General

ആശൂറാവ്രതം

Fasalullah Hussain
Published on June 24, 2026
ആശൂറാവ്രതം

ആശൂറാവ്രതം സത്യമെന്ത്?

 

ഹിജറ വര്‍ഷത്തിലെ പ്രഥമ മാസത്തിന്‍റെ പേരാണ് മുഹര്‍റം അഥവാ പവിത്രത. ഹിജറ വര്‍ഷ കാലഗണനയല്ല ആ മാസത്തിലുള്ള അന്ധവിശ്വാസങ്ങളുടേയും അത്യാചാരങ്ങളുടേയും പ്രാമാണികതയും വിശ്വാസ്യതയും എത്രത്തോളമുണ്ട് എന്നത് നിരീക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്.

ഖുര്‍ആനികമായി പരിശോധിച്ചാല്‍ റമദാന്‍ മാസത്തിനും ഹജ്ജിന്‍റെ മാസങ്ങള്‍ക്കുമുള്ള പവിത്രതയും പ്രാധാന്യവും മറ്റുമാസങ്ങള്‍ക്ക് ഇല്ല എന്ന് തന്നെ പറയാം. അതു പോലെ വ്രതം സമയബന്ധിതമായി  റമദാന്‍ മാസത്തിലും ചില വീഴ്ചകള്‍ക്കുള്ള  പ്രായശ്ചിത്തമായും മാത്രമേ ഖുര്‍ആന്‍ കല്‍പ്പിക്കുന്നുള്ളൂ.

എന്നാല്‍ മുഹര്‍റം അല്‍ലാഹുവിന്‍റെ മാസമാണെന്നും ആ മാസത്തിലെ വ്രതം ഉല്‍കൃഷ്ടമാണെന്നും ജല്‍പിക്കുന്നു. എല്ലാ കാലവും അല്‍ല്ലാഹുവിന്‍റേതാണെന്ന പ്രാഥമിക അറിവെങ്കിലും ഇവര്‍ കാണിക്കണമായിരുന്നു. അബൂഹുറൈറയില്‍ നിന്നും നിവേദനം ചെയ്തതായി സഹീഹുല്‍ മുസ്ലിമില്‍ 1163ാം ഹദീസായി രേഖപ്പെടുത്തിയത് കാണുക. റമദാന്‍ വ്രതത്തിന് ശേഷം ഏറ്റവും ഉല്‍കൃഷ്ടമായ  വ്രതം അല്‍ല്ലാഹുവിന്‍റെ മാസമായ മുഹര്‍റത്തിലുള്ള വ്രതമാണ്. നമസ്കാരങ്ങളില്‍ ശ്രേഷ്ഠം  നിര്‍ബന്ധനമസ്കാരത്തിന് ശേഷം രാത്രിനമസ്കാരവും.

حَدَّثَنِي قُتَيْبَةُ بْنُ سَعِيدٍ، حَدَّثَنَا أَبُو عَوَانَةَ، عَنْ أَبِي بِشْرٍ، عَنْ حُمَيْدِ بْنِ عَبْدِ الرَّحْمَنِ، الْحِمْيَرِيِّ عَنْ أَبِي هُرَيْرَةَ، - رضى الله عنه - قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللَّهِ الْمُحَرَّمُ وَأَفْضَلُ الصَّلاَةِ بَعْدَ الْفَرِيضَةِ صَلاَةُ اللَّيْلِ ‏

ഇത്തരം വേദവിരുദ്ധപ്രമാണങ്ങളാണ് പൗരോഹിത്യ മതത്തിന്‍റെ അടിസ്ഥാനം.

എന്നാല്‍ വേദാധിഷ്ഠിതമായ ജീവിതം മാത്രമാണ് മോക്ഷമാര്‍ഗ്ഗമെന്ന് ഖുര്‍ആനും അത് ജീവിത ചര്യയാക്കിയ പ്രവാചകനും മാതൃകയാക്കുന്നു.

ഇസ്ലാമിക പ്രമാണം അടിസ്ഥാനമാക്കി ചിന്തിച്ചാല്‍ സ്വര്‍ഗ്ഗപ്രാപ്തിക്കും പാപപരിഹാരത്തിനും ഖുര്‍ആനോ പ്രവാചകനോ കുറുക്കുവഴികള്‍ നിര്‍ദ്ദേശിക്കുകയില്ല.

എന്നാല്‍ പൗരോഹിത്യം വേദേതര പ്രമാണങ്ങള്‍ നിരത്തി ചില ദിവസങ്ങളിലുള്ള പ്രാര്‍ത്ഥനകളും വ്രതങ്ങളും മുന്‍കാലത്തെയും വരും കാലത്തേയും പാപമുക്തിക്ക് ഹേതുവാകുമെന്ന് ജല്‍പിക്കുന്നതായി കാണാം. ദുല്‍ഹിജ്ജ മാസത്തിലെ അറഫനാളിലെ വ്രതം, അതുപോലെ മുഹര്‍റ മാസത്തിലെ പത്താം നാളിലെ ആശൂറാ വ്രതം തുടങ്ങിയവ സ്വര്‍ഗ്ഗപ്രാപ്തിക്കുള്ള എളുപ്പമാര്‍ഗ്ഗമായി പാമരജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി കാണാം. അതിനെല്ലാം പ്രമാണമായി വേദവിരുദ്ധ വാറോലകള്‍ തെളിവാക്കുകയും ചെയ്യുന്നു. പ്രവാചകന്‍ പറഞ്ഞതായി 'സഹീഹ് മുസ്ലിം' രേഖപ്പെടുത്തിയത് കാണുക. صيام يوم عاشوراء، إني أحتسب على الله أن يكفر السنة التي قبله" ആശുറയുടെ ദിവസം ഉപവസിക്കുന്നവര്‍ക്ക് അല്ലാഹു അതിനുമുമ്പുള്ള വർഷത്തിലെ സകലപാപങ്ങളും പൊറുത്ത് തരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."

ഇത്തരം കുറുക്ക്‌ വഴിയിലൂടെയുള്ള  പാപമോചനപ്രക്രിയ ഇസ്ലാം അംഗീകരിക്കുന്നേയില്ല. മനുഷ്യന്‍ അവന്‍റെ ജീവിതത്തില്‍ പ്രയത്നിച്ചതിന്‍റെ പ്രതിഫലമാണ് അനുഭവിക്കുക.

▪️وَأَنْ لَيْسَ لِلْإِنسَانِ إِلَّا مَا سَعَىٰ

"മനുഷ്യന്‍ അവന്‍ പരിശ്രമിച്ചതല്ലാതെ മറ്റൊന്നുമില്ല." (53:39)

ഈ വ്രതം പ്രവാചകന്‍ സ്വാംശീകരിച്ചതും പ്രാവര്‍ത്തികമാക്കിയതുമായ രീതിയും ഏറെ കൗതുകകരമാണ്.

ഖുര്‍ആന്‍ മറ്റ് സമുദായത്തിന്‍റെ അനാചാരങ്ങളും അത്യാചാരങ്ങളും പകര്‍ത്താനും പിന്തുടരാനും പ്രേരിപ്പിക്കുന്ന ഗ്രന്ഥമല്ല. എന്നാല്‍ അത് മനുഷ്യന്‍റെ നിഖില മേഖലകളിലുമുള്ള സംസ്കരണം ലക്ഷ്യം വെക്കുന്ന ഗ്രന്ഥമാണ്. അതിനെ പ്രാവര്‍ത്തികമാക്കി മാതൃകയാക്കാന്‍ നിയോഗിതനായ പ്രവാചകന്‍റെ മാര്‍ഗ്ഗം  ഒരിക്കലും കുറുക്ക് വഴിയിലൂടെ സ്വര്‍ഗ്ഗപ്രാപ്തിയെന്ന മോഹന വാഗ്ദാനങ്ങളില്‍ അധിഷ്ഠിതവുമല്ല. ദൈവപ്രോക്തമായ മുന്‍വേദങ്ങളുടേയും പ്രവാചകന്മാരുടേയും നിലപാടുകളും ഇതില്‍ നിന്നും വിഭിന്നവുമല്ല. എന്നാല്‍ വേദേതര പ്രമാണങ്ങളുടെ വക്താക്കളാണ് ഇത്തരം വാഗ്ദാനങ്ങളില്‍ അഭിരമിക്കുന്നത്.

മുഹര്‍റത്തിലെ, സകലപാപനാശിനിയായി, പരിചയപ്പെടുത്തുന്ന വ്രതം നിര്‍ബന്ധമാക്കാന്‍  പൗരോഹിത്യം പ്രവാചകന്‍റെ  പേരിൽ പടച്ചുണ്ടാക്കിയ ഹദീസിന്‍റെ ശൈലി കാണുക.

ഇബ്നുഅബ്ബാസ് നിവേദനം ചെയ്തതായി സഹീഹ് മുസ്ലിമിലെ 1130ാം ഹദീസ് കാണുക.

وَحَدَّثَنِي ابْنُ أَبِي عُمَرَ، حَدَّثَنَا سُفْيَانُ، عَنْ أَيُّوبَ، عَنْ عَبْدِ اللَّهِ بْنِ سَعِيدِ بْنِ جُبَيْرٍ، عَنْ أَبِيهِ، عَنِ ابْنِ عَبَّاسٍ، - رضى الله عنهما - أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَدِمَ الْمَدِينَةَ فَوَجَدَ الْيَهُودَ صِيَامًا يَوْمَ عَاشُورَاءَ فَقَالَ لَهُمْ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ مَا هَذَا الْيَوْمُ الَّذِي تَصُومُونَهُ ‏"‏ ‏.‏ فَقَالُوا هَذَا يَوْمٌ عَظِيمٌ أَنْجَى اللَّهُ فِيهِ مُوسَى وَقَوْمَهُ وَغَرَّقَ فِرْعَوْنَ وَقَوْمَهُ فَصَامَهُ مُوسَى شُكْرًا فَنَحْنُ نَصُومُهُ ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ فَنَحْنُ أَحَقُّ وَأَوْلَى بِمُوسَى مِنْكُمْ ‏"‏ ‏.‏ فَصَامَهُ رَسُولُ اللَّهِ صلى الله عليه وسلم وَأَمَرَ بِصِيَامِهِ ‏.‏

മുഹമ്മദ് നബി ജൂതന്മാരുടെ ഇടയിലേക്ക് ഒരു ദിവസം കടന്നു ചെന്നപ്പോൾ അവർ നോമ്പനുഷ്ഠിക്കുന്നതായി കാണ്ടു. നബി അവരോട്  അതിന്റെ കാരണം തിരക്കി. ഇസ്രാഈല്‍ സമൂഹത്തിന്‍റെ  പ്രവാചകനായ മൂസയെ ഫിർഔനിൽ നിന്നും രക്ഷപ്പെടുത്തിയത് ഇന്നാണെന്നും  ആ സുദിനത്തിന്‍റെ അനുസ്മരണവും ആദരസൂചകവുമായിട്ടാണ്  മുഹറം പത്തിന് നോമ്പനുഷ്ഠിക്കുന്നതെന്നും അവർ പറഞ്ഞു. അപ്പോള്‍, നിങ്ങളേക്കാൾ മൂസാനബിയോട് കൂടുതല്‍ ആദരവും ബന്ധവും  ഞങ്ങൾക്കാണെന്നും അതിനാല്‍  ഇന്ന് തന്നെ നോമ്പ് അനുഷ്ഠിക്കാൻ ഞങ്ങളും  തീരുമാനിക്കുകയാണെന്നും നബി പ്രഖ്യാപിച്ചു.

''ഒരു സമൂഹത്തില്‍ ദീര്‍ഘകാലം താമസിച്ചിട്ടും സഹവസിച്ചിട്ടും അവരുടെ ആചാരാനുഷ്ഠാനങ്ങളെ കുറിച്ച് പ്രവാചകന് ഗ്രാഹ്യമുണ്ടായിരുന്നില്ല'' എന്ന പ്രഖ്യാപനം വഴി പ്രവാചകനെ സാമൂഹിക ബോധമോ, ബോധ്യമോ, പ്രതിബദ്ധതയോ ഇല്ലാത്ത കേവല പുരോഹിതനായി ഇകഴ്ത്തുകയാണ് ഈ വര്‍ഗ്ഗം ചെയ്യുന്നത്.

ഇതാണ് മുഹറം പത്തിലെ നോമ്പിന്റെ ഹദീസ് ചരിത്രം. 

അതായത് ഇത് അല്ലാഹുവിന്‍റെ  കല്പനകൾക്കനുസരിച്ചുള്ള വ്രതമല്ല. മറിച്ച് ജൂതന്മാരുടെ ആചാരം കണ്ട് അവരുടെ  ചര്യകൾക്കനുസരിച്ച് പകര്‍ത്തിയ അല്ലെങ്കില്‍ അനുഷ്ഠിക്കുന്ന വ്രതം മാത്രമാണ്. എന്നാൽ ഈ ജൂതആചാരങ്ങളുമായി താദാത്മ്യം പാലിക്കരുതെന്നും അവര്‍ക്ക് വിരുദ്ധമായി മാത്രമേ ഏതൊരു വിഷയവും പിൻപറ്റാന്‍ പാടുള്ളൂ എന്നതും  മതവക്താക്കളുടെ ന്യായവാദമാണ്. ഉദാഹരണത്തിന് ജൂതര്‍ മീശവെക്കുകയും താടി വെക്കാതിരിക്കുകയുംചെയ്യുന്നത് കൊണ്ടാണ് പൗരോഹിത്യം താടി വളര്‍ത്താനും മീശവടിക്കാനും തീരുമാനിക്കുന്നത്!!!.

അതുകൊണ് പ്രവാചകന്‍ അടുത്തവര്‍ഷം മുതല്‍ മുഹര്‍റം ഒമ്പതിനും പത്തിനും വ്രതമെടുക്കാന്‍ കല്‍പ്പിച്ചതായും ജല്‍പ്പിച്ചു. എന്നാല്‍ പ്രവാചകന്‍ ആ ചര്യ നടപ്പിലാക്കാന്‍ പറ്റാതെ മരണം വരിച്ചുവത്രെ..!!

അബുദുളള ഇബ്നു ഉമർ നിവേദനം: പ്രവാചകൻ പറഞ്ഞു: "ആരെല്ലാം മറ്റുള്ളവരിൽ നിന്നും ആചാരങ്ങൾ പകർത്തുന്നുവോ അവർ അവരിൽ പെട്ടവനാണ് " (തിർമുതി: ഹദീസ് നമ്പർ 4649)

ഈ വിഷയത്തിന്‍റെ നിരര്‍ത്ഥകത ബോധ്യമാക്കാനാണ് വേദേതര പ്രമാണം തെളിവാക്കിയത്. പ്രമാണ പിന്‍ബലമില്ലാത്ത ഈ വ്രതത്തിന്  മതവക്താക്കള്‍ പ്രകടിപ്പിക്കുന്ന അമിതപ്രാധാന്യം ആശ്ചര്യജനകമാണ്.

ഖുര്‍ആന്‍ ഒരിക്കലും ഇന്ന കര്‍മ്മം ചെയ്താല്‍ കഴിഞ്ഞതും വരാനിരിക്കുന്നതുമായ  പാപങ്ങളൊക്കെയും പൊറുക്കപ്പെടുമെന്ന് പറഞ്ഞിട്ടില്ല, അക്ഷരത്തിലായാലും അര്‍ത്ഥത്തിലായാലും ആശയത്തിലായാലും. ഖുര്‍ആന്‍ പറഞ്ഞതിന്‍റെ ആന്തസത്ത മനസിലാക്കാതെ ചിലരെങ്കിലും ഇത്തരം പ്രവാചകരില്‍ ആരോപിതമായ വാഗ്ദാന വചനങ്ങളേയും, ലൈലത്തുല്‍ ഖദറിന്‍റെ മാഹാത്മ്യവും ദൈവമാര്‍ഗ്ഗത്തിലുള്ള ധനവിനിയോഗത്തിന്‍റെ  പ്രാധാന്യം വ്യക്തമാക്കുന്ന ധാന്യമണികളുടെ ഖുര്‍ആനിക ആലങ്കാരിക പ്രയോഗവും തത്തുല്ല്യമാക്കി മനസിലാക്കിപ്പോയിട്ടുണ്ട്.

ഇത്തരമൊരു വിഷയത്തില്‍ ഖുര്‍ആന്‍റെ നിലപാട് വ്യക്തമാണ്:

▪️وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ ۚ

"നിനക്ക് അറിവില്ലാത്തതിനെ പിന്തുടരരുത്." (17:36)

 ദൈവഭയത്തേക്കാള്‍ മറ്റു പ്രസ്ഥാനങ്ങളുടെ  വിമര്‍ശനഭയം, ദൈവമാര്‍ഗ്ഗത്തിലുള്ള സൂക്ഷ്മതയുടേയും ജാഗ്രതയുടേയും അഭാവം മാത്രമാണ്.

മാനവികമായ സല്‍കര്‍മ്മങ്ങള്‍ ആര് ചെയ്തു എന്ന് നോക്കാതെ പ്രാവര്‍ത്തികമാക്കുക എന്നത് സാമൂഹിക പ്രതിബദ്ധതയുടെ വിഷയമാണ്. അതും ഇത്തരം അത്യാചാരങ്ങളും തിരിച്ചറിയാത്തത് വേദദര്‍ശനത്തിന്‍റെ അപര്യാപ്തത മാത്രമാണ്.

മുഹറം പത്തിനെ പറ്റിയുള്ള അപസര്‍പ്പക  കഥകളെ നിഷേധിക്കുന്നത് കൊണ്ട് ഇസ്ലാം മതത്തില്‍ നിന്ന് ചില അപശബ്ദങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ ഇസ്ലാമിക പ്രത്യയശാസ്ത്രം ഇത്തരം കഥകളെ അംഗീകരിക്കുന്നില്ല. കാരണം ഖുര്‍ആന്‍ സൂചന നല്‍കുന്ന ചരിത്രപരമായ മുഴുവന്‍ വിഷയങ്ങളും നടന്നത് ഒരേ ദിവസമാണെന്നത് അശ്ചര്യദായകവും അവിശ്വസനീയവുമാണ്. ഇസ്ലാമിക ആധുനിക കാലഗണനക്ക് അടിസ്ഥാനമായ ഹിജറ കലണ്ടര്‍ രൂപകല്‍പന ചെയ്തിട്ട് ഏകദേശം ആയിരത്തിഅഞ്ഞൂറ് വര്‍ഷം മാത്രമാണ് ആയിട്ടുള്ളത്. എന്നാല്‍ പൗരോഹിത്യമതം ഈ മുഹര്‍റം പത്തിന്‍റെ സവിശേഷതകള്‍ എണ്ണി പറഞ്ഞ് പഠിപ്പിക്കുന്നത് കാണുക.

1️⃣  പ്രപഞ്ചസൃഷ്ടി ആരംഭിച്ചത് മുഹര്‍റം പത്തിനാണത്രെ...

(കാലഗണന തുടങ്ങിയത് ഈ പ്രപഞ്ച സൃഷ്ടി മുതലാണെന്ന് ഖുര്‍ആന്‍.!!)

2️⃣ ആദം നബിയുടെ സൃഷ്ടി അല്ലാഹു നടത്തിയത് മുഹറം പത്തിനാണത്രെ.

3️⃣ നൂഹ് നബി  കപ്പല്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചത് മുഹര്‍റം പത്തിനാണ്പോലും..!!

4️⃣ നൂഹ് നബിയെ പ്രളയത്തിൽ നിന്ന് രക്ഷിച്ചത്  ഒരു മുഹറം പത്തിനായിരുന്നത്രെ

5️⃣ ഇബ്രാഹിം നബിയെ അഗ്നികുണ്ഡത്തിൽ നിന്ന് രക്ഷിച്ചതും  മുഹറം പത്തിനാണ് പോലും. (കഅബയുടെ അസ്തിവാരം ഇട്ടതും ഇസ്മാഈല്‍ നബിയെ ബലിനല്‍കാന്‍ തുനിഞ്ഞതും ഈ ദിനത്തിലാണെന്നത് തെളിയിക്കാന്‍ ഗവേഷണം തുടരുന്നു...)

6️⃣ അയ്യുബ് നബിയെ രോഗവിമുക്തനാക്കിയത് മുഹറം പത്തിനാണെന്നതും ആശ്ചര്യപ്പെടേണ്ടതില്ല.

7️⃣ യൂനുസ് നബിയെ മത്സ്യത്തിന്റെ വയറ്റിൽ നിന്ന് രക്ഷപ്പെടുത്തിയത് ഒരു മുഹറം പത്തിന്റന്നാണത്രെ.

8️⃣ ദാവൂദ് നബിക്ക്  രാജഭരണം ലഭ്യമായത്  ഇതേ മുഹര്‍റം പത്തിനാണത്രെ.

9️⃣ യുസുഫ് നബി കിണറില്‍ നിന്നും കരകയറിയത് മുഹറം പത്തിന് തന്നെയാണ് പോലും.

🔟 മൂസ നബിക്ക്

പത്ത് കല്പന കിട്ടിയയും മുഹര്‍റം പത്തിനാണത്രെ

⏸️ ഈസാനബി  ഉയർത്തെഴുന്നേറ്റ് സ്വർഗ്ഗരോഹണം നടത്തിയതും ഒരു മുഹറം പത്തിനായിരുന്നു!!!

 

ഖുര്‍ആന്‍ അവതരിച്ചതും മുഹര്‍റം പത്തിനാണെന്ന് പറയാത്ത് ഭാഗ്യം..!!!

 

♻️മുഹര്‍റം കര്‍ബലയുടെ അനുസ്മരണമാണ്, പ്രാര്‍ത്ഥനയാണ്.

 മുഹര്‍റം പത്ത് ലോകാടിസ്ഥാനത്തില്‍  എല്ലായിടത്തും അവധി ദിനമാണ്. മുഗുള  കാലഘട്ടം മുതൽ ഇന്ത്യാ മഹാരാജ്യത്തും എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിതന്നെ. ഇതിന് നിദാനമായ കാരണം മുകളില്‍ അക്കമിട്ട് നിരത്തിയ അടിസ്ഥാനരഹിതമായ സംഭവങ്ങളല്ല.

പിന്നെ ഈ അവധിയുടെ അടിസ്ഥാനം

 പ്രവാചകപൗത്രൻ ഹുസൈൻ കക്ഷി മാത്സര്യത്തിന്‍റെ ഫലമായി  ''രക്തസാക്ഷി''യിയതിന്റെ ഓർമ്മക്കാണ്, കര്‍ബലയാണ്. ഈ വിഷയത്തിന് മുഹര്‍റം പത്തുമായി ബന്ധമുണ്ട്. ചരിത്ര വസ്തുതകളുമായി പരിപൂര്‍ണ്ണാര്‍ത്ഥത്തില്‍ സാക്ഷീകരിക്കപ്പെടുന്ന വിഷയം ഇത് മാത്രമാണ്. പ്രവാചക കുടുംബത്തെ സ്നേഹിക്കുന്നവർ ആശൂറാഅ്  ആചരിക്കുന്നു.

ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും ദു:ഖകരമായ സംഭവങ്ങളിലൊന്നാണ് കർബല. മുഹമ്മദ് നബിയുടെ പ്രിയ പൗത്രനായ ഹുസൈൻ ഇബ്നു അലിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും കൂട്ടാളികളും   യസീദിന്‍റെ അധികാരസംരക്ഷണത്തിനായി ഹീനമായി വധിക്കപ്പെട്ട, അഥവാ  രക്തസാക്ഷിത്വം വരിക്കപ്പെട്ട ദുര്‍ദിനമാണ് ഹിജ്‌റ 61ാം വര്‍ഷത്തെ മുഹറം പത്ത്.

ഈ വധത്തിന് കാരണക്കാരായ വിഭാഗമാണ് ഈ ചരിത്രസത്യത്തെ തമസ്കരിക്കാന്‍ പരിശ്രമിക്കുന്നത്. ആശൂറാഅ് ശിയാവിഭാഗത്തിന്‍റെ (ഈ വിഷയത്തെ അനുസ്മരിക്കുന്ന ന്യൂനപക്ഷവും) മാത്രമായി പരിമിതപ്പെടുന്നു എന്നതാണ് വാസ്തവം. ഇവരുടെ ആചാര രീതികള്‍ മുഴുവന്‍ ഇസ്ലാമികമാണെന്ന അഭിപ്രായമില്ല. പക്ഷെ മഹാഭൂരിപക്ഷമുള്ള സുന്നിവിഭാഗത്തിന്  അങ്ങനെയല്ല, ജൂതസംസ്കൃതിയില്‍ നിന്നും ഊഹാടിസ്ഥാനത്തില്‍ കടത്തിക്കൂട്ടിയ ''മൂസ നബിയെ ഫിര്‍ഔനില്‍ നിന്നും രക്ഷിച്ച, ഫിര്‍ഔനിനെയും സംഘത്തേയും  ചെങ്കടലിൽ മുക്കികൊന്ന ദിവസമാണത്രെ..!!!

ഹുസൈന്റെ രക്തസാക്ഷിത്വം വിസ്മരിപ്പിക്കാനാണ് ജൂതരുടെ നോമ്പ് കഥക്ക് പ്രചാരം നല്‍കുന്നത്.

അതിനാല്‍ ഇത്തരം ഊഹങ്ങളെ പിന്‍പറ്റുന്നവര്‍

▪️ وَلَا تَلْبِسُوا الْحَقَّ بِالْبَاطِلِ وَتَكْتُمُوا الْحَقَّ وَأَنْتُمْ تَعْلَمُونَ

സത്യത്തെ അസത്യവുമായി കൂട്ടിക്കലർത്തരുത്; അറിയുന്ന നിലയിൽ സത്യത്തെ മറച്ചുവെക്കുകയും അരുത്." (2:42) എന്ന സൂക്തം വിസ്മരിക്കരുത്.

ഇസ്ലാമിക ജീവിതക്രമത്തിന്റെ പ്രമാണം ഖുർആനാണ്. പ്രവാചകൻ അതിന്റെ പ്രായോഗിക മാതൃകയും. അതിനാൽ ഏതൊരു ആരാധനാകർമ്മത്തിന്റെയും വിശ്വാസാചാരത്തിന്റെയും പ്രാമാണികത നിർണയിക്കേണ്ടത് ഖുർആനിക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം; വേദേതര പ്രമാണങ്ങളുടെയോ പിൽക്കാല പൗരോഹിത്യ വ്യാഖ്യാനങ്ങളുടെയോ അടിസ്ഥാനത്തിലല്ല.

മുഹർറം മാസത്തെയും ആശൂറാ ദിനത്തെയും സംബന്ധിച്ച് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന വിശ്വാസങ്ങൾ പരിശോധിച്ചാൽ, അവയിൽ ഭൂരിഭാഗത്തിനും ഖുർആനിക പിൻബലമില്ലെന്ന് കാണാം. റമദാനിലെ നിർബന്ധവ്രതത്തിനും ചില പ്രത്യേക സാഹചര്യങ്ങളിലെ പ്രായശ്ചിത്തവ്രതങ്ങൾക്കും പുറമെ, മുഹർറം മാസത്തിലെ വ്രതത്തെക്കുറിച്ച് ഖുർആൻ ഒരു പ്രത്യേക നിർദേശം നൽകുന്നില്ല.

എന്നാൽ വേദേതര നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ മുഹർറം "അല്ലാഹുവിന്റെ മാസം" ആണെന്നും, ആശൂറാ വ്രതം മുൻകാല പാപങ്ങൾക്ക് പരിഹാരമാണെന്നും, ചില പ്രത്യേക ദിവസങ്ങളിലെ വ്രതങ്ങളും പ്രാർത്ഥനകളും പാപമോചനത്തിന് ഹേതുവാകുമെന്നും പ്രചരിപ്പിക്കപ്പെടുന്നു. മനുഷ്യനെ ദൈവഭയത്തോടെയും ധാർമ്മിക ഉത്തരവാദിത്തത്തോടെയും ജീവിക്കാൻ ആഹ്വാനം ചെയ്യുന്ന ഖുർആനിക സന്ദേശവുമായി ഇത്തരം "കുറുക്കുവഴി പാപമോചന" സിദ്ധാന്തങ്ങൾ യോജിക്കുന്നില്ല.

ആശൂറാ വ്രതത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പ്രചാരിതമായ ഹദീസ് വിവരണങ്ങൾ പരിശോധിച്ചാൽ, അത് അല്ലാഹുവിന്റെ നേരിട്ടുള്ള കൽപ്പനയുടെ അടിസ്ഥാനത്തിൽ സ്ഥാപിതമായ വ്രതമല്ലെന്നും, മറിച്ച് ഒരു പ്രത്യേക സമുദായത്തിന്റെ ആചാരവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട ഒരു ആഖ്യാനമാണെന്നും കാണാം. മറ്റുള്ളവരുടെ മതാചാരങ്ങളെ അനുകരിക്കുന്നതിനെതിരായ നിരവധി നിവേദനങ്ങൾ നിലനിൽക്കുമ്പോൾ, ഈ വിഷയത്തിൽ പ്രകടമാകുന്ന വൈരുധ്യവും ശ്രദ്ധേയമാണ്.

അതുപോലെ മുഹർറം പത്തിന് ആദം നബിയുടെ സൃഷ്ടി മുതൽ നൂഹ് നബിയുടെ രക്ഷയും, ഇബ്രാഹിം, യൂനുസ്, അയ്യൂബ്, മൂസ, ഈസാ നബിമാർ എന്നിവരുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളും നടന്നുവെന്ന പ്രചാരണങ്ങൾ ചരിത്രപരമായോ ഖുർആനികമായോ തെളിവില്ലാത്ത അവകാശവാദങ്ങൾ മാത്രമാണ്. ഖുർആൻ ഒരിടത്തും ഇത്തരം സവിശേഷതകൾ മുഹർറം പത്തിനായി അനുവദിക്കുന്നില്ല.

ചരിത്രപരമായി സാക്ഷ്യപ്പെടുത്തപ്പെടുന്ന ആശൂറായുമായി ബന്ധപ്പെട്ട പ്രധാന സംഭവം കർബലയാണ്. പ്രവാചകപൗത്രൻ ഹുസൈൻ ഇബ്നു അലി രക്തസാക്ഷിത്വം വരിച്ച ദിനമെന്ന നിലയിലാണ് മുഹർറം പത്തിന് ചരിത്രപ്രാധാന്യമുള്ളത്. ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ ഈ സംഭവം അനുസ്മരിക്കപ്പെടേണ്ട ഒരു മാനവിക-ധാർമ്മിക പാഠമാണ്. എന്നാൽ അതിന്റെ സ്ഥാനത്ത് മറ്റു ആഖ്യാനങ്ങളെ പ്രതിഷ്ഠിച്ച് ചരിത്രസ്മൃതിയെ മങ്ങിച്ചുകളയാനുള്ള ശ്രമങ്ങളും കാണപ്പെടുന്നു.

ഇസ്ലാം വിശ്വാസിയെ അത്ഭുതകഥകളിലേക്കോ അന്ധവിശ്വാസങ്ങളിലേക്കോ നയിക്കുന്നില്ല. അത് മനുഷ്യനെ ഖുർആനിന്റെ വെളിച്ചത്തിൽ ചിന്തിക്കാനും, ചരിത്രത്തെ വിമർശനാത്മകമായി വിലയിരുത്താനും, ദൈവസന്നിധിയിൽ സ്വന്തം കർമ്മങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനും പഠിപ്പിക്കുന്നു.

വേദാധിഷ്ഠിതമായ ജീവിതം മാത്രമാണ് മോക്ഷമാർഗം. പൗരോഹിത്യം നിർമ്മിച്ച വാഗ്ദാനങ്ങളല്ല, മറിച്ച് ഖുർആൻ നിർദേശിക്കുന്ന വിശ്വാസവും സൽക്കർമ്മവുമാണ് അല്ലാഹുവിന്റെ പ്രീതിയിലേക്കുള്ള മാർഗം.

                  …………………………………………………………………………………………………………………………..

About Fasalullah Hussain

Quran

Research

Comments (0)

Leave a Reply

No comments yet. Be the first to share your thoughts!