Quran

അല്‍ ഫാതിഹ 21

Fasalullah Hussain
Published on June 13, 2026

അല്‍ ഫാതിഹ 21
🔅▪️▪️🔅▪️🔅▪️▪️🔅

4️⃣ مَٰلِكِ يَوْمِ ٱلدِّينِ ٤۝
(ആത്യന്തിക ഘട്ടത്തിന്‍റെ അധിപന്‍.)

ആത്യന്തിക പര്യവസാന നാളിനെ, ഖുര്‍ആന്‍, പലനാമങ്ങളിലും വിശേഷണങ്ങളിലും ബോധ്യപ്പെടുത്തുന്നതായി കാണാം.
അതില്‍ ഉള്‍പ്പെട്ട ഒരു വിശേഷണമാണ് ٱلسَّاعَةُ.സമയം, കാലം,  എന്നീ ഉദ്ദേശ്യാര്‍ത്ഥത്തില്‍ ഖുര്‍ ആന്‍ പ്രയോഗിച്ച പദമാണ് ഇത്.49 തവണ രണ്ട് രൂപങ്ങളില്‍ വന്നിട്ടുണ്ടെങ്കിലും 48 തവണയും അന്ത്യസമയത്തെ സൂചിപ്പിക്കാനാണ് വന്നിട്ടുള്ളത്. س-و-ع ആണ് മൂലപദം. പതനവും നാശവുമാണ് പദാര്‍ത്ഥം.പ്രത്യേകവിശകലനം അനിവാര്യമായതിനാല്‍ദൈവാധീനത്താല്‍  പിന്നീട് ആകാം.
 ▪️وَيَوْمَ تَقُومُ ٱلسَّاعَةُ يَوْمَئِذٍ يَتَفَرَّقُونَ
അന്ത്യസമയം വന്നെത്തുംനാളില്‍ അവര്‍ പല വിഭാഗങ്ങളായി പിരിയും. 30-Ar-Rum : 14

മറ്റൊരു വിശേഷണം يَوْمُ ٱلْبَعْثِ എന്നതാണ്. വിശ്വാസികളുടെ പ്രാര്‍ത്ഥനാ രൂപം ഇപ്രകാരമായിരിക്കണമെന്ന സൂചന നല്‍കുന്നതാണ് താഴെയുള്ള സൂക്തം.
▪️وَلَا تُخْزِنِى يَوْمَ يُبْعَثُونَ
"ജനം ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നാളില്‍ നീയെന്നെ അപമാനിതനാക്കരുതേ. 26-Ash-Shu'ara : 87
ഭൂമില്‍ ലയിച്ചുചേര്‍ന്ന ശരീരവും ഉന്നതങ്ങളില്‍ വിലയം പ്രാപിച്ച ആത്മാവും ദൈവസന്നിധിയിലേക്ക് പുറപ്പെട്ടുവരുന്ന കാലമാണ് يَوْمُ ٱلْخُرُوجِ.
▪️ يَوْمَ يَسْمَعُونَ ٱلصَّيْحَةَ بِٱلْحَقِّ ۚ ذَٰلِكَ يَوْمُ ٱلْخُرُوجِ
ആ ഘോരനാദം ഒരു യാഥാര്‍ഥ്യമായി അവര്‍ കേട്ടനുഭവിക്കും ദിനം. അത് പുറപ്പാടിന്റെ ദിനമത്രെ 50-Qaf : 42
 ആത്യന്തിക പരിണിതിയുടെ വേളയെ പരിചയപ്പെടുത്തുന്ന വേറൊരു പ്രയോഗമാണ് يَوْمَ ٱلْحَسْرَةِ.
▪️ وَأَنذِرْهُمْ يَوْمَ ٱلْحَسْرَةِ إِذْ قُضِىَ ٱلْأَمْرُ وَهُمْ فِى غَفْلَةٍ وَهُمْ لَا يُؤْمِنُونَ
തീരാ ദുഃഖത്തിന്റെ ആ ദുര്‍ ദിനത്തെപ്പറ്റി അവര്‍ക്ക് മുന്നറിയിപ്പു നല്‍കുക. കാര്യം അന്തിമമായി തീരുമാനിക്കപ്പെടുന്ന ദിനമാണത്. എന്നാല്‍ അവര്‍ അതേക്കുറിച്ച് തീര്‍ത്തും അശ്രദ്ധയിലാണ്. അവര്‍ വിശ്വസിക്കുന്നുമില്ല. 19-Maryam : 39
 
അന്ത്യനാളായ يَوْمِ ٱلدِّين പര്യായമായി يَوْمُ ٱلْخُلُودِ (ശാശ്വതനാള്‍)يَوْمِ ٱلْحِسَابِ (കണക്കെടുപ്പിന്‍റെ കാലം), يَوْمُ ٱلْوَعِيدِ (മുന്നറിയിപ്പിന്‍റെയും താക്കീതിന്‍റെയും പരിണിതിഘട്ടം)  എന്നിങ്ങനെയും കാണാം. ഇതിന്‍റെ മറ്റൊരു  പ്രയോഗമാണ് يَوْمٍ عَاصِفٍ (കൊടുങ്കാറ്റിന്‍റെ ദിനം). അതിന്‍റെ  വ്യക്തത ബോധ്യമാക്കുന്നത് കാണുക,
▪️مَّثَلُ ٱلَّذِينَ كَفَرُوا۟ بِرَبِّهِمْ ۖ أَعْمَٰلُهُمْ كَرَمَادٍ ٱشْتَدَّتْ بِهِ ٱلرِّيحُ فِى يَوْمٍ عَاصِفٍ ۖ لَّا يَقْدِرُونَ مِمَّا كَسَبُوا۟ عَلَىٰ شَىْءٍ ۚ ذَٰلِكَ هُوَ ٱلضَّلَٰلُ ٱلْبَعِيدُ
തങ്ങളുടെ നാഥനെ കള്ളമാക്കിത്തള്ളിയവരുടെ ഉദാഹരണമിതാ: അവരുടെ പ്രവര്‍ത്തനങ്ങള്‍, കൊടുങ്കാറ്റുള്ള നാളില്‍ കാറ്റടിച്ചു പാറിപ്പോയ വെണ്ണീറുപോലെയാണ്. അവര്‍ നേടിയതൊന്നും അവര്‍ക്ക് ഉപകരിക്കുകയില്ല. ഇതുതന്നെയാണ് അതിരുകളില്ലാത്ത മാര്‍ഗഭ്രംശം.
14-Ibrahim : 18

ആ കാലഘട്ടം അതിജീവിക്കാന്‍  അവിശ്വാസികളെ സംബന്ധിച്ച് വളരെ പ്രയാസവും ക്ലേശവും നിറഞ്ഞതായിരിക്കും. അതിനാല്‍ അതിനെ يَوْمٌ عَسِيرٌ (ക്ലേശഘട്ടം) എന്നും വേദം നാമകരണം ചെയ്തതായി കാണാം.
ആ ദിനം ശിക്ഷയുടെ കാഠിന്യം ഭയന്ന്  മോചനത്തിനായി അലക്ഷ്യമായി,വിഭ്രാന്തമായി, അലമുറയിട്ട് കരഞ്ഞുപോകുന്നതിനാല്‍ ആ 'ദുര്‍ദിന'ത്തെ يَوْمَ ٱلتَّنَادِ എന്നും പരിചയപ്പെടുത്തുന്നു. 

ഇതെല്ലാം മനുഷ്യന് വേദവും ദൂതനും വരികയും അവ തമസ്കരിക്കുകയും ചെയ്തവര്‍ക്കുള്ള മുന്നറിയിപ്പാണ്. സനാതനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഏകദൈവസിദ്ധാന്തത്തില്‍ ജീവിക്കുന്നതിനും സംസ്കാരസമ്പന്നരും മാനവികതയുടെ വക്താക്കളുമായി പരിണമിക്കുന്നതിനുമാണ് ഈ മുന്നറിയിപ്പുകള്‍. ഈ പേരുകള്‍ എല്ലാം കൃത്യമായി ഖുര്‍ ആനിക പരിപ്രേക്ഷ്യത്തില്‍ കൂടുതലായി വിശകലനം ചെയ്ത് ബോധ്യമാകേണ്ടതുണ്ട്. കാരുണ്യവാനായ ദൈവത്തിന്‍റെ കാരുണ്യവര്‍ഷത്തിനായി,മോചനത്തിനായി , പ്രതിജ്ഞയെടുക്കാം....പ്രാവര്‍ത്തികമാക്കാം .അപൂര്‍ണ്ണം.
(ദൈവാധീനത്താല്‍ തുടരും)

About Fasalullah Hussain

Quran

Research

Comments (0)

Leave a Reply

No comments yet. Be the first to share your thoughts!