അല്‍ ഫാതിഹ 24
അല്‍ ഫാത്വിഹ: 24
▪️🔅🔅🔅▪️🔅🔅🔅▪️
5️⃣ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ٥
(നിനക്കു മാത്രം ഞങ്ങള്‍ വഴിപ്പെടുന്നു. നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു.)
എന്താണ് അല്‍ ഫാതിഹ:യിലെ ٱسْتَعِينَة ന്‍റെ അഥവാ സഹായാര്‍ത്ഥനയുടെ താല്‍പര്യമെന്നും അതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഏതൊക്കെ ആയിരിക്കണമെന്നും വേദം നിഷ്കര്‍ഷിക്കുന്നുണ്ട്.
▪️وَٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ ۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى ٱلْخَٰشِعِينَ
സഹനത്തിലൂടെയും നമസ്കാരത്തിലൂടെയും ദിവ്യസഹായം തേടുക. നമസ്കാരം വലിയ ഭാരം തന്നെ; ഭക്തന്മാര്‍ക്കൊഴികെ.
2-Al-Baqara : 45
ഈ സൂക്തത്തില്‍ ٱسْتَعِينَة (സഹായാര്‍ത്ഥനക്ക്) രണ്ട് പ്രധാന ഉപാധികളാണ് പറയുന്നത്. ഒന്ന് بِٱلصَّبْرِ (ക്ഷമകൊണ്ട്) രണ്ട് بِٱلصَّلَوٰةِ (പ്രാര്‍ത്ഥനകൊണ്ട്).
എന്താണ് ക്ഷമകൊണ്ടുള്ള സഹായാര്‍ത്ഥന എന്നും എന്താണ് പ്രാര്‍ത്ഥനകൊണ്ടുള്ള സഹായാര്‍ത്ഥനയെന്നും വ്യക്തമാകേണ്ടതുണ്ട്.
ഖുര്‍ ആനികമായി ٱلصَّبْر എന്നത് കേവലം ക്ഷമയല്ലെന്നും പ്രതിസന്ധികളെ അതിജയിക്കാനുള്ള ആര്‍ജ്ജവവും സ്ഥൈര്യവും ധൈര്യവുമാണെന്നും അറിഞ്ഞിരിക്കണം.
വിശ്വാസികള്‍ ദൈവീക സാമീപ്യം ആര്‍ജ്ജിക്കുവാനുള്ള മാര്‍ഗ്ഗങ്ങളാണ് 'പ്രാര്‍ത്ഥന'യും 'ക്ഷമയും' എന്ന് പറഞ്ഞതിന്‍റെ അനുപൂരക ഘടകങ്ങളുടെ വ്യാഖ്യാന പ്രയോഗങ്ങളാണ് ٱلْحَقّ എന്ന ആത്യന്തിക സത്യം (ഖുര്‍ ആന്‍) കൊണ്ടും , ٱلصَّبْر എന്ന ''ക്ഷമ'' കൊണ്ടുമുള്ള ഉപദേശങ്ങള്‍. وَتَوَاصَوْا۟ بِٱلْحَقِّ وَتَوَاصَوْا۟ بِٱلصَّبْرِ സത്യം കൊണ്ടും ക്ഷമകൊണ്ടും ഉപദേശിക്കുക.(103/3)
ഇവിടെ ഖുര്‍ആനിക പ്രയോഗം തന്നെ بِٱلْحَقِّ(ബില്‍ ഹഖി) എന്നും بِٱلصَّبْرِ (ബിസ്സബ'രി) എന്നുമാണ്. അതായത് بِ (ബി -കൊണ്ട്) എന്ന പ്രത്യയത്തിന്‍റെ സാന്നിധ്യം വിസ്മരിച്ചുകൂട എന്ന് സാരം.
പ്രഥമമായി ഖുര്‍ആന്‍ കൊണ്ടാണ് സാരോപദേശങ്ങളും പ്രബോധന പ്രക്രിയയും നടത്തേണ്ടതെന്നത് നിസ്തര്‍ക്കമാണ്. എന്നാല്‍ തുടര്‍ന്ന് പറയുന്ന ٱلصَّبْر കൊണ്ട് എങ്ങിനെയാണ് സാരോപദേശങ്ങളും പ്രബോധന പ്രക്രിയയും നടത്തേണ്ടതെന്നത് ? അപ്പോള്‍ പാരമ്പര്യമായി പരിമിത അര്‍ത്ഥസങ്കല്‍പത്തില്‍ ചിരപരിചിതമായി മനസിലാക്കപ്പെട്ട കേവലമായ സഹനമോ ക്ഷമയോ അല്ല ٱلصَّبْر ന്‍റെ യാഥാര്‍ത്ഥ്യമെന്നും, ٱلْحَقّ ന്‍റെ ആശയവും ആദര്‍ശവും നെഞ്ചിലേറ്റി പ്രതിസന്ധികളില്‍ ആര്‍ജ്ജവത്തേടെ ഉറച്ച് നില്‍ക്കാനുള്ള സ്ഥൈര്യവും ധൈര്യവുമാണ് അതെന്നും തിരിച്ചറിയേണ്ടതുണ്ട്.
സാമൂഹികവും രാഷ്ട്രീയവും വൈയക്തികവുമായ പുരോഗതി ലക്ഷ്യമിടുന്ന ഒരു പ്രത്യയശാസ്ത്രമെന്ന നിലയില്‍ ഖുര്‍ആന്‍ ഒരിക്കലും ദൈവേതര പ്രമാണങ്ങളുടെ ജല്‍പനങ്ങള്‍ പ്രതികരിക്കാതെ സഹിച്ച് കഴിയണം എന്ന് ആഹ്വാനം ചെയ്യുകയില്ല .
അതിനാല്‍ صَبْرٌ എന്ന ഖുര്‍ ആനിക സംജ്ഞ പൊതുവെ അർത്ഥമാക്കുന്നത് ,
അങ്ങേഅറ്റത്തെ നിസ്സഹായാവസ്ഥയോ,അല്ലെങ്കില്‍ ഒരാളുടെ ദൗര്‍ബല്യത്തില്‍ സ്വയം സംതൃപ്തരാവുകയും തല്‍സ്ഥിതിയുമായി പൊരുത്തപ്പെടുകയോ ചെയ്യുക എന്നതല്ല.
പകരം صَبْرٌ (സബർ) എന്നതിന്റെ ഖുർആനിക അർത്ഥം ജീവിതത്തിലെ വെല്ലുവിളികളെ നിശ്ചയദാർഢ്യത്തോടെ നേരിടുകയും ഒരിക്കലും തളരാതിരിക്കുകയും ചെയ്യുക എന്നതാണ്.
ചുരുക്കത്തിൽ, صَبْرٌ (സബ്ർ) എന്നാൽ ധർമ്മപ്രവൃത്തികൾക്കായി നിശ്ചയദാർഢ്യത്തോടെ ഏർപ്പെട്ടിരിക്കുക, ദൈവീക മാര്‍ഗ്ഗത്തില്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളെ ധൈര്യത്തോടെയും സ്ഥൈര്യത്തോടെയും നേരിടുക, അങ്ങനെ ഒരാളുടെ പാദങ്ങൾ അചഞ്ചലമായി ഖുര്‍ആനിക ഭൂമികയില്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യുക എന്നതാണ്. ഈ സ്ഥൈര്യപൂര്‍ണ്ണമായ ധൈര്യമാണ് ٱسْتَعِينَة (സഹായാര്‍ത്ഥനക്ക്) ഒന്നാമത്തെ മാനദണ്ഡമായി 2/46 ലും 2/153 ലും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നത്.
രണ്ടാമത്തെ മാനദണ്ഡം (ٱلصَّلَوٰةَ) സലാത്താണ്. നമസ്കാരം എന്ന സാങ്കേതിക അര്‍ത്ഥമായാലും (വേദത്തെ) അനുധാവനം ചെയ്യുക എന്ന പ്രാഥമിക അര്‍ത്ഥത്തിലായാലും രണ്ടും ദൈവീക സഹായാര്‍ത്ഥനക്ക് അനിവാര്യമാണ്. നമസ്കാരം അടിമയും ഉടമയും തമ്മിലുള്ള കൂടിക്കാഴ്ചയാണ്. ആവലാതികളും പരാതികളും പ്രയാസങ്ങളും ഉള്ള് തുറന്ന് പറയാനും അബദ്ധങ്ങളും പിഴവുകളും ഏറ്റുപറയാനും ഇഹ-പര മോക്ഷത്തിനുള്ള സമര്‍പ്പണത്തിനുമുള്ള അവസരമാണ് ٱلصَّلَوٰةَ (നമസ്കാരം). ഈ പ്രക്രിയ പ്രാവര്‍ത്തികമാകണമെങ്കില്‍ വേദത്തിന്‍റെ ഒരോ ആജ്ഞകളും സസൂക്ഷ്മം പിന്തുടരുകയും പിന്‍പറ്റുകയും വേണം.
നാം നമ്മുടെ എല്ലാ ശക്തിയും കഴിവുകളും അല്ലാഹുവിന്റെ നിയമങ്ങൾക്കനുസൃതമായി വിനിയോക്കുകയും അവയിലൂടെ നമ്മുടെ ചിന്തയിലും പ്രവൃത്തിയിലും നിയന്ത്രണവും മിതത്വവും കൈവരിക്കുകയും ചെയ്യേണ്ടതുണ്ട്.
അതിനാൽ പക്വതയോടെ സന്തുലിതാവസ്ഥയിൽ ഉള്ള മിതത്വം കൈവരിക്കലാണ് ഇസ്തിഗാനത്തിന്‍റെ
ആശയതലം.
ഇത് ചാക്രികമായ ജീവിതത്തിന് അല്ലാഹുവിന്റെ വേദനിയമങ്ങളുടെ സഹായത്തോടെ ഒരു തികഞ്ഞ സന്തുലിതാവസ്ഥയിലേക്ക് മാറ്റാന്‍ സാധിക്കും. അല്ലാഹുവിന്റെ നിയമങ്ങൾക്കനുസൃതമായി മാത്രമേ നമ്മുടെ കഴിവുകൾ ഉപയോഗിക്കുകയുള്ളൂ. അതിലൂടെ മുഴുവന്‍ മനുഷ്യരാശിക്കും ആ സന്തുലിതാവസ്ഥ കൈവരിക്കാൻ സാധ്യമാകും. ഖുർആനിക മൂല്യങ്ങളുടെ ദൃഢമായ അനുസരണത്തിലൂടെയാണ് ഇത് നേടിയെടുക്കാന്‍ സാധിക്കുക. അതുകൊണ്ടാണ് وَٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ ۚ എന്ന് ഖുര്‍ ആന്‍ സോപാധികമായി പറഞ്ഞത്.
ഈ രീതിയിൽ മാത്രമേ നമ്മൾക്ക് ദൈവീക സഹായം കൈവരിക്കാനും വിജയിക്കാനും കഴിയൂ. ഈ മാര്‍ഗ്ഗം അവലംബിക്കുമ്പോള്‍ മാത്രമേ അല്‍ലാഹു നമ്മേ സര്‍വ്വവിധേനയും സഹായിക്കുകയുള്ളൂ. നാഥാ നീ ഞങ്ങളെ സഹായിക്കേണമേ...
(ദൈവാധീനത്താല്‍ തുടരും)
Comments (0)
Leave a Reply
No comments yet. Be the first to share your thoughts!