Quran

അല്‍ ഫാതിഹ 36

Fasalullah Hussain
Published on June 13, 2026

അല്‍ ഫാതിഹ: 36
▪️▫️🔅🔅▫️🔅🔅▫️▪️

അല്‍ ഫാതിഹയുടെ വിശദീകരണത്തില്‍ അനിവാര്യമായ ഒരു വിഷയമാണ് أمين പ്രയോഗത്തേ കുറിച്ചുള്ളത്. ആമീന്‍ (أمين) എന്നത് അല്‍ ഫാതിഹയുടെ  ഭാഗമാണെന്ന രീതിയിലാണ് പാരമ്പര്യമായി പഠിപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ أمين(ആമീന്‍) എന്നത് ഖുര്‍ ആനികമേയല്ല എന്നതാണ് വസ്തുത.
പ്രാര്‍ത്ഥനകളുടെ അവസാനത്തില്‍ ആമീന്‍ പറയുക ആചാരവല്‍ക്കരിക്കപ്പെട്ട ഒരു പ്രയോഗം  മാത്രമാണ്. പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കേണമേ അല്ലെങ്കില്‍ സ്വീകരിക്കേണമേ എന്ന ധ്വനിയാണ് ഇതില്‍ അടങ്ങിയിട്ടുള്ളതെന്നതും യഥാര്‍ത്ഥത്തില്‍ വാസ്തവവിരുദ്ധമാണ്. ഒരാള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ കൂടെയുള്ളവര്‍ ''അങ്ങിനെ തന്നെ ഭവിക്കട്ടെ'' എന്ന ഒരര്‍ത്ഥനമാത്രമാണ് (أمين)ആമീന്‍ പ്രയോഗത്തിന്‍റെ ലക്ഷ്യം. 
പ്രാര്‍ത്ഥന അക്ഷരം പ്രതി ഉള്‍കൊള്ളുകയും അതില്‍ ലയിക്കുകയും ചെയ്യുന്ന ആള്‍ ആമീന്‍ പറയേണ്ടതില്ല എന്നതാണ് വസ്തുത.
എന്നാല്‍ അശ്രദ്ധമൂലമോ ,പ്രാര്‍ത്ഥനയുടെ ഭാഷ അറിയായ്ക മൂലമോ പ്രാര്‍ത്ഥനാവാക്യങ്ങളും ആശയവും ഉള്‍കൊള്ളാത്തവരുടെ ഏറ്റവും താഴ്ന നിലയിലുള്ള പ്രതികരണം മാത്രമാണ് أمين (ആമീന്‍) . അതായത് പറയുന്നതെന്തെന്ന് ബോധ്യമാകാത്തവര്‍ താല്‍കാലികമായി ('പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കേണമേ' എന്നല്ല ) ''അങ്ങിനെ തന്നെ ഭവിക്കട്ടെ'' എന്ന ഒരു ഏറ്റ് പറയല്‍ മാത്രമാണ്  ആമീന്‍. ഇത് നമസ്കാരത്തില്‍ പറ്റുമോ എന്നതും പഠനവിധേയമാക്കേണ്ടതുണ്ട്. കാരണം നമസ്കാരത്തിലെ ഒരോ നിര്‍ദ്ദേശങ്ങളും പാരായണങ്ങളും പ്രാര്‍ത്ഥനകളും ബോധ്യത്തോടെ ആയിരിക്കണമെന്നത് വേദ നിര്‍ദ്ദേശമാണ്.
▪️يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَقْرَبُوا۟ ٱلصَّلَوٰةَ وَأَنتُمْ سُكَٰرَىٰ حَتَّىٰ تَعْلَمُوا۟ مَا تَقُولُونَ
സത്യവിശ്വാസികളേ, ചിന്താവിഹീനരായിക്കൊണ്ട് നിങ്ങള്‍ നമസ്കാരത്തെ സമീപിക്കരുത്‌; നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് ബോധമുണ്ടാകുന്നത് വരെ. 4-An-Nisa : 43
അതുകൊണ്ട് തന്നെ നമസ്കാരത്തിലെ പാരായണങ്ങളും പ്രാര്‍ത്ഥനകളും പൂര്‍ണ്ണഫലപ്രാപ്തി കരഗതമാകാന്‍ നല്ല മനസാന്നിധ്യത്തോടെ ആയിരിക്കണം. എന്നിട്ടും നാം ഈണത്തിലും താളത്തിലും ആമീന്‍ മൊഴിയുന്നു അതിന്‍റെ അര്‍ത്ഥം ഉത്തരം നല്‍കേണമേ എന്ന തെറ്റിദ്ധാരണ മൂലം.അതിന് ഉപോല്‍ബലകമായി 'ഹദീസു'കളുടെ നീണ്ട നിര നിരത്തുകയും ചെയ്യുന്നു.
▫️"حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ، قَالَ أَخْبَرَنَا مَالِكٌ، عَنِ ابْنِ شِهَابٍ، عَنْ سَعِيدِ بْنِ الْمُسَيَّبِ، وَأَبِي، سَلَمَةَ بْنِ عَبْدِ الرَّحْمَنِ أَنَّهُمَا أَخْبَرَاهُ عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏"‏ إِذَا أَمَّنَ الإِمَامُ فَأَمِّنُوا فَإِنَّهُ مَنْ وَافَقَ تَأْمِينُهُ تَأْمِينَ الْمَلاَئِكَةِ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ ‏"‏‏.‏ وَقَالَ ابْنُ شِهَابٍ وَكَانَ رَسُولُ اللَّهِ صلى الله عليه وسلم يَقُولُ ‏"‏ آمِينَ ‏"‏‏
അബു ഹുറൈറ ഉദ്ധരിക്കുന്നു:
നബി(സ) പറഞ്ഞു: "ആമീൻ" എന്ന് ഇമാം പറയുമ്പോൾ നിങ്ങളിൽ ആരുടെയെങ്കിലും ആമീൻ മലക്കുകളുടേതുമായി ഒത്തുവന്നാൽ അവന്റെ എല്ലാ മുൻകാല പാപങ്ങളും പൊറുക്കപ്പെടും." ഇബ്നു ശിഹാബ് പറഞ്ഞു, "അല്ലാഹുവിന്റെ ദൂതൻ (ﷺ). ) "ആമീൻ" എന്ന് പറയാറുണ്ടായിരുന്നു.

സഹീഹുൽ-ബുഖാരി, 780(വാല്യം i പുസ്തകം 10, ഹദീസ് 175) സമാന രീതിയില്‍ 
സ്വഹീഹുല്‍ -ബുഖാരി  447 , 782 സ്വഹിഹ് മുസ്ലിം 410,
സുനൻ അബി ദാവൂദ് 936, സുനൻ അന്നിസാഇ 927, 929 എന്നീ ഗ്രന്ഥങ്ങളിലും കാണാം. ഇത് ആമീന്‍ പറയാമെന്നതിന് തെളിവാക്കുന്നവര്‍ക്ക് സ്വീകരിക്കാം. പക്ഷെ أمين (ആമീന്‍) എന്ന് ('അങ്ങിനെ തന്നെ ആകട്ടെ' എന്ന രീതിയില്‍) പറയുന്നതിനേക്കാള്‍  പ്രാര്‍ത്ഥനകള്‍ സശ്രദ്ധം  ആശയാര്‍ത്ഥ തലങ്ങളില്‍ ഉള്‍കൊണ്ട് ദൈവത്തില്‍ അര്‍പ്പിതമാക്കലാണോ ഉത്തമവും ഉചിതവും എന്നത് ചിന്തിക്കുക.
 ഒരാളുടെ ആമീന്‍ മൊഴിയലും മാലാഖമാരുടെ ആമീന്‍ മൊഴിയലും ഒരുപോലെ ഒത്തുവന്നാല്‍ അവന്‍റെ മുന്‍കാല പാപങ്ങള്‍ മുഴുവന്‍ പൊറുക്കപ്പെടുമെന്നത്  മിഥ്യാധാരണയാണ്. ഇത്തരം  പ്രലോഭനപരമായ വാഗ്ദാനരീതിയും വേദാധിഷ്ഠിതമോ  യാഥാര്‍ത്ഥ്യമോ അല്ല.

എന്തായാലും ആമീന്‍ (‍أمين)ഫാതിഹയുടെ ഭാഗമോ ഖുര്‍ ആനികമോ അല്ലെന്ന് ഉണര്‍ത്തുന്നു.

About Fasalullah Hussain

Quran

Research

Comments (0)

Leave a Reply

No comments yet. Be the first to share your thoughts!