Quran

അല്‍ ഫാതിഹ 30

Fasalullah Hussain
Published on June 13, 2026

അല്‍ ഫാതിഹ: 30
▪️🔅🔅🔅▪️🔅🔅🔅▪️
 
7️⃣ صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ٧۝

(നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല)

അല്‍ ഫാതിഹയുടെ സമാപ്ത വാക്യത്തില്‍ പ്രധാനമായും മൂന്ന് പദങ്ങളാണ് വിശകലന വിധേയമാക്കേണ്ടത്. 1) نِعْمَت (അനുഗ്രഹം) 2)ٱلْمَغْضُوب (കോപത്തിന് പാത്രീഭവിച്ചവര്‍ 3)ٱلضَّآلِّين വഴിപിഴച്ചവര്‍  എന്നിവയാണ്. 
ഖുര്‍ ആനിന്‍റെ ലക്ഷ്യം തന്നെ മനുഷ്യരെ നേരായ പാതയിലേക്ക് അതായത് ദൈവാനുഗൃഹീതരുടെ വഴിയില്‍  നയിക്കലാണ്. അതുകൊണ്ട് തന്നെ ഖുര്‍ ആനിന്‍റെ വാതായനമായ അല്‍ ഫാതിഹയിലൂടെ പ്രവേശിക്കുന്ന ഏതൊരാളുടേയും പ്രാര്‍ത്ഥന ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ (നേരായ പാതയില്‍ നിഷ്ഠരാക്കേണമേ ..) എന്നായിരിക്കും. ആ  പ്രാര്‍ത്ഥനയുടെ വിശദീകരണമായാണ്, ഈ രണ്ട് മാര്‍ഗ്ഗങ്ങള്‍ സ്പഷ്ടീകരിക്കല്‍.
1) ദൈവദാസന്മാരുടെ വഴി
2)പൈശാചിക വക്താക്കളുടെ വഴി.

 ദൈവദാസന്മാരുടെ മാര്‍ഗ്ഗത്തെ വിശേഷിപ്പിച്ചിരിക്കുന്നത് (صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ) അനുഗ്രഹിച്ചവരുടെ പാത എന്നാണ്.

കണ്ണിനും മനസിനും ആശ്വാസമേകുന്ന വസ്തുക്കളും വസ്തുതകളുമാണ് نِعْمَت. ഖുര്‍ആന്‍ 140 തവണ ഒമ്പത് രീതിയില്‍ പ്രയോഗിച്ചിട്ടുണ്ട് ഈ പദരൂപങ്ങള്‍. ن-ع-م എന്നതാണ് ഇതിന്‍റെ ധാതു.

മാനുഷ്യകത്തിന്‍റെ നിലനില്‍പ്പിന് അവശ്യവും അനിവാര്യവുമായ സകല ഗുണങ്ങളും നന്മകളും ദൈവത്തില്‍ നിന്നുള്ള نِعْمَت (അനുഗ്രഹം) ആണ്.

 കാലികള്‍ക്ക് വിശിഷ്യ വളര്‍ത്ത് മൃഗങ്ങള്‍ക്ക് ഖുര്‍ ആന്‍ 33 തവണ اَنْعَام എന്ന് പ്രയോഗിച്ചതായി കാണാം. അത് ഭൗതികമായി ഐശ്വര്യപ്രദാനമായതിനാല്‍ ഉപയോഗിച്ചതാണെന്നതാണ് പണ്ഡിത നിരൂപണം.
ഖുർആനിൽ  കന്നുകാലികൾ, ആട്, മാട്, ഒട്ടകങ്ങൾ, ചെമ്മരിയാടുകൾ എന്നിവ ഉൾപ്പെടുന്ന കാലിവര്‍ഗ്ഗങ്ങള്‍ക്ക്  یْمَۃُ الْاَنْعَامِ (ബാഹിമത്ത്ൽ അൻ_ആം) എന്ന പ്രയോഗത്തിൽ മേഞ്ഞുനടക്കുന്ന എല്ലാ മൃഗങ്ങളും ഉൾപ്പെടുന്നു.

 കണ്ണുകൾക്ക് കുളിർമ നൽകുന്നതും ഹൃദയത്തിന് ആശ്വാസകരവുമായ കാര്യങ്ങള്‍ ആത്യന്തികമായി  പ്രദാനം ചെയ്യുന്നത് വേദങ്ങളാണ്. അതിനാല്‍ അല്‍ലാഹു മാനവര്‍ക്ക് സമര്‍പ്പിച്ച ഏറ്റവും ഉല്‍കൃഷ്ടമായ അനുഗ്രഹം (نِعْمَت) വേദം തന്നെയാണെന്നത് നിസ്തര്‍ക്കമാണ്. ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَٰمَ دِينًا ۚ (ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതപദ്ധതി  പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. ജീവിതപദ്ധതിയായി സമര്‍പ്പണ വ്യവസ്ഥയെ  (ഇസ്ലാമിനെ) ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. (5-Al-Ma'ida : 3)  ഈ സൂക്തശകലത്തിലെ نِعْمَتِى (എന്‍റെ അനുഗ്രഹം) എന്ന പ്രയോഗം മേല്‍ വീക്ഷണത്തെ സാധൂകരിക്കുന്നതാണ്. 

അതിനെ ബലപ്പെടുത്തുന്ന മറ്റൊരു സൂക്തമാണ് 19/58.  ഇതില്‍ ആരൊക്കെയാണ് അനുഗൃഹീതര്‍ എന്നും അവരുടെ സ്വഭാവസവിശേഷത എന്താണെന്നും വ്യക്തമാക്കുന്നു.
▪️أُو۟لَٰٓئِكَ ٱلَّذِينَ أَنْعَمَ ٱللَّهُ عَلَيْهِم مِّنَ ٱلنَّبِيِّۦنَ مِن ذُرِّيَّةِ ءَادَمَ وَمِمَّنْ حَمَلْنَا مَعَ نُوحٍ وَمِن ذُرِّيَّةِ إِبْرَٰهِيمَ وَإِسْرَٰٓءِيلَ وَمِمَّنْ هَدَيْنَا وَٱجْتَبَيْنَآ ۚ إِذَا تُتْلَىٰ عَلَيْهِمْ ءَايَٰتُ ٱلرَّحْمَٰنِ خَرُّوا۟ سُجَّدًا وَبُكِيًّا ۩
അല്ലാഹു അനുഗ്രഹം നല്‍കിയിട്ടുള്ള പ്രവാചകന്‍മാരത്രെ അവര്‍. ആദമിന്‍റെ സന്തതികളില്‍ പെട്ടവരും, നൂഹിനോടൊപ്പെം നാം കപ്പലില്‍ കയറ്റിയവരില്‍പെട്ടവരും ഇബ്രാഹീമിന്‍റെയും ഇസ്രായീലിന്‍റെയും സന്തതികളില്‍ പെട്ടവരും, നാം നേര്‍വഴിയിലാക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരില്‍ പെട്ടവരുമത്രെ അവര്‍. പരമകാരുണികന്‍റെ തെളിവുകള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കപ്പെടുന്ന പക്ഷം പ്രണമിക്കുന്നവരും കരയുന്നവരുമായി ക്കൊണ്ട് അവര്‍ താഴെ വീഴുന്നതാണ്‌.
19-Maryam : 58

ദൈവീക മാര്‍ഗ്ഗത്തില്‍ സുസ്ഥിരത കൈവരിച്ച നാല് സരണിയിലുള്ളവരെ വ്യക്തമാക്കുന്നതാണ് 4/69 ലെ പരാമര്‍ശം.
▪️وَمَن يُطِعِ ٱللَّهَ وَٱلرَّسُولَ فَأُو۟لَٰٓئِكَ مَعَ ٱلَّذِينَ أَنْعَمَ ٱللَّهُ عَلَيْهِم مِّنَ ٱلنَّبِيِّۦنَ وَٱلصِّدِّيقِينَ وَٱلشُّهَدَآءِ وَٱلصَّٰلِحِينَ ۚ وَحَسُنَ أُو۟لَٰٓئِكَ رَفِيقًا
ആര്‍ അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്‍മാര്‍, സത്യസന്ധന്‍മാര്‍, സത്യസാക്ഷികള്‍, സച്ചരിതന്‍മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍!
4-An-Nisa : 69

പരസ്പര പൂരകങ്ങളായ നാല് വിഭാഗങ്ങളെയാണ് വേദം അനുഗ്രഹപാത്രരായി പരിചയപ്പെടുത്തുന്നത്. പ്രവാചകന്‍മാര്‍, സത്യസന്ധന്മാര്‍, സത്യസാക്ഷികള്‍, സച്ചരിതന്‍മാര്‍ എന്നിവരാണ് ആ നാല് വിഭാഗം.

(ദൈവാധീനത്താല്‍ തുടരും)

About Fasalullah Hussain

Quran

Research

Comments (0)

Leave a Reply

No comments yet. Be the first to share your thoughts!