അശ്ശഫാഅത്ത് ഖുര്‍ആനില്‍
'അശ്ശഫാഅത്ത്' ഖുര്‍ആനില്‍.
▪️▪️🔅🔅🔅🔅🔅▪️▪️
ഇസ്ലാമിനെ കേവലമതം മാത്രമാക്കിയതിന്‍റെ പരിണിതിയാണ് തവസ്സലും ഇസ്തിഗാസയുമൊക്കെ. അതുപോലെ വികലമായ അര്‍ത്ഥകല്‍പന നല്‍കപ്പെടുകയും ജനങ്ങളില്‍ തെറ്റിദ്ധാരണാജനകമായ വിശ്വാസങ്ങള്‍ രൂഢമൂലമാക്കുന്നതിന് കാരണമാവുകയും ചെയ്ത മറ്റൊരു പദമാണ് ശഫാഅത്ത് അഥവാ ശിപാര്‍ശ.
ഭാഷാപരമായി ശിപാര്‍ശ എന്നത് മൂല്യശോഷണമുള്ള വസ്തുവിന് മൂല്യമുണ്ടെന്ന ധാരണ സ്ഥാപിക്കലാണ്. മൂല്യമുള്ള വസ്തുതകള്‍ക്ക് മറ്റൊരാളുടെ ശിപാര്‍ശ ആവശ്യമേയില്ല.
എന്താണ് യഥാര്‍ത്ഥത്തില്‍ ശഫാഅത്ത്.? ش-ف-ع എന്ന ധാതുവില്‍ നിന്നും മുപ്പത്തിയൊന്ന് തവണ അഞ്ച് രീതിയില്‍ ഖുര്‍ ആന്‍ പ്രയോഗിച്ചിട്ടുള്ള പദമാണ് ഇത്. ഒരു വസ്തുതയെ സുശക്തമാണെന്ന് ബോധ്യപ്പെടുത്തുന്നതിനായി മറ്റൊരു വിഷയം ഉപോല്‍ബലകമായി ചേര്‍ക്കപ്പെടുന്നതാണ് شَفَاعَة. ഇരട്ടിപ്പിക്കുക എന്ന ഉദ്ദേശാര്‍ത്ഥം ഈ പദത്തിന് ലഭ്യമാകുന്നത് ഇതിനാലാണ്. യഥാര്‍ത്ഥത്തില്‍ ഈ പദത്തിന്‍റെ അര്‍ത്ഥം തെളിവ് നല്‍കലും അത് സ്വീകരിക്കലുമാണെന്ന് ഭാഷാപരിജ്ഞാനമുള്ളവര്‍ സമര്‍ത്ഥിക്കുന്നു. ശിപാര്‍ശ എന്ന പരികല്‍പന നല്‍കുമ്പോള്‍ വേദത്തിന്‍റെ സത്തക്കും ലക്ഷ്യത്തിനും വിരുദ്ധമായ ആശയമാണ് ലഭ്യമാവുക.
ഖുര്‍ ആന്‍ ഈ പദം പരലോക വിചാരണയുമായി ബന്ധപ്പെട്ടാണ് എല്ലാ സൂക്തങ്ങളിലും (4/85 രണ്ട് രീതിയിലും വിശകലനം ചെയ്യാം) പ്രയോഗിച്ചിട്ടുള്ളത്.
പശ്ചാതാപം (തൗബ) സ്വീകരിക്കുന്നവനും നല്‍കുന്നവനും അല്‍ലാഹു ആണെന്നപോലെ തെളിവുകള്‍ നിരത്തുന്നതിനും സ്വീകരിക്കുന്നതിനും കഴിവുള്ളവന്‍ അല്‍ലാഹുവാണെന്ന നിലക്കാണ് വേദത്തിലുള്ള شَفَاعَة എന്ന പദത്തിന്‍റെ അര്‍ത്ഥകല്‍പന എന്ന് നാം മനസിലാക്കേണ്ടതുണ്ട്.
ക്രൈസ്തവ വിശ്വാസ പ്രകാരം ''ഏശു (ഈസാ പ്രവാചകന്‍) എല്ലാ അനുയായികളുടെയും മുഴുവന്‍ തെറ്റുകളും ഏറ്റെടുത്ത് പാപമുക്തമാക്കി സ്വര്‍ഗ്ഗസ്ഥരാക്കും എന്ന മൂഢവിശ്വാസത്തില്‍ അധിഷ്ഠിതമാണ്. അതിന് സമാന്തരമായിട്ടാണ് 'ഇസ്ലാം മതം' ഈ ''ശിപാര്‍ശ'' എന്ന പ്രഹേളിക അവതരിപ്പിക്കുന്നത്. ശിപാര്‍ശ കൊണ്ട് നരകവിമുക്തി സഫലമാക്കുമെങ്കില്‍ ഖുര്‍ ആനിലെ വിശാസപൂര്‍വ്വമുള്ള കര്‍മ്മാനുസൃത ഫലപ്രാപ്തി സിദ്ധാന്തം അസ്ഥാനത്താവുകയും പല സൂക്തങ്ങളും പരസ്പര വിരുദ്ധമായ ആശയം പ്രദാനം ചെയ്യുകയും ചെയ്യും. അത്തരം സൂക്തങ്ങളെ വീണ്ടും ഖുര്‍ ആന്‍ വിരുദ്ധ പ്രമാണങ്ങള്‍ ഉപയോഗിച്ച് ദുര്‍വ്യാഖ്യാനത്തിന് വിധേയമാക്കി അവതരിപ്പിക്കപ്പെടുന്നു.
ഖുര്‍ആനികമായി ٱلشَّفَٰعَة (അല്‍ ശാഫാഅ'ത്) ന് അര്‍ഹത അല്‍ലാഹുവിന് മാത്രമാണ്. അതായത് ഒരോ വ്യക്തിക്കും അനുകൂലമായും പ്രതികൂലമായും തെളിവുകള്‍ നല്‍കാനും സ്വീകരിക്കാനും ആത്യന്തികമായ അവകാശവും അര്‍ഹതയും അല്‍ലാഹുവിന് മാത്രമാണ്.
▪️قُل لِّلَّهِ ٱلشَّفَٰعَةُ جَمِيعًا ۖ لَّهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ ثُمَّ إِلَيْهِ تُرْجَعُونَ
പറയുക: "തെളിവുകള്‍ നല്‍കാനുള്ള/സ്വീകരിക്കാനുള്ള അവകാശമൊക്കെയും അല്ലാഹുവിന് മാത്രമുള്ളതാണ്. അവന്നാണ് ആകാശഭൂമികളുടെ ആധിപത്യം. പിന്നീട് നിങ്ങള്‍ മടങ്ങിച്ചെല്ലുന്നതും അവങ്കലേക്കുതന്നെ."
39-Az-Zumar : 44
പാരത്രിക വിചാരണയില്‍ ഇത്തരം തെളിവുകള്‍ക്ക് മുന്നില്‍ സ്തബ്ധരാകാതിരിക്കാന്‍ പരിശ്രമിക്കുക മാത്രമാണ് കരണീയം. അല്ലാതെ പരലോകത്ത് വെച്ച് പ്രവാചകനും പണ്ഡിതപ്രമുഖരും 'ഔലിയാക്കളും' ശിപാര്‍ശ ചെയ്ത് രക്ഷപ്പെടുത്തും എന്നത് അബദ്ധധാരണ മാത്രമാണ്.
ഖുര്‍ ആന്‍ മോക്ഷമാര്‍ഗ്ഗമായി ആരാണോ സ്വീകരിച്ചത് അവര്‍ക്കാണ് ആത്യന്തിക വിജയം.
വിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്. ഈ സാഹോദര്യം ആത്മപ്രധാനവും ആശയാധിഷ്ഠിതവുമാണ്. ഒരേ ആദര്‍ശത്തിന്‍റെ വക്താക്കള്‍ ഒരിക്കലും നിഷേധാത്മക തെളിവുകള്‍ നല്‍കില്ല. എന്നാല്‍ വിശ്വാസികള്‍ അവിശ്വാസികള്‍ക്ക് എതിരേയും അവിശ്വാസികള്‍ വിശ്വാസികള്‍ക്ക് എതിരേയും തെളിവുകള്‍ ഹാജറാക്കാം. എന്നാല്‍ യഥാര്‍ത്ഥ വിശ്വാസി ആര്‍ക്കെതിരെയും തെറ്റായ തെളിവുകള്‍ ഉദ്ധരിക്കുകയില്ല.
ഖുര്‍ ആനിക ഭൂമികയില്‍ നിന്ന് പഠനവിധേയമാക്കുമ്പോള്‍ ഇഹലോകത്താകട്ടെ പരലോകത്താകട്ടെ شَفَٰعَة
രണ്ട് വിധത്തില്‍ ദര്‍ശിക്കാനാകും. 1)شَفَٰعَةً حَسَنَةً അത്യുത്തമമായ തെളിവുകളും 2) شَفَٰعَةً سَيِّئَةً മ്ലേഛമായ തെളിവുകളും.
مَّن يَشْفَعْ شَفَٰعَةً حَسَنَةً يَكُن لَّهُۥ نَصِيبٌ مِّنْهَا ۖ وَمَن يَشْفَعْ شَفَٰعَةً سَيِّئَةً يَكُن لَّهُۥ كِفْلٌ مِّنْهَا ۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍ مُّقِيتًا
അത്യുത്തമമായ തെളിവുകള്‍ തെളിവായി നല്‍കുന്നവര്‍ക്ക് അതിലൊരു വിഹിതം ലഭിക്കും. മ്ലേഛമായ തെളിവുകള്‍ തെളിവായി നല്‍കുന്നവര്‍ക്ക് അതിലൊരു വിഹിതവുമുണ്ടാകും. അല്ലാഹു എല്ലാ കാര്യങ്ങളുടെയും മേല്‍നോട്ടം വഹിക്കുന്നവനത്രേ.
4-An-Nisa : 85
അന്ത്യദിനത്തിലെ വിചാരണ വേളകളെ കുറച്ചായാലും ഐഹിക ജീവിത വ്യവഹാരത്തിലെ അനിവാര്യ സന്ദര്‍ഭങ്ങളിലായാലും തെളിവുകള്‍ അവശ്യമായിവരും. തെളിവുകള്‍ക്കനുസരിച്ചായിരിക്കും വിധികര്‍ത്താക്കളുളുടെ തീരുമാനങ്ങള്‍. ഈ തെളിവുകള്‍ അനുകൂലമോ പ്രതികൂലമോ ആകാം.
അല്ലാതെ ഇവിടെ പ്രസ്ഥാവിച്ച شَفَٰعَة ന് ശിപാര്‍ശ എന്ന ഫ്രചുരപ്രചാരം നേടപ്പെട്ട അര്‍ത്ഥത്തിന് പകരം തീരുമാനങ്ങള്‍ എടുക്കുന്നതിന് അനിവാര്യമായ രേഖകളും സാക്ഷ്യങ്ങളും അടങ്ങിയ തെളിവുകള്‍ എന്ന അര്‍ത്ഥകല്‍പനയാണ് ഏറ്റവും അനുയോജ്യം എന്ന് മനസിലാക്കാം. ഈ സാക്ഷ്യത്തിന് ഹാജരാകുന്നവര്‍ അത് മനുഷ്യനോ മാലഖയോ ആരായാലും ദൈവേച്ഛക്ക് അനുസരിച്ചായിരിക്കും എന്നും വേദം സാക്ഷീകരിക്കുന്നു.مَن ذَا ٱلَّذِى يَشْفَعُ عِندَهُۥٓ إِلَّا بِإِذْنِهِۦ ۚ(അവന്‍റെ (അല്‍ലാഹു) അനുവാദമില്ലാതെ ആര്‍ക്കും അവന്‍റെ സന്നിധിയില്‍ തെളിവുകള്‍ നല്‍കാനാവില്ല- 2/255) 19/87,34/23,53/26,21/28 എന്നീ സൂക്തങ്ങളും ഇതേ ആശയം പ്രദാനം ചെയ്യുന്നവയാണ്.
▪️يَوْمَئِذٍ لَّا تَنفَعُ ٱلشَّفَٰعَةُ إِلَّا مَنْ أَذِنَ لَهُ ٱلرَّحْمَٰنُ وَرَضِىَ لَهُۥ قَوْلًا
അന്ന് ഒരു തെളിവുകളും ഉപകരിക്കുകയില്ല. പരമകാരുണികനായ അല്ലാഹു ആര്‍ക്കുവേണ്ടി അതിനനുമതി നല്‍കുകയും ആരുടെ വാക്ക് തൃപ്തിപ്പെടുകയും ചെയ്യുന്നുവോ അവര്‍ക്കല്ലാതെ.
20-Ta-Ha : 109
അതിനാല്‍ രേഖകളും സാക്ഷ്യങ്ങളും സോപാധികമായേ പരലോകത്തും ഫലപ്രദമാവുകയുള്ളൂ. അത് അല്‍ലാഹുവിന്‍റെ തൃപ്തിയാണ്. അതായത് ദൈവീക നിദര്‍ശനങ്ങള്‍ക്ക് വഴിപ്പെടുകയാണ് തൃപ്തിക്ക് നിദാനം.
ആയതിനാല്‍ ഖുര്‍ ആന്‍ പരാമര്‍ശിക്കുന്ന ശഫാഅത്ത് ദൈവത്തിനോ ദൈവപ്രീതി കരസ്ഥമാക്കിയവര്‍ക്കോ മാത്രമേ സാധ്യമാവുകയുള്ളൂ.
വേദനിരാസികളും വേദേതര പ്രമാണ വക്താക്കളുമായ അവിശ്വാസികളുടെ ധാരണ അവരുടെ പരദൈവങ്ങളും പ്രവാചകന്‍ അടക്കമുള്ള നേതാക്കളും അവര്‍ക്ക് വേണ്ടി ''ശിപാര്‍ശ'' ചെയ്യും എന്നതാണ്.
അല്ലെങ്കില്‍ ദൈവീകത അരോപിക്കപ്പെടുന്നവരും ദൈവപ്രോക്തമല്ലാത്ത നിയമങ്ങള്‍ അനുധാവനം ചെയ്തവരും അവതരിപ്പിക്കുന്ന തെളിവുകള്‍ക്ക് അനുസരിച്ച് ദൈവം വിധികര്‍തൃത്വം നിര്‍വ്വഹിക്കുമെന്നതാണ്. ആ വികല ധാരണ അപ്രസക്തമാണെന്ന് വ്യക്തമാക്കാന്ന നിരവധി സൂക്തങ്ങള്‍ കാണാം.
▪️وَلَمْ يَكُن لَّهُم مِّن شُرَكَآئِهِمْ شُفَعَٰٓؤُا۟ وَكَانُوا۟ بِشُرَكَآئِهِمْ كَٰفِرِينَ
അവര്‍ അല്ലാഹുവിന് കല്‍പിച്ചുവെച്ച പങ്കാളികളില്‍, അവര്‍ക്ക് വേണ്ടി, തെളിവ് നല്‍കുന്നരായി ആരുമുണ്ടാവില്ല. അവരുടെ പങ്കാളികളെത്തന്നെ അവര്‍ തള്ളിപ്പറയുന്നവരായിത്തീരും.
30-Ar-Rum : 13
ആത്യന്തികമായി അല്‍ലാഹു മാത്രമാണ് شَفِيع (തെളിവ് നല്‍കുന്നവന്‍.)
▪️وَأَنذِرْ بِهِ ٱلَّذِينَ يَخَافُونَ أَن يُحْشَرُوٓا۟ إِلَىٰ رَبِّهِمْ ۙ لَيْسَ لَهُم مِّن دُونِهِۦ وَلِىٌّ وَلَا شَفِيعٌ لَّعَلَّهُمْ يَتَّقُونَ
തങ്ങളുടെ നാഥന്റെ സന്നിധിയില്‍ ഒരുനാള്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്ന് ഭയപ്പെടുന്നവര്‍ക്ക് ഇതു വഴി നീ മുന്നറിയിപ്പു നല്‍കുക: അവനെക്കൂടാതെ ഒരു രക്ഷകനും ശിപാര്‍ശകനും അവര്‍ക്കില്ലെന്ന്. അവര്‍ ഭക്തരായേക്കാം.
6-Al-An'am : 51
ആയതിനാല്‍ ٱلشَّفَٰعَة എന്നത് ഖുര്‍ ആനികമായി കേവലമായ ശിപാര്‍ശ നടത്തലല്ല എന്നും രേഖകളും സാക്ഷ്യങ്ങളും അടങ്ങിയ തെളിവുകള്‍ ദൈവസമക്ഷം സമര്‍പ്പിക്കലാണെന്നും, അത് സ്വീകരിക്കാന്‍ അര്‍ഹനായ ഏകനായ ദൈവമാണ് شَفِيع എന്നും തെളിയുന്നു. ഈ രീതിയില്‍ തന്നെയാണ് പ്രവാചകന്‍ ٱلشَّفَٰعَة നെ ഉള്‍കൊണ്ടതും പ്രബോധനം നടത്തിയതും എന്നും ഉള്‍കൊള്ളുക.
Comments (0)
Leave a Reply
No comments yet. Be the first to share your thoughts!