അല്‍ ഫാതിഹ 29
അല്‍ ഫാതിഹ: 29
▪️🔅🔅🔅▪️🔅🔅🔅▪️
6️⃣ ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ ٦
(ഞങ്ങളെ നീ നേര്‍വഴിയിലാക്കേണമേ.)
ഖുര്‍ആനാണ് മാനുഷ്യകത്തിന്‍റെ വഴികാട്ടി. ٱهْدِنَا (ഞങ്ങളെ നയിക്കേണമേ) എന്ന പ്രാര്‍ത്ഥന അല്‍ലാഹുവോടാണ്. എവിടേക്കാണ് ആനയിക്കപ്പെടേണ്ടതെന്നും അപേക്ഷകന്‍റെ ആവശ്യമാണ് ٱلصِّرَٰطَ ٱلْمُسْتَقِيم. സ്ഥൈര്യവും ധൈര്യവും ആര്‍ജ്ജവവും ചേര്‍ന്നുള്ള നിവര്‍ന്ന,ഉറച്ച നില്‍പാണ് ٱسْتِقٰمة. ഈ ഉറച്ച നിലപാടും നിലനില്‍പ്പും വേദാധിഷ്ഠിതമായ വിശാല പാതയിലാണ്. ഈ സൂക്തത്തിലെ ٱسْتِقٰمة (നില്‍പ്പ് ) നിഷ്പന്നമായത് 660 തവണ 22 രൂപങ്ങളില്‍ വന്ന ق-و-م എന്ന ധാതുവില്‍ നിന്നാണ്. ഇതില്‍ ٱسْتِقٰمഎന്ന രീതിയില്‍ പത്ത് തവണ ഈ പദം ഖുര്‍ആനില്‍ വന്നിട്ടുമുണ്ട് (9/7,10/89,11/112, 41/6, 41/30, 42/15, 46/13 ,72/16 ,81/28)
സ്ഥൈര്യവും ധൈര്യവും ഉള്‍കൊണ്ട് ദൈവീക മാര്‍ഗ്ഗത്തില്‍ അചഞ്ചലമായി നിലകൊള്ളലാണ് എല്ലാ സൂക്തങ്ങളിലേയും പ്രമേയം . ഖുര്‍ആനിക ഭൂമികയില്‍ വേരൂന്നുകയും ആശയാദര്‍ശങ്ങള്‍ സ്വാംശീകരിച്ച് ദൈവീക വിഹായസില്‍ തലയുയര്‍ത്തി നില്‍ക്കുകയുമാണ് വിശ്വാസികളുടെ മുഖമുദ്ര.
▪️إِنَّ ٱلَّذِينَ قَالُوا۟ رَبُّنَا ٱللَّهُ ثُمَّ ٱسْتَقَٰمُوا۟ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെന്ന് പ്രഖ്യാപിക്കുകയും പിന്നെ നേര്‍വഴിയില്‍ നിലയുറപ്പിക്കുകയും ചെയ്തവര്‍ ഒന്നും പേടിക്കേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരില്ല.
46-Al-Ahqaf : 13
ദൈവീകമാര്‍ഗ്ഗത്തില്‍ അതായത് വേദാശയവും വേദത്തില്‍ അധിഷ്ഠിതമായ പ്രവാചകജീവിതവും കൃത്യതയോടെ അനുധാവനം ചെയ്ത് അതിന്‍റെ സംസ്ഥാപനത്തിനായി ഉറച്ച് നില്‍ക്കുന്നതാണ് ٱسْتِقٰمة. ഈ ഉറച്ച് നില്‍പിനാണ് പ്രഥമ പ്രബോധകനായ പ്രവാചകനോട് فَٱسْتَقِمْ كَمَآ أُمِرْتَ എന്ന് ദൈവം നേരിട്ട് കല്‍പിക്കുന്നത്.
فَٱسْتَقِمْ كَمَآ أُمِرْتَ وَمَن تَابَ مَعَكَ وَلَا تَطْغَوْا۟ ۚ إِنَّهُۥ بِمَا تَعْمَلُونَ بَصِيرٌ
നിന്നോടു കല്‍പിച്ച വിധം നീയും നിന്നോടൊപ്പം പശ്ചാത്തപിച്ചു മടങ്ങിയവരും നേര്‍വഴിയില്‍ ഉറച്ചു നില്‍ക്കുക. നിങ്ങള്‍ പരിധി ലംഘിക്കരുത്. തീര്‍ച്ചയായും നിങ്ങള്‍ ചെയ്യുന്നത് സൂക്ഷ്മമായി കാണുന്നവനാണവന്‍.
11-Hud : 112
ഈ സൂക്തത്തിലെ أُمِرْتَ (കല്‍പിക്കപ്പെട്ട)യിലെ കല്‍പന (أَمْر) വേദമാണ് (ٱلْقُرْءَانُ) എന്നത് നിസ്തര്‍ക്കവുമാണ്. ഇതിന്‍റെ ആവര്‍ത്തന ശൈലിയിലാണ് 42/15 ല്‍ പ്രതിപാദിക്കുന്നതും.
അതിന്‍റെ സമാനാശയത്തിലാണ് 43/43 ല്‍
▪️فَٱسْتَمْسِكْ بِٱلَّذِىٓ أُوحِىَ إِلَيْكَ ۖ إِنَّكَ عَلَىٰ صِرَٰطٍ مُّسْتَقِيمٍ
(അതിനാല്‍ നിനക്ക് നാം ബോധനം നല്‍കിയത് മുറുകെപ്പിടിക്കുക. ഉറപ്പായും നീ നേര്‍വഴിയിലാണ്. 43-Az-Zukhruf : 43)എന്ന് പ്രസ്താവിക്കുന്നതും.
പ്രവാചകനും അനുയായികളും സ്ഥൈര്യതയുടെ പാതയിലാവാന്‍ കാരണം പ്രബോധിത വേദാശയം രൂഢമൂലമാക്കിയതാണ്.
ഖുര്‍ ആന്‍ صِرَٰط എന്ന ശൈലിയില്‍ പ്രയോഗിച്ച സമാന പദമാണ് طَرِيق. അല്‍ലാഹു മനുഷ്യരെ നയിക്കുന്ന സരണി വേദാധിഷ്ഠിതം മാത്രമാണെന്ന് വ്യക്തമാക്കുന്നതാണ് 46/30 ലെ പ്രയോഗം. يَهْدِىٓ إِلَى ٱلْحَقِّ وَإِلَىٰ طَرِيقٍ مُّسْتَقِيمٍ ( ആത്യന്തിക സത്യത്തിലേക്ക് (ഖുര്‍ ആനിലേക്ക്), അതാണ് നേരായ ഉറച്ച് നില്‍ക്കേണ്ട സരണി.)
46-Al-Ahqaf : 30 അപ്രകാരം മാര്‍ഗ്ഗത്തിനും വഴിക്കും ഖുര്‍ ആന്‍ പ്രയോഗിച്ച മറ്റൊരു പദമാണ് سَبِيل ഇത് സത്യസരണിയാണ്. എഴുപതോളം തവണ فِى سَبِيلِ ٱللَّهِ (അല്‍ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍) എന്ന് ആവര്‍ത്തിച്ച് വന്നതായും കാണാം. നമ്മുടെ ജീവിതം അല്‍ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ആയിരിക്കണം. ആ സരണിയില്‍ സ്ഥൈര്യവും ധൈര്യവും ആര്‍ജ്ജിച്ച് ചിരപ്രതിഷ്ഠനേടിയവരാകണം. അതാണ് ٱلصِّرَٰطَ ٱلْمُسْتَقِيمَ ന്‍റെ ലക്ഷ്യം.
ഖുര്‍ ആന്‍ ٱلصِّرَٰطَ ന്‍റെ പര്യായമായി പ്രയോഗിച്ച മറ്റൊരു പദമാണ് اَلنَّجْدُ.ഇത് .ن- ج -د എന്ന മൂലപദത്തില്‍ നിന്നുള്ളതും 90/10 ല്‍ മാത്രം പ്രയോഗിച്ചതുമാണ്. മനുഷ്യന് ദൈവം നല്‍കിയ സ്വാതന്ത്യത്തിന്‍റെ പ്രഖ്യാപനമാണ് സൂക്തത്തിന്‍റെ പ്രമേയം. وَهَدَيْنَٰهُ ٱلنَّجْدَيْنِ (രണ്ടു വഴികള്‍ നാമവന് കാണിച്ചുകൊടുത്തില്ലേ?) എന്ന ചോദ്യം വളരെ ചിന്തനീയമാണ്. മനുഷ്യന് നാം (സത്യത്തിന്റെയും അസത്യത്തിന്റെയും) വഴികൾ കാണിച്ചുകൊടുത്തു. അതിനുശേഷം അയാൾക്ക് ഇഷ്ടമുള്ള വഴി തിരഞ്ഞെടുക്കാൻ സ്വതന്ത്ര്യവും അവകാശവും നല്‍കി.
ശരിയും തെറ്റും സത്യവും മിഥ്യയും നീതിയും അനീതിയും ധര്‍മ്മവും അധര്‍മ്മവും വ്യതിരിക്തമാക്കുന്ന ദൈവീകതയും പൈശാചികതയും തുറന്ന് കാട്ടുന്ന വഴി. അതാണ് ٱلصِّرَٰطَ ٱلْمُسْتَقِيمَ. അത് തിരിച്ചറിയാനുള്ള കഴിവ് മനുഷ്യന് അന്തർലീനമല്ല. വെളിപാടിലൂടെ അല്ലാഹു മാത്രമാണ് വഴി കാണിക്കുന്നത്. അതിനാണ് ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ എന്ന പ്രാര്‍ത്ഥന.
എന്നാൽ ശരിയായ വഴി തിരഞ്ഞെടുക്കാൻ ആരെയും ദൈവം നിര്‍ബന്ധിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നില്ല. തിരഞ്ഞെടുക്കേണ്ടത് മനുഷ്യൻ തന്നെയാണ്. അതിനാല്‍ ഇത് മനുഷ്യൻ ചെയ്യുന്ന ഓരോ കർമ്മത്തിനും അവന്‍ തന്നെ ഉത്തരവാദിയാകുന്നു. രണ്ട് പാതകളും ഖുര്‍ആൻ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുമുണ്ട് .വേദം വെളിവാക്കിത്തന്ന മാനദണ്ഡം ഉപയോഗിച്ചാണ് നമുക്ക് നമ്മുടെ ചിന്തകളും പ്രവൃത്തികളും രൂപപ്പെടുത്താന്‍ സാധിക്കുക. അതിനാല്‍ ٱلصِّرَٰطَ ٱلْمُسْتَقِيمَ എന്ന വേദപാതയില്‍ മനസും ചിന്തയും പ്രവൃത്തിയും രൂഢമൂലമാകാനുള്ള പ്രാര്‍ത്ഥനയാണ് ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ .
(വേദം അവതീര്‍ണ്ണമായ ഈ മാസം അല്‍ ഫാതിഹയുടെ പഠനം പൂര്‍ത്തിയാക്കാന്‍ ആഗ്രഹിച്ചിരുന്നു. സാധിച്ചില്ല ദൈവാധീനത്താല്‍ തുടരും)
Comments (0)
Leave a Reply
No comments yet. Be the first to share your thoughts!