അല്‍ വസീല
അല്‍ വസീല
സഹായ തേട്ടം എന്ന ഇസ്തിഗാസയുടെ അനുബന്ധവിഷയമാണ് التوسل (അത്തവസ്സുല്‍). താല്‍പര്യത്തോടെ ഒരു വസ്തുവിലേക്കോ വസ്തുതയിലേക്കോ എത്തിച്ചേരുകയോ സാമീപ്യം സിദ്ധിക്കുകയോ ചെയ്യുന്നതിനാണ് സാങ്കേതികാര്‍ത്ഥത്തില്‍ ٱلْوَسِيلَةَ (അല്‍ വസീലത്) എന്ന് പറയുന്നത്. ഖുര്‍ ആനികമായി ദൈവസാമീപ്യം പ്രാപിക്കുക (സാമിപ്യലബ്ധി) എന്നാണ് അര്‍ത്ഥം. പരലോക വിജയത്തിനുള്ള പ്രധാന ഉപാധികളിലൊന്നാണ് ഇത്. ഖുര്‍ ആനില്‍ രണ്ട് തവണ (5/35,17/57) മാത്രമാണ് و-س-ل എന്ന ധാതുവില്‍ നിന്നും നിഷ്പന്നമാകുന്ന ٱلْوَسِيلَة എന്ന പ്രയോഗം വന്നിട്ടുള്ളത്.
പാരമ്പര്യ വിശ്വാസം അനുസരിച്ച് പ്രവാചകന്മാര്‍,പണ്ഡിത ശ്രേഷ്ടന്മാര്‍, 'വലീയ്യുകള്‍' തുടങ്ങിയ മഹാന്മാരെ മധ്യവര്‍ത്തികളാക്കി പ്രാര്‍ത്ഥനകളും മറ്റും അര്‍പ്പിക്കുന്ന (വ്യക്തിപൂജയിലേക്ക് നയിക്കപ്പെടുന്ന) ''ഇടതേട്ടം'' മാണ് وَسِيلَة (വസീല).എന്നാല്‍ ഖുര്‍ ആന്‍ ഒരിക്കലും ഇത്തരം ഒത്താശകളെ പ്രോല്‍സാഹിപ്പിക്കുന്നില്ല. ഏകദൈവ വിശ്വാസത്തില്‍ അര്‍പ്പിതമായി വേദസാരത്തില്‍ അധിഷ്ഠിതമായ സനാതന മൂല്യങ്ങള്‍ ഉള്‍കൊണ്ട് ആരാണോ സല്‍പ്രവൃത്തികള്‍ ചെയ്യുന്നത് അവര്‍ക്കാണ് പരലോക മുക്തി. ഈ അടിസ്ഥാനത്തില്‍ നിന്ന് കൊണ്ട് സൂക്ഷ്മത പുലര്‍ത്തിക്കൊണ്ട് ,ദൈവ സാമീപ്യം കരഗതമാക്കാന്‍ ആരാണോ തീവ്രപ്രയത്നങ്ങളില്‍ ആമഗ്നമാകുന്നത് അവര്‍ക്കാണ് ആത്യന്തിക വിജയം. ഈ മൂന്ന് വിഷയങ്ങളാണ് 5/35 ന്‍റെ പ്രതിപാദ്യം.
▪️يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَٱبْتَغُوٓا۟ إِلَيْهِ ٱلْوَسِيلَةَ وَجَٰهِدُوا۟ فِى سَبِيلِهِۦ لَعَلَّكُمْ تُفْلِحُونَ
വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവോട് സൂക്ഷ്മതയുള്ളവരാവുക. അവനിലേക്ക് അടുക്കാനുള്ള വഴിതേടുക. അവന്റെ മാര്‍ഗത്തില്‍ പരമാവധി ത്യാഗപരിശ്രമങ്ങളനുഷ്ഠിക്കുക. നിങ്ങള്‍ വിജയം വരിച്ചേക്കാം.
5-Al-Ma'ida : 35
ഈ സൂക്തത്തിലെ وَٱبْتَغُوٓا۟ إِلَيْهِ ٱلْوَسِيلَةَ (ദൈവസാമീപ്യത്തിനുള്ള മാര്‍ഗ്ഗം സ്വാംശീകരിക്കുക.) എന്നത് കുറുക്ക് വഴികളല്ല. വേദത്തിന്‍റെ ആശയാദര്‍ശം ജീവിതത്തില്‍ പകര്‍ത്തി നേടിയ ജീവിതവിശുദ്ധികൊണ്ടാണ് ദൈവത്തിന്‍റെ സാമീപ്യം ലഭ്യമാകുക.
സൂക്ഷ്മത പുലര്‍ത്തുകയും ദൈവീക മാര്‍ഗ്ഗത്തില്‍ ത്യാഗപരിശ്രമങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യുന്നത് പോലുള്ള പ്രവര്‍ത്തനമാണ് ٱلْوَسِيلَة യും.
വിശകലന വിധേയമാക്കുന്ന ٱلْوَسِيلَة എന്ന പദം രണ്ടാമതായി വന്നിട്ടുള്ളത് 17/57 ല്‍ ആണ്.
ദൈവേതര ശക്തികളെ അവലംബിക്കുന്ന അവിശ്വാസികള്‍ ദൈവമായി നിരൂപിച്ച് അര്‍ത്ഥനകളും അര്‍ച്ചനകളും നടത്തുന്നത് ഏതിനെയൊക്കെയാണോ (അത് പ്രവാചകന്മാരടക്കമുള്ള വ്യക്തിത്വങ്ങളും മറ്റ് മഹത്തുക്കളും മുതല്‍ കല്ലും മരവുമടക്കമുള്ള അചേതനവസ്തുക്കള്‍ വരെയുള്ള എന്തുമാണല്ലോ..?) അതിനെയൊക്കെ പരാമര്‍ശിക്കുകയാണ് ഈ സൂക്തത്തില്‍.
▪️أُو۟لَٰٓئِكَ ٱلَّذِينَ يَدْعُونَ يَبْتَغُونَ إِلَىٰ رَبِّهِمُ ٱلْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُۥ وَيَخَافُونَ عَذَابَهُۥٓ ۚ إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًا
ദൈവസാമീപ്യം പ്രാപ്യമാക്കാന്‍ പ്രാര്‍ത്ഥനാനിരതരായവരാണ് ഈ വിഭാഗം.
അല്‍ലാഹുവുമായി അടുത്തവര്‍ അവന്‍റെ കാരുണ്യം പ്രതീക്ഷിക്കുന്നവരും അവന്‍റെ ശിക്ഷയെ ഭയക്കുന്നവരുമാണ്.
തീര്‍ച്ചയായും നിന്‍റെ നാഥന്‍റെ ശിക്ഷ ഭയാനകം തന്നെയാണ്.
17-Al-Isra : 57
അവിശ്വാസികള്‍ ഒത്താശയും ദൈവസാമീപ്യം ലഭ്യമാകാന്‍ സഹായിക്കപ്പെടുമെന്നും തെറ്റിദ്ധരിച്ചിരിക്കുന്ന പ്രവാചകരടക്കമുള്ള സൃഷ്ടികളുടെ അവസ്ഥാവിശേഷമാണ് വ്യക്തമാക്കുന്നത്.
പാരമ്പര്യ വിശ്വാസികള്‍ ആരോടാണോ വസീല നടത്തുന്നത് അവര്‍തന്നെ അല്‍ലാഹുവിനോട് വസീല നടത്തിക്കൊണ്ടിരിക്കുകയാണ് എന്ന് സാരം. അപ്പോള്‍ യാഥാസ്ഥിക വിഭാഗത്തിന്‍റെ അജ്ഞതയുടെയും വിഡ്ഢിത്തത്തിന്‍റെയും ആഴം സുവ്യക്തമാക്കുന്നതാണ് ഈ സൂക്തത്തിന്‍റെ പ്രമേയം.
അതിനാല്‍ ٱلْوَسِيلَة (അല്‍ വസീല) എന്നത് ഒത്താശയോ ശിപാര്‍ശയോ അല്ലെന്നും അവരവര്‍ ജീവിതകാലത്ത് അനുവര്‍ത്തിച്ച കര്‍മ്മങ്ങള്‍ക്കുള്ള പ്രതിഫലം മാത്രമാണ് ലഭിക്കുക എന്നും ഖുര്‍ ആന്‍ സാക്ഷീകരിക്കുന്നു.
Comments (0)
Leave a Reply
No comments yet. Be the first to share your thoughts!