Quran

അല്‍ ഫാതിഹ 34

Fasalullah Hussain
Published on June 13, 2026

അല്‍ ഫാതിഹ: 34
🔅▪️🔅▪️▪️▪️🔅▪️🔅

7️⃣ صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ٧۝
(നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.)

അല്‍ ഫാതിഹ: ഏഴാം സൂക്തത്തിലെ എട്ടാം പദമായ ٱلضَّآلِّينَ (പിഴച്ചവര്‍) എന്ന പ്രയോഗത്തിന്‍റെ വിശദീകരണമായിട്ടാണ്  أَضَلُّ سَبِيل എന്ന പ്രയോഗം. ഈ വിശേഷണത്തിന് അര്‍ഹരാകാനുള്ള കാരണങ്ങളില്‍ പ്രധാനം ദൈവത്തിന് പകരം ദൈവത്തെ നിരൂപിക്കലാണ്. അതിന്‍റെ പ്രാവര്‍ത്തിക രൂപം ദൈവശാസനകള്‍ക്ക് പകരം സമാന്തര സരണി(പ്രമാണം) നടപ്പിലാക്കലുമാണ്. അവര്‍ക്കാണ് ദൈവകോപവും ദൈവശാപവും നീചജീവിതവും ലഭ്യമാകുക.
▪️قُلْ هَلْ أُنَبِّئُكُم بِشَرٍّ مِّن ذَٰلِكَ مَثُوبَةً عِندَ ٱللَّهِ ۚ مَن لَّعَنَهُ ٱللَّهُ وَغَضِبَ عَلَيْهِ وَجَعَلَ مِنْهُمُ ٱلْقِرَدَةَ وَٱلْخَنَازِيرَ وَعَبَدَ ٱلطَّٰغُوتَ ۚ أُو۟لَٰٓئِكَ شَرٌّ مَّكَانًا وَأَضَلُّ عَن سَوَآءِ ٱلسَّبِيلِ
പറയുക: എന്നാല്‍ അല്ലാഹുവിന്‍റെ അടുക്കല്‍ അതിനെക്കാള്‍ മോശമായ പ്രതിഫലമുള്ളവരെ പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെയോ? ഏതൊരു വിഭാഗത്തെ അല്ലാഹു ശപിക്കുകയും അവരോടവന്‍ കോപിക്കുകയും ചെയ്തുവോ, ഏത് വിഭാഗത്തില്‍ പെട്ടവരെ അല്ലാഹു കുരങ്ങുകളും പന്നികളുമാക്കിത്തീര്‍ത്തുവോ, ഏതൊരു വിഭാഗം ദുര്‍മൂര്‍ത്തികളെ ആരാധിച്ചുവോ അവരത്രെ ഏറ്റവും മോശമായ സ്ഥാനമുള്ളവരും നേര്‍മാര്‍ഗത്തില്‍ നിന്ന് ഏറെ പിഴച്ച് പോയവരും.
5-Al-Ma'ida : 60

ഈ സൂക്തം أَضَلُّ سَبِيل (ഏറ്റവും വഴിപിഴച്ചവര്‍) എന്ന് വ്യക്തമാക്കിയ നാല് വിഭാഗങ്ങളെയാണ് സൂക്തം പരിചയപ്പെടുത്തുന്നത്. അതിന് നിദാനം ദുര്‍മൂര്‍ത്തികളെ ആരാധിക്കുന്നതാണെന്നും വ്യക്തമാക്കുന്നു. അതായത് ആരാണോ عَبَدَ ٱلطَّٰغُوتَ (ദൈവേതര പ്രത്യയശാസ്ത്രത്തിന് കീഴൊതുങ്ങിയവര്‍) അവരെയാണ് അല്‍ലാഹു 
1)ദൈവശാപത്തിന് വിധേയരാക്കുക.
2) ദൈവകോപത്തിന് പാത്രീഭവിപ്പിക്കുക.(അവരെയാണല്ലോ സൂക്തത്തിന്‍റെ  ആദ്യഭാഗത്ത് ٱلْمَغْضُوب എന്ന് വിശേഷിപ്പിച്ചത്.)
3) കുരങ്ങുകളായി മാറ്റപ്പെട്ടവര്‍. 
4)പന്നികളായി മാറ്റപ്പെട്ടവര്‍. 
ഇവിടെ  3-ഉം 4-ഉം വിഭാഗങ്ങളെ   (وَجَعَلَ مِنْهُمُ ٱلْقِرَدَةَ وَٱلْخَنَازِيرَ)
അവരില്‍കുരങ്ങുകളും പന്നികളുമായി മാറ്റപ്പെട്ടവര്‍ എന്നത് അക്ഷരാര്‍ത്ഥത്തില്‍ രൂപമാറ്റം വരുത്തപ്പെട്ടു എന്ന് അനുമാനിക്കുന്നവരെ എതിര്‍ക്കുകയല്ല, പകരം അത് ആശയതലത്തില്‍ ഉള്‍കൊള്ളലാണ് വേദലക്ഷ്യത്തിന്‍റെ സാക്ഷാത്കാരം എന്ന് ബോധിപ്പിക്കുക മാത്രമാണ്.അതായത് പന്നിയുടേയും കുരങ്ങിന്‍റെയും പ്രകടസ്വഭാവ സവിശേഷതകളിലേക്ക് മനുഷ്യര്‍ ആപതിച്ച് പോകുകയും ചെയ്യുക എന്നതാണ് ആകാരമാറ്റമാണെന്ന് വിശ്വസിക്കുന്നതിനേക്കാള്‍ കൂടുതല്‍ അഭികാമ്യം.

അല്‍ലാഹു വേദനിഷേധികളുടെ  അല്ലെങ്കില്‍ വഴിപിഴച്ചവരുടെ പരിണിതി വ്യക്തമാകുന്നതിനാണ് (അവരെ കുരങ്ങുകളും പന്നികളുമായി പരിണമിപ്പിച്ചു) എന്ന് പറയുന്നത്. അതിന്‍റെ യഥാര്‍ത്ഥ ആശയം ഭാഷാപരമായി ലഭ്യമാകുക ഇപ്രകാരമാണ്.
വസ്ത്രങ്ങള്‍ നെയ്തെടുക്കാന്‍ ഉപയോഗിക്കുന്ന നൂലുകളും നാരുകളും രോമങ്ങളും കെട്ട്പിണഞ്ഞ് ഉപയോഗശൂന്യമായ അവസ്ഥ സംജാതമാക്കുന്നതിനെയാണ് ഭാഷയില്‍ ُٱلْقَرَد ‍ എന്ന് വ്യവഹരിക്കുന്നത്. മനുഷ്യ ചിന്തകള്‍ സത്യവും അസത്യവും വേര്‍തിരിക്കാന്‍ പറ്റാത്ത വിധത്തില്‍ യുക്തിരഹിതമാകുക യാണ് പദപ്രയോഗത്തിലൂടെ വേദം ലക്ഷ്യമിടുന്നത്. അല്ലാതെ ആകാരത്തില്‍ കുരങ്ങായി പരിണമിക്കലല്ല എന്ന് സാരം.
അതുപോലെ വേദാശങ്ങള്‍ ഉള്‍കൊള്ളാത്ത കഠിനഹൃദയരെ സൂചിപ്പിക്കുന്നതിനാണ് ٱلْخَنَازِيرَ എന്ന് ഇവിടെ  ഉപയോഗിച്ചിട്ടുള്ളത്. പന്നിയുടെ ഗുണങ്ങള്‍ അധോമുഖ(നെഗറ്റീവ്) പരിണിതിയാണ് പ്രകടമാക്കുന്നത് എന്നും ഭാഷാപണ്ഡിതര്‍ സമര്‍ത്ഥിക്കുന്നു.  കൂടുതല്‍ വിശകലനം ദൈവാധീനത്താല്‍ പിന്നീട് ചെയ്യാം എന്ന് കരുതുന്നു.

അതിനാല്‍ ആരാണ് യഥാര്‍ത്ഥത്തില്‍ വഴിപിഴച്ചവരെന്ന് ബോധ്യമായിക്കാണും. പാരമ്പര്യ വിശ്വാസികളില്‍ ഭൂരിഭാഗം വിലയിരുത്തുന്നത് പോലെ അത് ക്രൈസ്തവ സമൂഹം മാത്രമാണെന്ന ( الْيَهُودُ مَغْضُوبٌ عَلَيْهِمْ وَالنَّصَارَى ضُلاَّلٌ) തി൪മിദി: 2954ാം നമ്പര്‍  'ഹദീസിന്‍റെ' ആശയം തീര്‍ത്തും  ‏‏ മാനവീകതക്ക് വിരുദ്ധമായതും  വിഭാഗീയതാതല്‍പരപരവും പക്ഷപാതപരവുമായ വ്യാഖ്യാനവുമാണ്. അത് ഖുര്‍ ആനികമേയല്ല. ത്രിത്വത്തില്‍ വിശ്വസിക്കുകയും ഏശു(ഈസ)വിനെ ദൈവപുത്രനായി ആരാധ്യനാക്കുകയും ചെയ്യുക എന്ന മഹാപരാധം ചെയ്യുന്നവര്‍ (ٱلضَّآلِّينَ) വഴിപിഴച്ചവരാണെന്നതില്‍ പക്ഷാന്തരവുമില്ല. എന്നാല്‍ അവര്‍ മാത്രമാണെന്ന വാദം വേദതാല്‍പര്യമല്ല എന്നാണ് ഖുര്‍ ആന്‍ ഭാഷ്യം. കാരണം ٱلضَّآلِّينَ എന്ന ഖുര്‍ആനിക  പ്രയോഗത്തിന്‍റെ വിവക്ഷ 'ഖുര്‍ആന്‍ വക്താക്ക'ളായി ചമയുന്നവരില്‍ പോലും പ്രകടമാണ് എന്നത് തന്നെ.
(ദൈവാധീനത്താല്‍ തുടരും)

About Fasalullah Hussain

Quran

Research

Comments (0)

Leave a Reply

No comments yet. Be the first to share your thoughts!