അല്‍ ഫാതിഹ 23
അല്‍ ഫാതിഹ: 23
▪️🔅🔅🔅▪️🔅🔅🔅▪️
5️⃣ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ٥
(നിനക്കു മാത്രം ഞങ്ങള്‍ വഴിപ്പെടുന്നു. നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു.)
ഖുര്‍ ആനിക പരിപ്രേക്ഷ്യത്തില്‍ മനനം ചെയ്യേണ്ട അല്‍ ഫാതിഹയുടെ അഞ്ചാം വചനത്തിലെ മറ്റൊരു പദമാണ് نَسْتَعِينُ എന്നത്. അഞ്ച് രൂപങ്ങളില്‍ പതിനൊന്ന് തവണ മാത്രം ع-و-ن എന്ന മൂലപദത്തില്‍ നിന്നും വന്നിട്ടുള്ള പദമാണ് ഇത്. യൗവ്വനം,പരസ്പര സഹായം എന്നിവയാണ് പ്രധാന അര്‍ത്ഥം. സൃഷ്ടികള്‍ക്ക് മുഴുവന്‍ സദാസമയവും സഹായം ചെയ്തുകൊണ്ടേയിരിക്കുന്നതിനാല്‍ അല്‍ലാഹുവിന്‍റെ സത്താഗുണമാണ് ٱلْمُسْتَعَانُ എന്നത്. അതുകൊണ്ടാണ് പ്രവാചകന്‍ യഅഖൂബ് وَٱللَّهُ ٱلْمُسْتَعَانُ عَلَىٰ مَا تَصِفُونَ (നിങ്ങള്‍ പറഞ്ഞ കാര്യത്തിന്റെ നിജസ്ഥിതി അറിയുന്നതിലെന്നെ സഹായിക്കാനുള്ളത് അല്ലാഹു മാത്രം.”12/ 18) എന്ന് പ്രാര്‍ത്ഥിച്ചതായി ഖുര്‍ ആന്‍ സാക്ഷീകരിക്കുന്നത്.
▪️قَٰلَ رَبِّ ٱحْكُم بِٱلْحَقِّ ۗ وَرَبُّنَا ٱلرَّحْمَٰنُ ٱلْمُسْتَعَانُ عَلَىٰ مَا تَصِفُونَ
പ്രവാചകന്‍ പറഞ്ഞു: "എന്റെ നാഥാ; നീ സത്യംപോലെ വിധി കല്‍പിക്കുക. ഞങ്ങളുടെ നാഥന്‍ പരമകാരുണികനാണ്. നിങ്ങള്‍ പറഞ്ഞുപരത്തുന്നതിനെതിരെ ഞങ്ങള്‍ക്ക് സഹായത്തിന് ആശ്രയിക്കാവുന്നവനും'' (21/112).
ഖുർആൻ ഈ പദം യുവത്വം എന്ന അര്‍ത്ഥത്തില്‍ 2:68 ല്‍ لَا فَارِضٌ وَ لَابِکْرٌ عَوَانٌ بَیْنِ ذَالِکَ (ആ പശു ചെറുപ്പമോ പ്രായമോ ഇല്ലാത്ത അതിനിടയിലുള്ളതാണ്) പ്രയോഗിച്ചിട്ടുണ്ട്. അതായത് അതിന് പ്രായപൂർത്തിയാവാത്തതിന്റെ ചാപല്ല്യമോ വാർദ്ധക്യത്തിന്റെ ബലഹീനതകളോ ഇല്ല എന്നര്‍ത്ഥം.
18/95 ല്‍ പ്രവാചകന്‍ മൂസയുടെ ചരിത്രകഥനത്തില്‍ ശാരീരിക സഹായത്തിന് فَأَعِينُونِى بِقُوَّةٍ എന്ന് പ്രയോഗിച്ചതായി കാണാം. ഈ സഹായം കാര്യകാരണബന്ധത്തിലധിഷ്ഠിതവുമാണ്. ആധുനിക ലോകത്ത് ഈ സഹായത്തിന്‍റെ വ്യാപ്തി പലമടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും, അന്യാദൃശമായ സഹായത്തിനും സഹകരണത്തിനും, പരിധിയുണ്ടെന്നത് ബോധ്യമാണ്. എന്നാല്‍ ദൈവീക സഹായത്തിന് പരിധിയോ പരിമിതിയോ ഇല്ല എന്ന ബോധവും അനിവാര്യമാണ്.
വിശ്വാസികളുടെ പരസ്പര സഹായ സഹകരണത്തിന് ദൈവം തന്നെ കൃത്യമായ അതിര്‍വരമ്പുകളും മാനദണ്ഡങ്ങളും നിര്‍ണ്ണയിച്ചതായി കാണാം.
▪️وَتَعَاوَنُوا۟ عَلَى ٱلْبِرِّ وَٱلتَّقْوَىٰ ۖ وَلَا تَعَاوَنُوا۟ عَلَى ٱلْإِثْمِ وَٱلْعُدْوَٰنِ ۚ وَٱتَّقُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ
(വിശാലതയിലും സൂക്ഷ്മതയിലും പരസ്പരം സഹായികളാവുക. പാപത്തിലും (സങ്കുചിതത്വത്തിലും) ശത്രുതയിലും പരസ്പരം സഹായികളാകരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്.
5-Al-Ma'ida : 2)
ഇവിടെ ٱلْبِرِّ എന്നതിന് പുണ്യമെന്ന പരിമിതാര്‍ത്ഥത്തേക്കാള്‍ കൂടുതല്‍ ഉത്തമം 'വിശാലത'യെന്ന പ്രാഥമിക അര്‍ത്ഥമാണ്. വീക്ഷണങ്ങളിലും കാഴ്ചപ്പാടിലും ഇടപെടലുകളിലും അനുപേക്ഷണിയമായതും മാനവികവുമായ ഘടകമാണ് 'വിശാലമനസ്കത'. അത് പുണ്യമായി പരിണമിച്ചേക്കാം. അതുപോലെ സഹകരിക്കേണ്ട മേഖലകളില്‍ സത്യം, ധര്‍മ്മം, നീതി എന്നിവ പ്രാവര്‍ത്തികമാക്കുമ്പോള്‍ സൂക്ഷ്മതയും ٱلتَّقْوَىٰ നിര്‍ബന്ധമാണ്.
അതുപോലെ നിസ്സഹകരണവും എതിര്‍പ്പും പ്രകടിപ്പിക്കേണ്ടത് പാപങ്ങളിലും ٱلْإِثْمِ (വേദാശയവിരുദ്ധമായ സകലകാര്യങ്ങളും) ٱلْعُدْوَٰنِ ശത്രുതയുടെ വിഷയത്തിലുമാണ്. വ്യക്തി വിരോധവും, സാമൂഹികമായ വിധ്വേഷവും ആദര്‍ശപരമായ വിയോജിപ്പും , നീതി നിര്‍വ്വഹണത്തിലോ ധര്‍മ്മസംസ്ഥാപനത്തിലോ വ്യക്തികളെ സ്വാധീനിക്കാന്‍ പാടില്ല എന്ന അനുപമമായ ആശയമാണ് ഈ സൂക്തശകലം അനാവരണം ചെയ്യുന്നത്. ഇത് ദൈവവേദസിദ്ധാന്തത്തിന്‍റെ അടിസ്ഥാനശിലകൂടിയാണ്. ഇതാണ് മാനവിക ദര്‍ശനത്തിന്‍റെ ആധാരവും.
അതിനാല്‍ എന്താണ് അല്‍ ഫാതിഹ:യിലെ സഹായാര്‍ത്ഥനയുടെ താല്‍പര്യം ?. അതുപോലെ സഹായാര്‍ത്ഥനയുടെ മാര്‍ഗ്ഗങ്ങള്‍ ഏതൊക്കെ ആയിരിക്കണമെന്നും വേദം നിഷ്കര്‍ഷിക്കുന്നുണ്ട്.
▪️وَٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ ۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى ٱلْخَٰشِعِينَ
സഹനത്തിലൂടെയും നമസ്കാരത്തിലൂടെയും ദിവ്യസഹായം തേടുക. നമസ്കാരം വലിയ ഭാരം തന്നെ; ഭക്തന്മാര്‍ക്കൊഴികെ.
2-Al-Baqara : 45
ഈ സൂക്തത്തില്‍ ٱسْتَعِينَة (സഹായാര്‍ത്ഥനക്ക്) രണ്ട് പ്രധാന ഉപാധികളാണ് പറയുന്നത്. ഒന്ന് بِٱلصَّبْرِ (ക്ഷമകൊണ്ട്) രണ്ട് بِٱلصَّلَوٰةِ (പ്രാര്‍ത്ഥനകൊണ്ട്).
എന്താണ് ക്ഷമകൊണ്ടുള്ള സഹായാര്‍ത്ഥന എന്നും എന്താണ് പ്രാര്‍ത്ഥനകൊണ്ടുള്ള സഹായാര്‍ത്ഥനയെന്നും വ്യക്തമാകേണ്ടതുണ്ട്.
ഖുര്‍ ആനികമായി ٱلصَّبْر എന്നത് കേവലം ക്ഷമയല്ലെന്നും പ്രതിസന്ധികളെ അതിജയിക്കാനുള്ള ആര്‍ജ്ജവവും സ്ഥൈര്യവും ധൈര്യവുമാണെന്നും അറിഞ്ഞിരിക്കണം.
വിശ്വാസികള്‍ ദൈവീക സാമീപ്യം ആര്‍ജ്ജിക്കുവാനുള്ള മാര്‍ഗ്ഗങ്ങളാണ് 'പ്രാര്‍ത്ഥന'യും 'ക്ഷമയും' എന്ന് പറഞ്ഞതിന്‍റെ അനുപൂരക ഘടകങ്ങളുടെ വ്യാഖ്യാന പ്രയോഗങ്ങളാണ് ٱلْحَقّ എന്ന ആത്യന്തിക സത്യം (ഖുര്‍ ആന്‍) കൊണ്ടും , ٱلصَّبْر എന്ന ''ക്ഷമ'' കൊണ്ടുമുള്ള ഉപദേശങ്ങള്‍. وَتَوَاصَوْا۟ بِٱلْحَقِّ وَتَوَاصَوْا۟ بِٱلصَّبْرِ സത്യം കൊണ്ടും ക്ഷമകൊണ്ടും ഉപദേശിക്കുക.(103/3)
ഇവിടെ ഖുര്‍ആനിക പ്രയോഗം തന്നെ بِٱلْحَقِّ(ബില്‍ ഹഖി) എന്നും بِٱلصَّبْرِ (ബിസ്സബ'രി) എന്നുമാണ്. അതായത് بِ (ബി -കൊണ്ട്) എന്ന പ്രത്യയത്തിന്‍റെ സാന്നിധ്യം വിസ്മരിച്ചുകൂട എന്ന് സാരം.
പ്രഥമമായി ഖുര്‍ആന്‍ കൊണ്ടാണ് സാരോപദേശങ്ങളും പ്രബോധന പ്രക്രിയയും നടത്തേണ്ടതെന്നത് നിസ്തര്‍ക്കമാണ്. എന്നാല്‍ തുടര്‍ന്ന് പറയുന്ന ٱلصَّبْر കൊണ്ട് എങ്ങിനെയാണ് സാരോപദേശങ്ങളും പ്രബോധന പ്രക്രിയയും നടത്തേണ്ടതെന്നത് ? അപ്പോള്‍ പാരമ്പര്യമായി പരിമിത അര്‍ത്ഥസങ്കല്‍പത്തില്‍ ചിരപരിചിതമായി മനസിലാക്കപ്പെട്ട കേവലമായ സഹനമോ ക്ഷമയോ അല്ല ٱلصَّبْر ന്‍റെ യാഥാര്‍ത്ഥ്യമെന്നും, ٱلْحَقّ ന്‍റെ ആശയവും ആദര്‍ശവും നെഞ്ചിലേറ്റി പ്രതിസന്ധികളില്‍ ആര്‍ജ്ജവത്തേടെ ഉറച്ച് നില്‍ക്കാനുള്ള സ്ഥൈര്യവും ധൈര്യവുമാണ് അതെന്നും തിരിച്ചറിയേണ്ടതുണ്ട്.
സാമൂഹികവും രാഷ്ട്രീയവും വൈയക്തികവുമായ പുരോഗതി ലക്ഷ്യമിടുന്ന ഒരു പ്രത്യയശാസ്ത്രമെന്ന നിലയില്‍ ഖുര്‍ആന്‍ ഒരിക്കലും ദൈവേതര പ്രമാണങ്ങളുടെ ജല്‍പനങ്ങള്‍ പ്രതികരിക്കാതെ സഹിച്ച് കഴിയണം എന്ന് ആഹ്വാനം ചെയ്യുകയില്ല .
അതിനാല്‍ صَبْرٌ എന്ന ഖുര്‍ ആനിക സംജ്ഞ പൊതുവെ അർത്ഥമാക്കുന്നത് , അങ്ങേഅറ്റത്തെ നിസ്സഹായാവസ്ഥയോ, ഒരാളുടെ ദൗർബല്യത്തിൽ സംതൃപ്തരാകുകയും തൽസ്ഥിതിയുമായി പൊരുത്തപ്പെടുകയും ചെയ്യുക എന്നതല്ല. പകരം صَبْرٌ (സബർ) എന്നതിന്റെ ഖുർആനിക അർത്ഥം ജീവിതത്തിലെ വെല്ലുവിളികളെ നിശ്ചയദാർഢ്യത്തോടെ നേരിടുകയും ഒരിക്കലും തളരാതിരിക്കുകയും ചെയ്യുക എന്നതാണ്.
ചുരുക്കത്തിൽ, صَبْرٌ (സബ്ർ) എന്നാൽ ധർമ്മപ്രവൃത്തികൾക്കായി നിശ്ചയദാർഢ്യത്തോടെ ഏർപ്പെട്ടിരിക്കുക, ദൈവീക മാര്‍ഗ്ഗത്തില്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളെ ധൈര്യത്തോടെയും സ്ഥൈര്യത്തോടെയും നേരിടുക, അങ്ങനെ ഒരാളുടെ പാദങ്ങൾ അചഞ്ചലമായി ഖുര്‍ആനിക ഭൂമികയില്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യുക എന്നതാണ്. ഈ സ്ഥൈര്യപൂര്‍ണ്ണമായ ധൈര്യമാണ് ٱسْتَعِينَة (സഹായാര്‍ത്ഥനക്ക്) ഒന്നാമത്തെ മാനദണ്ഡമായി 2/46 ലും 2/153 ലും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നത്.
രണ്ടാമത്തെ മാനദണ്ഡം സലാത്താണ്. നമസ്കാരം എന്ന സാങ്കേതിക അര്‍ത്ഥമായാലും അനുധാവനം ചെയ്യുക എന്ന പ്രാഥമിക അര്‍ത്ഥത്തിലായാലും രണ്ടും ദൈവീക സഹായാര്‍ത്ഥനക്ക് അനിവാര്യമാണ്. നമസ്കാരം അടിമയും ഉടമയും തമ്മിലുള്ള കൂടിക്കാഴ്ചയാണ്. ആവലാതികളും പരാതികളും പ്രയാസങ്ങളും ഉള്ള് തുറന്ന് പറയാനും അബദ്ധങ്ങളും പിഴവുകളും ഏറ്റുപറയാനും ഇഹ-പര മോക്ഷത്തിനുള്ള സമര്‍പ്പണത്തിനുമുള്ള അവസരമാണ് നമസ്കാരം. ഈ പ്രക്രിയ പ്രാവര്‍ത്തികമാകണമെങ്കില്‍ വേദത്തിന്‍റെ ഒരോ ആജ്ഞകളും സസൂക്ഷ്മം പിന്തുടരുകയും പിന്‍പറ്റുകയും വേണം.
(ദൈവാധീനത്താല്‍ തുടരും)
Comments (0)
Leave a Reply
No comments yet. Be the first to share your thoughts!