Quran

അല്‍ ഫാതിഹ 31

Fasalullah Hussain
Published on June 13, 2026

അല്‍ ഫാതിഹ: 31
▪️🔅🔅▪️🔅▪️🔅🔅▪️

അല്‍ ഫാതിഹയുടെ അവസാന സൂക്തത്തിന്‍റെ രണ്ടാം ഭാഗം പൈശാചിക ദുര്‍ബോധനങ്ങളില്‍ ആമഗ്നമായവരുടെ പാത അവലംബിക്കരുതെന്നതാണ്. അത് രണ്ട് വിഭാഗമായിട്ടാണ് അല്‍ലാഹു ബോധ്യമാക്കുന്നത്. 1) ദൈവകോപത്തിന് പാത്രീഭവിച്ചവര്‍ ( ٱلْمَغْضُوبِ عَلَيْهِمْ) 2) മാര്‍ഗഭ്രംശം സംഭവിച്ചവര്‍ (الضَّالِّينَ) എന്നീവിഭാഗങ്ങളാണ്.

ഖുര്‍ ആനില്‍ അഞ്ച് രീതിയില്‍ 24 തവണ മാത്രം വന്നിട്ടുള്ള പദങ്ങളാണ് غ-ض-ب എന്ന മൂലപദത്തില്‍ നിന്നും നിഷ്പന്നമായിട്ടുള്ളത്. غضب എന്നത് കോപം എന്നാണ് പ്രധാന അര്‍ത്ഥം.അതില്‍ ഇരുപതോളം സ്ഥലങ്ങളിലും ദൈവകോപം എന്ന നിലയില്‍  غَضَبٌ مِّنَ ٱللَّهِ എന്നോ അതിന് സമാന രൂപത്തിലോ ആണ് വന്നിട്ടുള്ളത്. അതിന് വിരുദ്ധമായി പ്രവാചകന്‍ മൂസയും  യൂനുസും സ്വസമൂഹത്തോട്  കോപിച്ചത് മാത്രമാണ് വന്നിട്ടുള്ളത്. 
ദൈവകോപത്തിന് പാത്രീഭവിക്കാനുള്ള കാരണങ്ങളില്‍ പ്രധാനമായത് ദൈവേതര ശക്തികളെ അവലംബിക്കുന്നതാണ്. അതുപോലെ  വേദേതര നിര്‍ദ്ദേശങ്ങളെ പ്രമാണവല്‍ക്കരിക്കുന്ന തും.
▪️إِنَّ ٱلَّذِينَ ٱتَّخَذُوا۟ ٱلْعِجْلَ سَيَنَالُهُمْ غَضَبٌ مِّن رَّبِّهِمْ وَذِلَّةٌ فِى ٱلْحَيَوٰةِ ٱلدُّنْيَا ۚ وَكَذَٰلِكَ نَجْزِى ٱلْمُفْتَرِينَ
പശുക്കിടാവിനെ ദൈവമാക്കിയവരെ അവരുടെ നാഥന്റെ കോപം ബാധിക്കുക തന്നെ ചെയ്യും. ഐഹികജീവിതത്തില്‍ അവര്‍ക്ക് നിന്ദ്യതയാണുണ്ടാവുക. കള്ളം കെട്ടിച്ചമക്കുന്നവര്‍ക്ക് നാം ഇവ്വിധമാണ് പ്രതിഫലം നല്‍കുക.
7-Al-A'raf : 152

അപ്രകാരം തന്നെ 16/106 ഉം ഇതിനെ ബലപ്പെടുത്തുന്നു.
▪️مَن كَفَرَ بِٱللَّهِ مِنۢ بَعْدِ إِيمَٰنِهِۦٓ إِلَّا مَنْ أُكْرِهَ وَقَلْبُهُۥ مُطْمَئِنٌّۢ بِٱلْإِيمَٰنِ وَلَٰكِن مَّن شَرَحَ بِٱلْكُفْرِ صَدْرًا فَعَلَيْهِمْ غَضَبٌ مِّنَ ٱللَّهِ وَلَهُمْ عَذَابٌ عَظِيمٌ
അല്ലാഹുവില്‍ വിശ്വസിച്ചശേഷം അവിശ്വസിച്ചവന്‍, തുറന്ന മനസ്സോടെ സത്യനിഷേധം അംഗീകരിച്ചവരാണെങ്കില്‍ അവരുടെ മേല്‍ ദൈവകോപമുണ്ട്. കടുത്ത ശിക്ഷയും. എന്നാല്‍ തങ്ങളുടെ മനസ്സ് സത്യവിശ്വാസത്തില്‍ ശാന്തി നേടിയതായിരിക്കെ നിര്‍ബന്ധിതരായി അങ്ങനെ ചെയ്യുന്നവര്‍ക്കിതു ബാധകമല്ല.
16-An-Nahl : 106 ദൈവകോപത്തിന് മറ്റൊരു കാരണം  വേദനിരാസവും പ്രവാചക അവജ്ഞയുമാണ്.
▪️بِئْسَمَا ٱشْتَرَوْا۟ بِهِۦٓ أَنفُسَهُمْ أَن يَكْفُرُوا۟ بِمَآ أَنزَلَ ٱللَّهُ بَغْيًا أَن يُنَزِّلَ ٱللَّهُ مِن فَضْلِهِۦ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦ ۖ فَبَآءُو بِغَضَبٍ عَلَىٰ غَضَبٍ ۚ وَلِلْكَٰفِرِينَ عَذَابٌ مُّهِينٌ
അല്ലാഹു അവതരിപ്പിച്ചതിനെ തള്ളിക്കളഞ്ഞതിലൂടെ ‎അവര്‍ സ്വയംവിറ്റുവാങ്ങിയത് എത്ര ചീത്ത. അതിനവരെ ‎പ്രേരിപ്പിച്ചതോ, ദൈവം തന്റെ ഔദാര്യം തന്റെ ‎ദാസന്മാരില്‍ താനിഷ്ടപ്പെടുന്നവര്‍ക്ക് നല്‍കിയതിലെ ‎അമര്‍ഷവും. അതിനാലവര്‍ കൊടിയ ‎ദൈവികകോപത്തിനിരയായി. സത്യനിഷേധികള്‍ക്ക് ‎ഏറെ നിന്ദ്യമായ ശിക്ഷയാണുള്ളത്. ‎
2-Al-Baqara : 90

എന്നാല്‍ പാരമ്പര്യ വ്യാഖ്യാനം അനുസരിച്ച് ٱلْمَغْضُوبِ عَلَيْهِمْ (ആരിലാണോ ദൈവീക  കോപം ആപതിച്ചത്) അവര്‍ ജൂതന്മാരാണെന്ന വേദവിരുദ്ധ പരാമര്‍ശം കാണാം. അതിനായി അവര്‍ പ്രവാചക വചനമെന്ന രീതിയില്‍ തിര്‍മ്മിതിയുടെ നിവേദനം ഉദ്ധരിക്കുകയും ചെയ്യുന്നു.
▫️عَنْ عَدِيِّ بْنِ حَاتِمٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏:‏ الْيَهُودُ مَغْضُوبٌ عَلَيْهِمْ وَالنَّصَارَى ضُلاَّلٌ ‏‏
അദിയ്യ് ഇബ്നു ഹാതി (റ)മില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: യഹൂദികളാണ് അല്ലാഹുവിന്റെ കോപത്തിനിരയായവ൪, ക്രിസ്ത്യാനികളാണ് വഴിപിഴച്ചവര്‍. (തി൪മിദി:2954)

കോപവിധേയര്‍ യഹൂദികളും വഴിപിഴച്ചവര്‍ ക്രിസ്ത്യാനികളുമാണെന്ന് വരുവാന്‍ കാരണമെന്താണെന്നും അവര്‍ വ്യാഖ്യാനിക്കുന്നുണ്ട്.  സത്യം മനസ്സിലാക്കിയിട്ടും അത് സ്വീകരിക്കുകയോ അതനുസരിച്ച് പ്രവ൪ത്തിക്കുകയോ ചെയ്യാത്തതിനാലാണ് യഹൂദികള്‍  അല്ലാഹുവിന്റെ കോപത്തിനിരയായതെന്നും എന്നാല്‍ ക്രിസ്ത്യാനികളാകട്ടെ, അവ൪ പ്രവ൪ത്തിച്ചവരാണ്. എന്നാല്‍ അവ൪ പ്രവ൪ത്തിച്ചത് അല്ലാഹുവില്‍ നിന്നുള്ള വേദത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. അതുകൊണ്ടാണ് അവ൪ വഴിപിഴച്ചവരായതെന്നും പറയുന്നു.
എന്നാല്‍ ഖുര്‍ ആന്‍ ഈ ദുര്‍വ്യാഖ്യാനത്തെ ഖണ്ഡിക്കുന്നു.അല്‍ മുജാദില അദ്ധ്യായത്തിലെ 14ാം വചനം കൃത്യമായി 
ദൈവകോപത്തിന്  ഇരയായവര്‍ ജൂതന്മാരെല്ലെന്ന് പ്രഖ്യാപിക്കുന്നു.
▪️أَلَمْ تَرَ إِلَى ٱلَّذِينَ تَوَلَّوْا۟ قَوْمًا غَضِبَ ٱللَّهُ عَلَيْهِم مَّا هُم مِّنكُمْ وَلَا مِنْهُمْ وَيَحْلِفُونَ عَلَى ٱلْكَذِبِ وَهُمْ يَعْلَمُونَ
ദൈവകോപത്തിന്നിരയായ ജനത യുമായി ഉറ്റബന്ധം സ്ഥാപിച്ച കപടവിശ്വാസികളെ നീ കണ്ടില്ലേ? അവര്‍ നിങ്ങളില്‍ പെട്ടവരോ അവരില്‍ (ജൂതന്മാരില്‍) പെട്ടവരോ അല്ല. അവര്‍ ബോധപൂര്‍വം കള്ളസത്യം ചെയ്യുകയാണ്. 
സമീപസൂക്തസാഹചര്യമാണ് ജൂതരാരാണ് പരാമര്‍ശമെന്നതിന് തെളിവ്. എന്തായാലും ഒരു സമൂഹത്തെ ഖുര്‍ആന്‍ പോലുള്ള മാനവികദര്‍ശനം ഇകഴ്തുകയോ തേജോവധം ചെയ്യകയോ പരിമിതപ്പെടുത്തി പറയുകയോ ഇല്ലെന്ന ബോധ്യം അനിവാര്യമാണ്. വേദ നിഷേധികളും ധിക്കാരികളും  ആരുമാകട്ടെ അവര്‍ ദൈവകോപത്തിന് വിധേയരായവര്‍ തന്നെയാണ്. അവരുടെ പാത പൈശാചിക മാര്‍ഗ്ഗം ആയതിനാല്‍ ആ വഴി പിന്തുടരരുതെന്നാണ് വേദം നിര്‍ദ്ദേശിക്കുന്നത്.
(ദൈവാധീനത്താല്‍ തുടരും)

About Fasalullah Hussain

Quran

Research

Comments (0)

Leave a Reply

No comments yet. Be the first to share your thoughts!