلِكِ يَوْمِ ٱلدِّينِ ٤
(ആത്യന്തിക ഘട്ടത്തിന്‍റെ അധിപന്‍)
ഖുര്‍ ആനികമായി يَوْمِ ٱلدِّين എന്നതിന് ഇരുപതില്‍ പരം പര്യായങ്ങള്‍ കാണാം. വിഷയം പഠനവിധേയമാക്കിയാല്‍ ഭൂരിഭാഗവും അവിശ്വാസികളുടെ പര്യവസാനത്തെ സൂചിപ്പിക്കുന്നതിനാണ് വേദം ഉപയോഗിച്ചിട്ടുള്ളത്. അത് സത്യവിശ്വാസികള്‍ക്ക് സമാശ്വാസമേകുന്നതിനും കൂടിയാണ്. ഈ അന്ത്യ കാലഘട്ടം എന്നത് പ്രപഞ്ചത്തിന്‍റെ നാശം മുതല്‍ ആരംഭിക്കുന്നതും അന്ത്യമില്ലാതെ തുടരുന്നതുമായ കാലമാണ്. ഖഗോളങ്ങളുടെ സന്തുലിതാവസ്ഥക്ക് ഭംഗം നേരിടുമ്പോഴാണ് ആഘര്‍ഷണവലയം തകര്‍ന്ന് പ്രപഞ്ചത്തിന്‍റെ വിനാശം സംഭവിക്കുക.
സത്യവിശ്വാസികളുടെ വിജയദിനവും يَوْمَ ٱلْفَتْحِ വിജയകവാടം തുറക്കപ്പെടുകയും ആത്യന്തിക തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുകയും ചെയ്യുന്ന കാലം അതായിരിക്കും.
അതിനെ വിചാരണാ ദിനമായും വിശേഷിപ്പിച്ചതായി കാണാം. .കണക്കുകള്‍ പരിശോധിക്കപ്പെടുകയും (يَوْمِ ٱلْحِسَابِ) സത്യാസത്യങ്ങള്‍ വേര്‍തിരിക്കപ്പെടുകയും ചെയ്യുന്ന (يَوْمَ ٱلْفُرْقَانِ) ദിവസം. അന്ന് നിലപാടുകള്‍ വിശദീകരിക്കാനോ വാദമുഖങ്ങള്‍ നിരത്തി വിഷയങ്ങള്‍ സ്ഥാപിക്കാന്‍ പ്രയാസപ്പെടേണ്ടതോ ആവശ്യമില്ല.
▪️ٱلْيَوْمَ نَخْتِمُ عَلَىٰٓ أَفْوَٰهِهِمْ وَتُكَلِّمُنَآ أَيْدِيهِمْ وَتَشْهَدُ أَرْجُلُهُم بِمَا كَانُوا۟ يَكْسِبُونَ
അന്ന് നാമവരുടെ വായ അടച്ചു മുദ്രവെക്കും. അവരുടെ കൈകള്‍ നമ്മോടു സംസാരിക്കും. കാലുകള്‍ സാക്ഷ്യംവഹിക്കും- അവര്‍ ചെയ്തുകൊണ്ടിരുന്നതെന്താണെന്നതിന്.
ഇതത്രെ വിചാരണനാളിന്‍റെ രൂപം. അവിടെ അന്ന് ശുപാര്‍ശകര്‍ ഉണ്ടാകില്ല.
▪️وَٱتَّقُوا۟ يَوْمًا لَّا تَجْزِى نَفْسٌ عَن نَّفْسٍ شَيْـًٔا وَلَا يُقْبَلُ مِنْهَا شَفَٰعَةٌ وَلَا يُؤْخَذُ مِنْهَا عَدْلٌ وَلَا هُمْ يُنصَرُونَ
ആര്‍ക്കും ആരെയും സഹായിക്കാനാവാത്ത; ആരില്‍നിന്നും ശിപാര്‍ശയോ മോചനദ്രവ്യമോ സ്വീകരിക്കാത്ത; കുറ്റവാളികള്‍ക്ക് ഒരുവിധ സഹായവും ലഭിക്കാത്ത ആ ദിന ത്തെ കരുതിയിരിക്കുക. 2-Al-Baqara : 48
ആ ദിനത്തിന്‍റെ മറ്റൊരു നാമം يَوْمٌ مَّشْهُودٌ (എല്ലാറ്റിനും സാക്ഷ്യമുണ്ടാകുന്ന ദിനമാണത്.11-Hud : 103) എന്നാണ്. അവനവന്‍ ചെയ്ത കര്‍മ്മങ്ങളുടെ ഫലം മാത്രം ലഭ്യമാകുന്ന ദിവസം. കര്‍മ്മങ്ങളെ നേരില്‍ കാണപ്പെടുന്ന ,ദൈവത്തിന്‍റെ സംവിധാനങ്ങള്‍ ബോധ്യമാകുന്ന يَوْمَ ٱلتَّلَاق ( കൂടിക്കാഴ്ചയുടെ നാളിനെ) കുറിച്ചാണ് വേദം മുന്നറിയിപ്പ് നല്‍കുന്നത്.
▪️وَأَنذِرْهُمْ يَوْمَ ٱلْءَازِفَةِ إِذِ ٱلْقُلُوبُ لَدَى ٱلْحَنَاجِرِ كَٰظِمِينَ ۚ مَا لِلظَّٰلِمِينَ مِنْ حَمِيمٍ وَلَا شَفِيعٍ يُطَاعُ
അടുത്തെത്തിക്കഴിഞ്ഞ ആ നാളിനെപ്പറ്റി നീ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുക. ഹൃദയങ്ങള്‍ തൊണ്ടക്കുഴികളിലേക്കുയര്‍ന്നുവരികയും ജനം കൊടിയ ദുഃഖിതരാവുകയും ചെയ്യുന്ന സന്ദര്‍ഭമാണത്. അക്രമികള്‍ക്ക് അന്ന് ആത്മ മിത്രമോ സ്വീകാര്യനായ ശിപാര്‍ശകനോ ഉണ്ടാവുകയില്ല.
40-Ghafir : 18
ഭൂമിയിലെ ചുരുങ്ങിയ കാലം മാനുഷികമൂല്യങ്ങള്‍ നിലനിര്‍ത്താനും സംസ്ഥാപിക്കാനും പ്രവര്‍ത്തിച്ചവര്‍ക്ക് ദുഖിക്കേണ്ടതായി വരില്ല. അവര്‍ക്കാണ് അല്‍ലാഹു സ്വര്‍ഗ്ഗീയാവസ്ഥ സംജാതമാക്കുക.
മറ്റൊരു ഖുര്‍ ആനിക വിശേഷണം കാണുക .
▪️يَوْمَ يَجْمَعُكُمْ لِيَوْمِ ٱلْجَمْعِ ۖ ذَٰلِكَ يَوْمُ ٱلتَّغَابُنِ ۗ وَمَن يُؤْمِنۢ بِٱللَّهِ وَيَعْمَلْ صَٰلِحًا يُكَفِّرْ عَنْهُ سَيِّـَٔاتِهِۦ وَيُدْخِلْهُ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَآ أَبَدًا ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ
ആ മഹാസംഗമ ദിവസം അല്ലാഹു നിങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടുമ്പോള്‍; ഓര്‍ക്കുക, അതത്രെ ലാഭചേതങ്ങളുടെ ദിവസം. അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവന്റെ പാപങ്ങള്‍ അല്ലാഹു മായ്ച്ചു കളയും. താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികളായിരിക്കും. അതാണ് അതിമഹത്തായ വിജയം. 64 / 9
ഇതില്‍ രണ്ട് രീതിയില്‍ അന്ത്യദിനത്തെ വിശേഷിപ്പിച്ചിരിക്കുന്നതായി കാണാം 1). يَوْمِ ٱلْجَمْعِ ۖസമ്മേളന ദിനം അഥവാ സകലജനങ്ങളേയും ഒരുമിച്ച് ചേര്‍ക്കപ്പെടുന്ന ദിവസം. ഈ ദിവസത്തെ തന്നെയാണ് يَوْمُ ٱلتَّغَابُنِ (ലാഭനഷ്ടങ്ങളുടെ അല്ലെങ്കില്‍ വ്യവഹാര ദിനം) എന്നും പറയുന്നത്. ഐഹികജീവിതത്തിലെ കര്‍മ്മ മണ്ഡലത്തിലെ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് ആത്യന്തിക വിധിപറയുന്ന ദിനം. സല്‍കര്‍മ്മങ്ങള്‍ക്ക് ലാഭവും ദുഷ്കര്‍മ്മങ്ങള്‍ക്ക് നഷ്ടവും വിധിക്കുന്ന ദിവസം എന്ന് സാരം.
നാഥാ നീ ഞങ്ങളെ വിജയികളോടൊപ്പം ചേര്‍ക്കേണമേ...
(ദൈവാധീനത്താല്‍ തുടരും)
Comments (0)
Leave a Reply
No comments yet. Be the first to share your thoughts!