അല്‍ ഫാതിഹ 32
അല്‍ ഫാതിഹ 32
🔅▪️🔅▪️🔅▪️🔅▪️🔅
7️⃣ صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ٧
(നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.)
ഖുര്‍ ആനിലെ പ്രഥമ സര്‍ഗ്ഗത്തിലെ അവസാന പദം വളരെയധികം പഠനാര്‍ഹവും ചിന്തോദ്ദീപകവുമാണ്. ആരാണ് ٱلضَّلَٰلَةَ ല്‍ ഉള്ളവര്‍ അഥവാ വഴിപിഴച്ചവര്‍? നേര്‍മാര്‍ഗ്ഗലബ്ധിക്ക് വിഘ്നം നില്‍ക്കുന്നവര്‍ ആരാണെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് വേദം 191 തവണ എട്ട് രൂപങ്ങളില്‍ ആവര്‍ത്തിതമായ, ض-ل-ل എന്ന മൂലപദത്തില്‍ നിന്നും നിഷ്പന്നമായ പദരൂപങ്ങളാല്‍ വ്യക്തമാക്കുന്നത്.ٱلْهُدَىٰ എന്നതിന്‍റെ വിപരീതമായിട്ടാണ് വേദം ٱلضَّلَٰلَةَ ന്‍റെ വിവിധ രൂപങ്ങള്‍ പ്രയോഗിക്കുന്നത്.
▪️ أُو۟لَٰٓئِكَ ٱلَّذِينَ ٱشْتَرَوُا۟ ٱلضَّلَٰلَةَ بِٱلْهُدَىٰ فَمَا رَبِحَت تِّجَٰرَتُهُمْ وَمَا كَانُوا۟ مُهْتَدِينَ
സന്മാര്‍ഗം വിറ്റ് പകരം ദുര്‍മാര്‍ഗം വാങ്ങിയവരാകുന്നു അവര്‍. എന്നാല്‍ അവരുടെ കച്ചവടം ലാഭകരമാവുകയോ, അവര്‍ ലക്ഷ്യം പ്രാപിക്കുകയോ ചെയ്തില്ല.
2-Al-Baqara : 16
അതായത് ദൈവീക നിര്‍ദ്ദേശങ്ങളില്‍ കലര്‍പ്പുണ്ടാക്കി അതിന്‍റെ യഥാര്‍ത്ഥ ഗുണം ഇല്ലാതാക്കുന്ന പ്രവര്‍ത്തനമാണ് ഇത്. പാലില്‍ വെള്ളം ചേര്‍ക്കുന്നത് വഴി പാലിന്‍റെ സകലഗുണങ്ങളും അപ്രത്യക്ഷമാവുകയും അവ പരസ്പരം തിരിച്ചറിയാനോ വേര്‍തിരിക്കാനോ അസാധ്യമാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് ഇതെന്ന് ഭാഷാപണ്ഡിതര്‍ ഉദാഹരിക്കുന്നു.
വിശ്വാസവും പ്രമാണവിരുദ്ധമായ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൂട്ടിക്കലര്‍ത്തലാണ് ഇത്.
▪️ إِنَّ ٱلَّذِينَ كَفَرُوا۟ بَعْدَ إِيمَٰنِهِمْ ثُمَّ ٱزْدَادُوا۟ كُفْرًا لَّن تُقْبَلَ تَوْبَتُهُمْ وَأُو۟لَٰٓئِكَ هُمُ ٱلضَّآلُّونَ
വിശ്വസിച്ചതിന് ശേഷം അവിശ്വാസികളായി മാറുകയും, അവിശ്വാസം കൂടിക്കൂടി വരികയും ചെയ്ത വിഭാഗത്തിന്‍റെ പശ്ചാത്താപം ഒരിക്കലും സ്വീകരിക്കപ്പെടുകയില്ല. അവരത്രെ വഴിപിഴച്ചവര്‍.
3-Al Imran : 90
അല്‍ലാഹുവിന്‍റെ മാര്‍ഗ്ഗം ഏതെന്നും പൈശാചിക മാര്‍ഗ്ഗം ഏതെന്നും വ്യതിരിക്തമാക്കി പ്രഖ്യാപിക്കുകയാണ് സൂക്തം. അതില്‍ وَلَا ٱلضَّآلِّينَ എന്നത് صِرَٰطَ ന്‍റെ ഒരു ശാഖയാണ്.
ഖുര്‍ആനിക പരിപ്രേക്ഷ്യത്തില്‍ പഠനം നടത്തിയാല്‍ ضَلٰالَة രണ്ട് വിധമുണ്ടെന്ന് വിലയിരുത്താം. വേദജ്ഞാനം ലഭ്യമാകാത്ത അവസ്ഥയാണ് ഒന്ന്. അത് ബോധപൂര്‍വ്വമുള്ളതാകണമെന്നില്ല. അജ്ഞതമൂലവും ചുറ്റുപാടും സാഹചര്യവും ഭൂരിപക്ഷത്തോടൊപ്പമുള്ള ഇടപഴകലും മൂലം ഊഹത്തിന്‍റെ പിന്‍ബലത്തില്‍ മാത്രമുള്ള മാര്‍ഗ്ഗഭ്രംശമാണ്. അവര്‍ക്ക് എപ്പോഴാണോ നേര്‍മ്മാര്‍ഗ്ഗദര്‍ശനം പ്രാപ്യമാകുന്നത് അപ്പോള്‍ അവര്‍ നേര്‍വഴിയിലേക്ക് ത്വരിതഗമനം നടത്തുന്നതാണ്.
എന്നാല്‍ വേദം ലഭ്യമായിട്ടും ധിക്കാരപൂര്‍വ്വമുള്ള നിഷേധവും പൈശാചികമാര്‍ഗ്ഗം (ദൈവേതരപ്രത്യയശാസ്ത്രം) ബോധപൂര്‍വ്വം അനുധാവനം ചെയ്യുകവഴി അകപ്പെടുന്നതാണ് മറ്റോന്ന്. അവര്‍ സ്വേഛക്കനുസരിച്ച് മാത്രം മാര്‍ഗ്ഗം സ്വീകരിക്കുന്നവരാണ്.
പ്രവാചകന്‍ ആദ്യകാലത്ത് ദൈവീക ബോധനം ലഭിക്കാത്ത വ്യക്തിയായിരുന്നുവെന്നും ബോധനലബ്ധിക്ക് ശേഷമാണ് هِدَٰیة എന്ന നേര്‍മാര്‍ഗ്ഗദര്‍ശനം ഉപലബ്ധമായതെന്നും ഖുര്‍ ആന്‍ ഉണര്‍ത്തുന്നു. وَوَجَدَكَ ضَآلًّا فَهَدَىٰ (നിന്നെ അവന്‍ വഴി അറിയാത്തവനായി കണ്ടെത്തുകയും എന്നിട്ട് (നിനക്ക്) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു.
93-Ad-Dhuha : 7) അപ്പോള്‍ എന്താണ് ضلالةന്‍റെ പ്രാഥമിക രൂപം എന്നത് വ്യക്തമാക്കുകയാണ് ഈ സൂക്തത്തിന്‍റെ ലക്ഷ്യം. പൈശാചിക ദുര്‍ബോധനങ്ങളില്‍ അകപ്പെട്ടവര്‍ തന്നെയാവണമില്ലെന്നും ഒരുവേള ദൈവീക ബോധനം കരഗതമാക്കാത്തവരും ٱلضَّآلِّينَ ആണെന്ന് സാരം.
പ്രവാചകന്‍ പൈശാചിക ദുര്‍ബോധനങ്ങളില്‍ വശംവദരാവാത്ത തരത്തലുള്ള വ്യക്തിത്വമാണ്.
പ്രവാചകൻ മുഹമ്മദ് സത്യാന്വേഷണത്തിനായി ചിന്തിക്കുകയും പരിശ്രമിക്കുകയും ചെയ്‌തപ്പോൾ, അതായത്, ഖുർആനിന്റെ അവതരണത്തിനുമുമ്പ്,സ്വസമൂഹത്തിന്‍റെ ദുരവസ്ഥയില്‍ ദുഖിതനും
അസന്തുഷ്ടനും അസംതൃപ്തനുമായിരുന്നു എന്നത് വാസ്തവമാണ്. ഖുർആൻ ആ അവസ്ഥയെയാണ് وَوَجَدَکَ ضَالاًّ എന്ന് (93:7) വിശേഷിപ്പിച്ചിട്ടുള്ളത്. ഒരു സന്ദേശവാഹകൻ, പ്രവാചകത്വത്തിന് മുമ്പുതന്നെ, തന്റെ സമൂഹത്തിലെ ജീവിതശൈലിയെക്കുറിച്ചും തെറ്റായ ആശയങ്ങളിലും വിശ്വാസങ്ങളിലും മുഴുകി അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും അത്യാചാരങ്ങളിലും മുഴുകുന്നത് കാണുമ്പോഴുണ്ടാകുന്ന അസന്തുഷ്ടിയും അസംതൃപ്തിയുമാണ് ഒരു വിധത്തിലുള്ള മാര്‍ഗഭ്രംശം. യഥാർത്ഥ ദൈവീക ആശയങ്ങൾ അദ്ദേഹത്തിന് വെളിപ്പെട്ടിട്ടില്ലാത്തതിനാൽ, അവൻ സത്യപാതയിലേക്ക് നയിക്കപ്പെടുന്നതിന് പരിശ്രമിക്കുന്നു.
പ്രവാചകന് എപ്പോഴാണോ ദൈവത്തിൽ നിന്ന് ഒരു വെളിപാടായി മാർഗനിർദേശം ലഭിച്ചത് അതു മുതല്‍ പൂര്‍വ്വമാര്‍ഗം ഉപേക്ഷിക്കുകയും ദൈവിക മാർഗനിർദേശത്തിനനുസരിച്ച് അദ്ദേഹത്തിന് ഒരു പുതിയ ദിശ ലഭിക്കുകയും ചെയ്യുന്നു.
സൂറ: ഇബ്രാഹിമിൽ, കർമ്മങ്ങൾ ഫലമില്ലാതെ തുടരുന്നതിനും പരിശ്രമങ്ങൾ പരാജയപ്പെടുന്നതിനും, ضَلَالٌ എന്ന് പറയുന്നു.
സൂറ: അൽ കഹഫിൽ (18:104) ضَلَّ سَعْیُہُمْ (വിഫലമായ പ്രയത്നങ്ങള്‍ )എന്ന് വന്നിട്ടുണ്ട്. അതില്‍ നിന്നും ലക്ഷ്യബോധമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ضَلاٰلَة ആണെന്നത് വ്യക്തമാണ്. അതിനാല്‍ പ്രവാചകന്റെ പൂര്‍വ്വകാലപ്രവര്‍ത്തനങ്ങള്‍ക്ക് ആത്യന്തിക മോചനപ്രക്രീയയെന്ന ലക്ഷ്യം ഇല്ലാത്തതായിരുന്നുവെന്നും ബോധനലബ്ധിയിലൂടെ അതിന് ലക്ഷ്യപ്രാപ്തി കൈവരിച്ചു എന്നുമാണ് മനസിലാക്കേണ്ടത്.
(ദൈവാധീനത്താല്‍ തുടരും)
Comments (0)
Leave a Reply
No comments yet. Be the first to share your thoughts!