Quran

അല്‍ ഫാതിഹ 35

Fasalullah Hussain
Published on June 13, 2026

അല്‍ ഫാതിഹ: 35
🔅▪️🔅▪️▪️▪️🔅▪️🔅

7️⃣ صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ٧۝
(നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.)

അല്‍ ഫാതിഹ:യുടെ സമാപനസൂക്തത്തിലെ അവസാന പദമായ ٱلضَّآلِّينَ (പിഴച്ചവര്‍) എന്ന പ്രയോഗം ദൈവത്തേയും വേദത്തേയും ദൈവ ദൂതന്മാരേയും  നിഷേധിക്കുകയും ദൈവേതരശക്തികളേയും വേദേതരവും ദൈവപ്രോക്തമല്ലാത്തതുമായ പൈശാചികവചനങ്ങളെ പ്രമാണവല്‍ക്കരിക്കുകയും പ്രവാചകന്മാര്‍ക്ക് മനുഷ്യത്വ രഹിതവും മാനവവിരുദ്ധവുമായ നിരവധി മ്ലേഛമായ വിശേഷണങ്ങള്‍ ചാര്‍ത്തിക്കൊടുക്കുകയും ചെയ്യുന്നവരാണ്. 

യാസീന്‍ എന്ന അദ്ധ്യായത്തിലെ 60, 61, 62 സൂക്തങ്ങളില്‍ ഈ വിഷയങ്ങള്‍ വ്യക്തമാകുന്നുണ്ട്.
▪️أَلَمْ أَعْهَدْ إِلَيْكُمْ يَٰبَنِىٓ ءَادَمَ أَن لَّا تَعْبُدُوا۟ ٱلشَّيْطَٰنَ ۖ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ
ആദം സന്തതികളേ, ഞാന്‍ നിങ്ങളോട് കരാര്‍ വാങ്ങിയില്ലേ, നിങ്ങള്‍ പിശാചിന് വഴിപ്പെടരുതെന്ന്. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ക്ക് പ്രത്യക്ഷശത്രുവാകുന്നു.
36-Ya Sin : 60
 സകലമനുഷ്യരില്‍ നിന്നുമുള്ള ആദിമകരാര്‍ അനുസരിച്ചുള്ള പ്രഖ്യാപനമാണ്  (‍إِيَّاكَ نَعْبُدُ - നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു.) എന്നത്. ആ കരാര്‍ പാലനത്തേക്കുറിച്ചുള്ള ഉണര്‍ത്തലാണ് സൂക്തപ്രമേയം. عِبَادَة ദൈവത്തോട് മാത്രമായിരിക്കണമെന്ന ശാസനയുടെ  നിഷേധമാണ് تَعْبُدُوا۟ ٱلشَّيْطَٰنَ എന്നത്. ദൈവേതര ശക്തികളും പ്രമാണങ്ങളും മനുഷ്യനെ ആത്യന്തിക നാശത്തിലേക്ക് നയിക്കുന്നതിനുമാത്രം ഉതകുന്നതാണ്. തുടര്‍ന്ന് 36/61 ല്‍ وَأَنِ ٱعْبُدُونِى ۚ هَٰذَا صِرَٰطٌ مُّسْتَقِيمٌ
നിങ്ങള്‍ എനിക്ക് മാത്രം  വഴിപ്പെടുവിന്‍. ഇതാണ് നേരായ മാര്‍ഗം എന്ന പ്രസ്താവന പ്രഥമ പ്രാര്‍ത്ഥനയായ صِرَٰطٌ مُّسْتَقِيمٌ - നേര്‍മാര്‍ഗ്ഗത്തിലുള്ള ചിരപ്രതിഷ്ഠ ) എന്താണെന്ന് കൂടി വ്യക്തമാക്കുന്നു. തുടര്‍ന്ന് 36/62 ല്‍ ▪️وَلَقَدْ أَضَلَّ مِنكُمْ جِبِلًّا كَثِيرًا ۖ أَفَلَمْ تَكُونُوا۟ تَعْقِلُونَ (തീര്‍ച്ചയായും നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് അനേകം സംഘങ്ങളെ അവന്‍ (പിശാച്‌) പിഴപ്പിച്ചിട്ടുണ്ട്‌. എന്നിട്ടും നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുന്നവരായില്ലേ?) എന്ന ചോദ്യം ആരാണ് ٱلضَّآلِّينَ (മാര്‍ഗ്ഗഭ്രംശത്തിന് വിധേയമായവര്‍) എന്നും ബോധ്യമാക്കുന്നു. അതിനാല്‍ ٱلضَّآلِّينَ എന്നത് ഒന്നാമതായി ദൈവേതരശക്തികളെ അവലംബിക്കുന്നവര്‍ തന്നെയാണ്.അതിന് ഇന്നുള്ള സകല ജാതി മതങ്ങളും വശംവദരാണ്. ഇതില്‍  മതവല്‍ക്കരിക്കപ്പെട്ട ''ഇസ്ലാംമതവും'' വിഭിന്നമല്ല.
▪️وَمَنْ أَضَلُّ مِمَّن يَدْعُوا۟ مِن دُونِ ٱللَّهِ مَن لَّا يَسْتَجِيبُ لَهُۥٓ إِلَىٰ يَوْمِ ٱلْقِيَٰمَةِ وَهُمْ عَن دُعَآئِهِمْ غَٰفِلُونَ
അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. 46-Al-Ahqaf : 5.

അല്‍ലാഹുമാത്രമാണ് പ്രാര്‍ത്ഥനക്ക് അര്‍ഹന്‍ എന്ന ബോധ്യവും സഹായാര്‍ത്ഥന അല്‍ലാഹുവോട് മാത്രമെന്ന (إِيَّاكَ نَسْتَعِينُ) എന്ന പ്രതിജ്ഞയും ലംഘിക്കുന്ന വിഭാഗം ആരായാലും അവര്‍ ٱلضَّآلِّينَ ആണെന്നത് നിസ്സംശയമാണ്. എന്നിട്ടും അത് ക്രൈസ്തവര്‍ മാത്രമാണെന്ന പരിമിതപ്പെടുത്തല്‍ ഖുര്‍ ആനിക വീക്ഷണത്തിന് വിരുദ്ധമാണ്. 
അതുപോലെ കഠിനമായ മാര്‍ഗ്ഗഭ്രംശത്തിനുള്ള കാരണമായി വേദം പറയുന്നത് വേദവിരുദ്ധ പ്രമാണങ്ങളെ ഖുര്‍ ആനിനുപരി പ്രാമുഖ്യവും പ്രാധാന്യവും കല്‍പിക്കലാണ്. അത് ഖുര്‍ ആന്‍ നിഷേധം തന്നെയാണ്. 
▪️قُلْ أَرَءَيْتُمْ إِن كَانَ مِنْ عِندِ ٱللَّهِ ثُمَّ كَفَرْتُم بِهِۦ مَنْ أَضَلُّ مِمَّنْ هُوَ فِى شِقَاقٍۭ بَعِيدٍ
നീ പറയുക: നിങ്ങള്‍ ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഇത് (ഖുര്‍ആന്‍) അല്ലാഹുവിങ്കല്‍ നിന്നുള്ളതായിരിക്കുകയും എന്നിട്ട് നിങ്ങളതില്‍ അവിശ്വസിച്ചിരിക്കുകയുമാണെങ്കില്‍ കടുത്ത മാത്സര്യത്തില്‍ കഴിയുന്നവനെക്കാളും കൂടുതല്‍ പിഴച്ച് പോയവന്‍ ആരുണ്ട്‌.?
41-Fussilat : 52

 ഖുര്‍ ആനിക കല്‍പനകള്‍ക്ക് പ്രത്യക്ഷത്തില്‍  വിരുദ്ധമായ 'ഹദീസുകള്‍' പോലും പ്രവാചക വചനമെന്നപേരില്‍ മഹത്വവല്‍ക്കരിക്കുകയും പ്രമാണമാക്കുകയും തദ്വാര  ഖുര്‍ ആനിനെ അവിശ്വസിക്കുകയും പ്രാധാന്യമില്ലാത്തതായി പാര്‍ശ്വവല്‍ക്കരിക്കുകയും ചെയ്യുന്നത് ഇപ്പോള്‍  സര്‍വ്വസാധാരണമായിരിക്കുന്നു. ഇത്തരം മാര്‍ഗ്ഗഭ്രംശം ഏറ്റവും ഗുരുതരമായ വീഴ്ചയാണെന്ന് മേല്‍ സൂക്തം സാക്ഷീകരിക്കുന്നു.
(ദൈവാധീനത്താല്‍ തുടരും)

About Fasalullah Hussain

Quran

Research

Comments (0)

Leave a Reply

No comments yet. Be the first to share your thoughts!