Quran

അല്‍ ഫാതിഹ 22

Fasalullah Hussain
Published on June 13, 2026

അല്‍ ഫാതിഹ: 22
▪️🔅🔅🔅▪️🔅🔅🔅▪️
 
5️⃣ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ٥۝
(നിനക്കു മാത്രം ഞങ്ങള്‍ വഴിപ്പെടുന്നു. നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു.) 

 അല്‍ ഫാതിഹ:യിലെ പ്രതിജ്ഞാ വചനമാണ് ഇത്. ആദ്യ നാല് വചനങ്ങളിലൂടെ 
ദൈവത്തിന്‍റെ വിവിധ  സത്താഗുണങ്ങളും മഹത്വങ്ങളും ബോധ്യത്തിന്‍റെ അടിസ്ഥാനത്തില്‍  സ്വാംശീകരിച്ച ശേഷം അല്‍ലാഹുവോട് വിശ്വാസികള്‍ ചെയ്യുന്ന ഏറ്റവും മഹത്തായ പ്രതിജ്ഞ എന്ന് വിശേഷിപ്പിക്കുന്ന സൂക്തമാണ് ഇത്.

 ഇതില്‍ പ്രധാനമായും രണ്ട് പദങ്ങളാണ് വിശകലനവിധേയമാക്കേണ്ടത്. إِيَّاكَ എന്നത് നിന്നെ മാത്രം എന്ന ഏകവല്‍ക്കരിക്കലാണെന്നത് ഏവര്‍ക്കും സുബോധ്യമാണ്. അല്‍ലാഹു മാത്രമാണ് അവലംബം എന്ന് ഉറപ്പിക്കുകയാണ് രണ്ട് തവണയും إِيَّاكَ എന്ന പദത്തിന്‍റെ ലക്ഷ്യം. എന്നിട്ടും  ദൈവേതരശക്തികളോട് പ്രാര്‍ത്ഥന നടത്തുന്നവരാണ് മഹാഭൂരിപക്ഷവും എന്നത് ഖേദകരമാണ്.  ആരാധന നിന്നോട് മാത്രം എന്നാണ് യഥാര്‍ത്ഥ താല്‍പര്യം. അതിൽ أِيَّا എന്നത് ഒരു സംക്ഷിപ്തരൂപമാണ്. അത് ഒരു സർവ്വനാമത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കുമ്പോള്‍ മാത്രമേ അര്‍ത്ഥപൂര്‍ത്തീകരണമുണ്ടാകുകയുള്ളൂ. ഇവിടെ   کَ+أِيَّا എന്നതാണ് 'നിന്നെമാത്രം' എന്ന പ്രയോഗത്തിന് ആധാരം.

ഖുര്‍ ആന്‍ 275 തവണ ആറ് രൂപങ്ങളില്‍ വന്നിട്ടുള്ള ع-ب-د എന്ന മൂലപദത്തില്‍ നിന്നും നിഷ്പന്നമായതാണ് نَعْبُدُ  എന്ന പദം. അടിമ ,വിധേയന്‍ തുടങ്ങിയ അര്‍ത്ഥത്തിലാണ് അവ പ്രയോഗിതമായിട്ടുള്ളത്. ഖുര്‍ ആനിക പരികല്‍പനയില്‍ മനുഷ്യര്‍ പരസ്പരം ഒരിക്കലും അടിമകളാകാന്‍ സാധ്യമല്ല, എന്നാല്‍ സര്‍വ്വരും ദൈവത്തിന്‍റെ അടിമകള്‍ മാത്രമായിരിക്കണം എന്നതാണ്. (അടിമത്തം ഖുര്‍ ആനില്‍ എന്നത് വിശാലമായ വിഷയമാണ്).  ഇവിടെ അല്‍ലാഹുവോടുള്ള പ്രതിജ്ഞയാണ് إِيَّاكَ نَعْبُدُ എന്നത്. ആദം സന്തതികളോട് ദൈവമുണ്ടാക്കിയ وَأَشْهَدَهُمْ عَلَىٰٓ أَنفُسِهِمْ أَلَسْتُ بِرَبِّكُمْ ۖ قَالُوا۟ بَلَىٰ ۛ شَهِدْنَآ ۛ(അവരുടെമേല്‍ അവരെത്തന്നെ സാക്ഷിയാക്കുകയും ചെയ്ത സന്ദര്‍ഭം. അവന്‍ ചോദിച്ചു: "നിങ്ങളുടെ നാഥന്‍ ഞാനല്ലയോ?” അവര്‍ പറഞ്ഞു: "അതെ; ഞങ്ങളതിന് സാക്ഷ്യം വഹിച്ചിരിക്കുന്നു.”7/172 എന്ന കരാറിന്‍റെ മാറ്റോലിയെന്ന  നിലക്കാണ് ഈ പ്രതിജ്ഞ നാം മനസിലാക്കേണ്ടത്. 
ഈ പ്രതിജ്ഞ ആവര്‍ത്തിക്കുന്നവര്‍ക്ക് ഇസ്ലാമില്‍ അടിമത്തമുണ്ടെന്ന വിമര്‍ശകരുടെ ആരോപണത്തെ തടയിടാന്‍ കഴിയേണ്ടതുണ്ട്. ഇത് കേവലം അനുസരണം എന്ന അര്‍ത്ഥത്തില്‍ പരിമിതപ്പെടുത്തുന്നതും തെറ്റായ വ്യാഖ്യാനമാണ്. നിരുപാധികമായ അനുസരണം ആത്യന്തികമായി ദൈവത്തിന് മാത്രണെങ്കിലും ദൈവീക നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ സൃഷ്ടികള്‍ പലരേയും സോപാധികമായി  (മാതാപിതാക്കള്‍, ഗുരുനാഥര്‍ ,ഭരണകര്‍ത്താക്കള്‍ .. ) അനുസരിക്കേണ്ടതായി വരും. അത് 'അടിമത്ത'മായി പരിണമിക്കാതെ സൂക്ഷിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്. അത്തരത്തിലുള്ള ദുര്‍വ്യാഖ്യാനങ്ങളാണ് തീവ്രവാദത്തിലേക്ക് പലരേയും നയിച്ചത്. സത്യം ധര്‍മ്മം നീതി എന്നീ മാനവിക മൂല്യങ്ങളെ നിലനിര്‍ത്തിക്കൊണ്ട് പരസ്പര സഹകരണമാണ് വേദം മുന്നോട്ട് വെക്കുന്നത്. അതിനാല്‍ إِيَّاكَ نَعْبُدُ എന്നത് عِبٰادَة (ഇബാദത്ത്) ന്‍റെ നിര്‍വ്വചന പരിധിയില്‍ ഉള്‍പ്പെടുത്തി വേണം മനസിലാക്കാന്‍.
▪️وَمَا خَلَقْتُ ٱلْجِنَّ وَٱلْإِنسَ إِلَّا لِيَعْبُدُونِ
ജിന്നുകളെയും ഇന്‍സുകളേയും എനിക്കു വഴിപ്പെട്ടു ജീവിക്കാനല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.
51-Adh-Dhariyat : 56

അപ്പോള്‍ സൃഷ്ടിപ്പിന്‍റെ ദൈവീക ലക്ഷ്യ സാക്ഷാത്കാരമാകണം ഈ പ്രതിജ്ഞ.
(ദൈവാധീനത്താല്‍ തുടരും)

About Fasalullah Hussain

Quran

Research

Comments (0)

Leave a Reply

No comments yet. Be the first to share your thoughts!