ഗ്രഹണങ്ങളും ഖുര്‍ആനും 2
ഗ്രഹണങ്ങളും ഖുര്‍ആനും: 2
🌗▪️▪️▪️🔅▪️▪️▪️🌗
സൂര്യഗ്രഹണത്തെ കുറിച്ചുള്ള സൂചനയും ഖുര്‍ആന്‍ നല്‍കുന്നതായി ആധുനിക ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ സാക്ഷീകരിക്കുന്നുണ്ട്. ഖുര്‍ആനിലെ 81ാം സര്‍ഗ്ഗത്തിലെ പ്രഥമ വചനമായ إِذَا ٱلشَّمۡسُ كُوِّرَتۡ (സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍) എന്നതാണ് തെളിവായി ഉദ്ധരിക്കുന്നത്. തുടര്‍ന്നുള്ള വചനങ്ങളെ പാരമ്പര്യ പരിഭാഷകരും വ്യാഖ്യാതാക്കളും അന്ത്യദിനത്തിന്‍റെ ലക്ഷണങ്ങളായി അവതരിപ്പിക്കുന്നു. അതിനാല്‍ ഈ സൂക്തവും സാധാരണ നടക്കുന്ന പ്രാപഞ്ചിക പ്രതിഭാസമായ ഗ്രഹണങ്ങളെ കുറിച്ചല്ല എന്ന നിഗമനത്തിലാണ് എത്തുന്നത്. ഇവിടെ كُوِّرَتۡ (പൊതിയുക) എന്നതാണ് പ്രയോഗം. ഖുര്‍ആന്‍ മൂന്നിടങ്ങളില്‍ മാത്രം പ്രയോഗിച്ചിട്ടുള്ള ك-و-ر എന്ന ധാതുവില്‍ നിന്നാണ് ഈ പദം ഉരുത്തിരിഞ്ഞിരിക്കുന്നത്. പൊതിയുക, ചുറ്റുക, ചുരുട്ടുക എന്നിവയാണ് പ്രാഥമിക അര്‍ത്ഥങ്ങള്‍. മുറിവുകള്‍ പൊതിഞ്ഞു കെട്ടുന്നതിനും സാധനങ്ങള്‍ പൊതിയുന്നതിനും ഈ പദം ഉപയോഗിക്കുന്നു. ഏറ്റവും എളുപ്പത്തില്‍ ഗ്രാഹ്യമാവുക ഇംഗ്ലീഷിലെ തത്തുല്ല്യപദമായ 'cover' എന്നതിന്‍റെ തല്‍ഭവം ഈ അറബി പദമാണെന്ന് നിരീക്ഷിക്കുമ്പോഴാണ്.
സൗരയൂഥത്തിലെ പ്രകാശസ്രോതസ്സായ സൂര്യന്‍റെ പ്രഭ മൂടപ്പെടുന്ന അവസ്ഥ പ്രപഞ്ചനാശസൂചകമാണ്. കാരണം സൂര്യനില്‍ നടക്കുന്ന അണുകേന്ദ്ര സംയോജനത്തിന്‍റെ അളവ് കുറയുക എന്നത് സൂര്യന്‍ തമോഗര്‍ത്തമായി പരിണമിക്കുന്ധതിന്റെ ലക്ഷണമാണ്. എന്നാല്‍ ദിനേന ഭൂമിയിലെ പ്രകാശം അപ്രത്യക്ഷമാകുന്നതായി നമുക്ക് അനുഭവപ്പെടുന്നത് ഭൂമിയുടെ ദിനചലനമായ ഭ്രമണചലനത്തിന്‍റെ ഫലമായിട്ടാണ്. രാത്രിയില്‍ ഇരുട്ട് പൊതിയുന്നതും പകലില്‍ പ്രകാശത്താല്‍ ആവരണം ചെയ്യപ്പെടുന്നതും ഖുര്‍ആന്‍ വ്യക്തമാക്കുന്നത് ഇതേ പദപ്രയോഗത്താലാണ്. യാസീന്‍ എന്ന അദ്ധ്യായത്തിലെ 37ാം വചനം കാണുക:
▪️ يُكَوِّرُ ٱلَّيْلَ عَلَى ٱلنَّهَارِ وَيُكَوِّرُ ٱلنَّهَارَ عَلَى ٱلَّيْلِ
“രാത്രി പകലിനെ ആവരണം ചെയ്യുന്നു. പകല്‍ രാത്രിയ്ക്ക് മുകളിലും ആവരണം തീര്‍ക്കുന്നു.”
ഇത് ദിനേന നടക്കുന്ന സര്‍വ്വര്‍ക്കും ബോധ്യമാകുന്ന പ്രാപഞ്ചിക പ്രതിഭാസമാണ്. ഈ വിവരണം മനുഷ്യരെ ദൈവത്തിലേക്കും വേദസത്യത്തിലേക്കും ഉല്‍ബുദ്ധരാക്കുന്നതിന് വേണ്ടിയാണ്. ഇതേ പ്രയോഗമാണ് إِذَا ٱلشَّمْسُ كُوِّرَتْ (സൂര്യന്‍ മറക്കപ്പെടുമ്പോള്‍) എന്ന സൂക്തത്തിലും ദൃശ്യമാകുന്നത്.
സൂര്യനും ഭൂമിക്കും നടുവിലായി ചന്ദ്രന്‍ വരികയും ഇവ ഒരു നേര്‍രേഖയിലാവുകയും ചെയ്യുമ്പോള്‍ ഭൂനിവാസികള്‍ക്ക് സൂര്യതേജസ്സ് ചന്ദ്രനാല്‍ മറക്കപ്പെടുന്ന അവസ്ഥയാണ് സൂര്യഗ്രഹണം. ഒരു പരിധിവരെ സകല ഊര്‍ജ്ജങ്ങളുടേയും ദാതാവായ 'സൂര്യന്‍റെ പ്രകാശജ്യോതി ചന്ദ്രനാല്‍ മറക്കപ്പെടുക' എന്നത് അഹങ്കാരികള്‍ക്കുള്ള ആലങ്കാരികമായ പ്രഹരമാണ്. സാമ്രാജ്യങ്ങളുടേയും ഏകാധിപതികളുടേയും പതനമാണ് ,സമ്പത്തും സന്താനങ്ങളും, അറിവും, കഴിവും ,അധികാരവും, ആള്‍ബലവും തുടങ്ങി അഹങ്കരിക്കാന്‍ എന്തൊക്കെ ഉണ്ടായാലും, എത്രതന്നെ ഔന്നത്യം കാണിച്ചാലും, അവയെ നിയന്ത്രിക്കാന്‍ ദൈവിക ശക്തി പ്രാപ്തമാണെന്ന് ബോധ്യപ്പെടുത്തലാണ് إِذَا ٱلشَّمْسُ كُوِّرَتْ (സൂര്യന്‍ മറക്കപ്പെടുമ്പോള്‍) എന്ന സൂക്തത്തിന്‍റെ ആശയതലം.
ഈ സൂക്തത്തിന്‍റെ തുടര്‍വചനങ്ങളിലുള്ള പ്രതിപാദ്യങ്ങളും ശാസ്ത്രീയവും യുക്തിപൂര്‍ണ്ണവുമായി, വേദാശയത്തോട് സമരസപ്പെടുന്ന രീതിയില്‍ വായിച്ചെടുക്കേണ്ടത് അനിവാര്യമാണ്
ഗ്രഹണങ്ങള്‍ പ്രകൃതി പ്രതിഭാസങ്ങള്‍ മാത്രമാണ്. പ്രപഞ്ചത്തിലെ കോടാനകോടി നക്ഷത്രങ്ങളും ഗ്രഹോപഗ്രഹങ്ങളും ഭ്രമണ പരിക്രമണങ്ങളില്‍ അനുസ്യൂതം തുടരുന്നവയാണ്. ആ സഞ്ചരത്തിനിടയില്‍ സൂര്യനും ഭൂമിയും ചന്ദ്രനും നേര്‍രേഖയില്‍ വരുന്നത് പോലെ മറ്റ് നക്ഷത്രാദി ഗോളങ്ങള്‍ ഒരുമിച്ച് നേര്‍രേഖയില്‍ വരാനിടയായാല്‍ അവിടെയൊക്കെ ഈ പ്രതിഭാസം നടക്കും. ഇത് യാദൃച്ഛികമോ അത്ഭുത പ്രതിഭാസമോ അല്ല.
നമ്മുടെ സൗരയൂഥത്തിലെ സൂര്യനെയും ഭൂമിയേയും ചന്ദ്രനെയും മാത്രം പരിഗണിച്ചാണല്ലോ സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും നാം ഗണിക്കുന്നത്.
ഒരുവര്‍ഷം ചുരുങ്ങിയത് രണ്ട് സൂര്യഗ്രഹണവും രണ്ട് ചന്ദ്രഗ്രഹണവും സംഭവിക്കും. അധികരിച്ചാല്‍ അവ ഏഴ് തവണവരെ ആവര്‍ത്തിക്കാമെന്ന് ഗോളശാസ്ത്രജ്ഞന്‍മാര്‍ സാക്ഷീകരിക്കുന്നു.
2025-ൽ സംഭവിക്കുന്ന പ്രധാന ഗ്രഹണങ്ങളുടെ സംഗ്രഹം താഴെ കൊടുക്കുന്നു.
മാർച്ച് 13,14 തിയതികളില്‍ പൂര്‍ണ്ണ ചന്ദ്രഗ്രഹണം നടന്നിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെ ഏഷ്യയുടെ അധിക ഭാഗങ്ങളിലും ഇത് ദൃശ്യമായിട്ടുണ്ട്.
2025 മാർച്ച് 29ന് ഭാഗിക സൂര്യഗ്രഹണം സംഭവിച്ചിരുന്നു. യൂറോപ്പ്, നോർത്ത് അമേരിക്കയുടെ ചില ഭാഗങ്ങൾ എന്നിവയിൽ ദൃശ്യമായ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമായിരുന്നില്ല.
അതുപോലെ ഈ വര്‍ഷം സെപ്റ്റംബർ 7ന് പൂര്‍ണ്ണ ചന്ദ്രഗ്രഹണമാണ് സംഭവിച്ചത്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവയിൽ ദൃശ്യമാണ്.
ഇന്ത്യയിൽ ആദ്യാവസാനം വരെ കാണാൻ സാധിച്ചിരുന്നല്ലോ?.
സെപ്റ്റംബർ 21ന് ഒരു ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുന്നതാണ്. ന്യൂസിലാന്‍റ്,ഈസ്റ്റേൺ ഓസ്ട്രേലിയ, ആന്റാർകറിക എന്നിവിടങ്ങളില്‍ ദൃശ്യമാണെങ്കിലും ഇന്ത്യയിൽ കാണാനിടയില്ല.
ഈ വിഷയം ഉദ്ധരിച്ചത് ഗ്രഹണങ്ങളുടെ സര്‍വ്വസാധാരണത്വം വ്യക്തമാക്കാനാണ്. ഇതില്‍ അസാധാരണത്വമോ അല്‍ഭുതമോ ഇല്ല എന്നും ഇത് അന്ത്യനാളിന്‍റെ അടയാളമായി ചിത്രീകരിക്കുന്നത് ശാസ്ത്രബോധത്തിന്‍റെ അജ്ഞതമാത്രമാണെന്നും വ്യക്തമാക്കാനുമാണ്.
ഇസ്ലാമിക പ്രമാണമായ ഖുര്‍ആനും ഗ്രഹണങ്ങളെ കുറിച്ചുള്ള സൂചന നല്‍കുന്നതായി കാണാം. പ്രവാചകനെ ശാസ്ത്രബോധമോ പാപഞ്ചിക പ്രതിഭാസങ്ങളെ കുറിച്ച് ധാരണപോലുമില്ലാത്ത വ്യക്തിത്വമായി ചിത്രീകരിക്കാനാണ് വേദവിരോധികള്‍ പ്രമാണവിരുദ്ധ സിദ്ധാന്തങ്ങള്‍ ആവിഷ്കരിക്കുന്നത്. ഖുര്‍ആന്‍ സൂര്യചന്ദ്രാദി ആകാശഗോളങ്ങളുടെ ചലനത്തെക്കുറിച്ചും അതിന്‍റെ കണിശതയെക്കുറിച്ചും സവിസ്തരം പ്രതിപാദിച്ചിട്ടും പ്രവാചകന്‍ ഗ്രഹണസമയത്ത് ഭയവിഹ്വലത പ്രകടിപ്പിച്ച് പ്രാര്‍ത്ഥനാ നിരതനായി എന്ന വര്‍ണ്ണന പ്രവാചകനെ ഇകഴ്ത്താനുള്ള 'ജൂതതന്ത്രം' മാത്രമാണ്.
ഹദീസ് സഹീഹ് മുസ്ലിമില്‍ അബൂ മൂസാ അൽ-അശ്‌അരി ഉദ്ധരിച്ചിരിക്കുന്ന 912ാം നമ്പര്‍ ഹദീസിലാണ് ഈ വിഷയം ഉള്ളത്.
> خَسَفَتِ الشَّمْسُ فِي زَمَنِ النَّبِيِّ فَقَامَ فَزِعًا يَخْشَى أَنْ تَكُونَ السَّاعَةُ حَتَّى أَتَى الْمَسْجِدَ فَقَامَ يُصَلِّي بِأَطْوَلِ قِيَامٍ وَرُكُوعٍ وَسُجُودٍ مَا رَأَيْتُهُ يَفْعَلُهُ فِي صَلاَةٍ قَطُّ ثُمَّ قَالَ: "إِنَّ هَذِهِ الآيَاتِ الَّتِي يُرْسِلُ اللَّهُ، لاَ تَكُونُ لِمَوْتِ أَحَدٍ وَلاَ لِحَيَاتِهِ، وَلَكِنَّ اللَّهَ يُرْسِلُهَا يُخَوِّفُ بِهَا عِبَادَهُ، فَإِذَا رَأَيْتُمْ مِنْهَا شَيْئًا فَافْزَعُوا إِلَى ذِكْرِهِ وَدُعَائِهِ وَاسْتِغْفَار
അബൂ മൂസാ പറയുന്നു:
> “നബിയുടെ കാലത്ത് സൂര്യഗ്രഹണം സംഭവിച്ചു. അദ്ദേഹം ഭീതിയോടെ എഴുന്നേറ്റു; അത് അന്ത്യദിനത്തിന്റെ അടയാളമാകുമോ എന്ന് ആശങ്കപ്പെട്ടു. ശേഷം അദ്ദേഹം മസ്ജിദിലേക്കു ചെന്നു. അവിടെ അദ്ദേഹം വളരെ നീണ്ടുനില്‍ക്കുന്ന,നിന്നും, വണങ്ങിയും, സാഷ്ടാംഗം പ്രണമിച്ചും കൊണ്ട് ഒരു നമസ്‌കാരം ചെയ്തു. ഞാൻ ഒരിക്കലും അദ്ദേഹത്തെ അങ്ങനെ പ്രാർത്ഥിക്കുന്നതായി കണ്ടിട്ടില്ല. പിന്നെ അദ്ദേഹം പറഞ്ഞു: ‘ഇവ അല്ലാഹുവിന്‍റെ അടയാളങ്ങളാണ്. ഇവ ഒരാളുടെ മരണം കൊണ്ടോ ജനനം കൊണ്ടോ സംഭവിക്കുന്നതല്ല. മറിച്ച് അല്ലാഹു തന്റെ ദാസന്മാരെ ഭയപ്പെടുത്തുന്നതിനായാണ് ഇവ അയക്കുന്നത്. അതിനാല്‍ നിങ്ങള്‍ അതില്‍നിന്ന് എന്തെങ്കിലും കണ്ടാല്‍ അല്ലാഹുവിനെ ഓര്‍ക്കാനും, അവനോട് ദുആ ചെയ്യാനും, അവനോട് മാപ്പ് ചോദിക്കാനും നീങ്ങുക.’
ഇതില്‍ സത്യവും അസത്യവും കൂട്ടിക്കലര്‍ത്തുക എന്ന പൈശാചിക ശൈലി കാണാന്‍ സാധിക്കും.
ഗ്രഹണങ്ങള്‍ പ്രകൃതി പ്രതിഭാസം മാത്രമാണെന്നും അത് ഒരു വ്യക്തിയുടെ ജനനത്തേയോ, മരണത്തേയോ സൂചിപ്പിക്കുന്നതല്ലെന്നും വ്യക്തമാക്കുന്നു. അതുപോലെ അസ്വാഭാവികതയുള്ളതോ ഭയാശങ്ക പരത്തുന്നതോ അല്ലെന്നതും വ്യക്തമാണ്. പ്രവാചക പുത്രന്‍റെ മരണ പശ്ചാത്തലവുമായി ഇതിനെ ബന്ധിപ്പിച്ച സന്ദര്‍ഭത്തിലാണ് ഈ വിശദീകരണം. അപ്പോള്‍ ''സ്വാഭാവിക ഗ്രഹണം'' എങ്ങിനെ അന്ത്യദിനത്തിന്‍റെ അടയാളമാകും എന്ന ചോദ്യം സുചിന്തിതമാണ്.
പ്രകൃതി പ്രതിഭാസങ്ങളോട് വിശ്വാസികളുടെ സമീപനവും പ്രതികരണവും എങ്ങിനെ ആയിരിക്കണം എന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.
രാവും പകലും മാറിവരുന്നത് സാധാരണ വ്യക്തികള്‍ക്ക് ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ്. എന്നാല്‍ എന്തുകൊണ്ട് രാപ്പകല്‍ സംഭവിക്കുന്നു എന്നതും അവയുടെ ദൈര്‍ഘ്യ വ്യത്യാസം എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്നും ആലോചിക്കുമ്പൊഴാണ് ഇതിന്‍റെ പിന്നിലുള്ള ശക്തിയുടെ സാന്നിധ്യവും അതിനെ കുറിച്ചുള്ള ചിന്തയും യുക്തിയും ബോധ്യവും രൂപപ്പെടുക. അപ്പോഴാണ് സൂര്യനെ കുറിച്ചും ഭൂമിയടക്കമുള്ള ഗ്രഹങ്ങളെ കുറിച്ചും ചന്ദ്രനെ പോലുള്ള ഉപഗ്രഹങ്ങളെ പറ്റിയും ഓരോരുത്തരും ചിന്തിക്കുക. ഈ ചിന്ത ദൈവബോധത്തിലേക്ക് നയിക്കപ്പെടും എന്നതും സത്യം.
ഖുര്‍ആനിലെ ആലിഇംറാന്‍ അദ്ധ്യായത്തിലെ 190ാം വചനം വ്യക്തമാക്കുന്നത് ദൈവാവബോധം സൃഷ്ടിക്കുന്നത് പ്രാപഞ്ചിക പ്രതിഭാസങ്ങളെ കുറിച്ചുള്ള മനനമാണെന്നാണ്.
▪️إِنَّ فِي خَلۡقِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَٱخۡتِلَٰفِ ٱلَّيۡلِ وَٱلنَّهَارِ لَأٓيَٰتࣲ لِّأُوْلِي ٱلۡأَلۡبَٰبِ
തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും, രാപകലുകളുടെ വൈവിധ്യമാര്‍ന്ന മാറ്റങ്ങളിലും യുക്തിദീക്ഷയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.
പ്രപഞ്ച സൃഷ്ടിയുടെ രഹസ്യം പ്രപഞ്ചത്തേക്കാള്‍ അനന്തവിസ്തൃതമാണ്. നാലാപ്പാട്ട് നാരായണമേനോന്‍റെ കവിതാശകലം ഇതിന്‍റെ വ്യാപ്തി ഒരു പരിധിവരെ വ്യക്തമാക്കുന്നതാണ്.
''അനന്തമജ്ഞാതമവര്‍ണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്നമര്‍ത്യൻ കഥയെന്തറിഞ്ഞു"
പ്രപഞ്ചത്തിന്‍റെ വിസ്തൃതിയും അതില്‍ മനുഷ്യന്‍ എത്ര നിസ്സാരമായ സ്ഥാനത്തിന്‍റെ ഉടമയാണെന്നതും വ്യക്തമാക്കുന്നു. അപ്പോള്‍ 'ഈ' കഥയറിയാത്ത മനുഷ്യരെ ദൈവബോധം ജനിപ്പിക്കാനാണ് വേദം ലക്ഷ്യമിടുന്നത്.
തുടര്‍ന്ന് വരുന്ന (3/191) സൂക്തം പ്രകൃതി ദൃഷ്ടാന്തങ്ങള്‍ ബോധ്യമാകുമ്പോള്‍ ചെയ്യേണ്ട പ്രാര്‍ത്ഥനയെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. വിശ്വാസികള്‍ അവരുടെ ജീവിതത്തിന്‍റെ സര്‍വ്വമേഖലകളിലും ദൈവസ്മരണ നിലനിലനിര്‍ത്തും. ആകാശഭൂമികളടങ്ങിയ പ്രപഞ്ചസൃഷ്ടിയെ കുറിച്ച് ചിന്തയും ബുദ്ധിയും യുക്തിയും ഉപയോഗിച്ച് പരിചിന്തനത്തിന് വിധേയമാക്കും. സൂക്ഷ്മവും സ്ഥൂലവുമായ സകല ചരാചരങ്ങളുടേയും സൃഷ്ടിപ്പിന് പിന്നില്‍ വ്യക്തമായ ഉദ്ദേശ്യവും ലക്ഷ്യവും യുക്തിയുമുണ്ടെന്ന തിരിച്ചറിവ് നേടും. ദൈവത്തിന്‍റെ അസ്തിത്വവും കഴിവുകളും തിരിച്ചറിഞ്ഞ് അകമഴിഞ്ഞ് പ്രാര്‍ത്ഥിക്കും.
ٱلَّذِينَ يَذۡكُرُونَ ٱللَّهَ قِيَٰمࣰا وَقُعُودࣰا وَعَلَىٰ جُنُوبِهِمۡ وَيَتَفَكَّرُونَ فِي خَلۡقِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ رَبَّنَا مَا خَلَقۡتَ هَٰذَا بَٰطِلࣰا سُبۡحَٰنَكَ فَقِنَا عَذَابَ ٱلنَّارِ
നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ.
ഖുര്‍ആനിക പ്രാര്‍ത്ഥനയുടെ ശൈലി കൂടി സൂക്തം വ്യക്തമാക്കുന്നുണ്ട്. رَبَّنَا مَا خَلَقۡتَ هَٰذَا بَٰطِلࣰا (നാഥാ നീ ഒന്നും വ്യര്‍ത്ഥമായി സൃഷ്ടിച്ചിട്ടില്ല) എന്ന തിരിച്ചറിവാണ് تَفَكَّرُ (ഗവേഷണാത്മക പരിചിന്തനത്തിന്റെ) ആത്യന്തിക ഫലം.
എന്നിട്ടും നാം ഇല്ലാത്ത ഗ്രഹണ നമസ്കാരത്തിന് വ്യഗ്രത കാണിക്കുകയും കൂടുതല്‍ സൂക്ഷ്മതയും ജാഗ്രതയും പുലര്‍ത്തേണ്ട വ്രതാരംഭം ഉള്‍പ്പെടെയുള്ള അനിവാര്യ മാസപ്പിറവി വിഷയത്തില്‍ അലംഭാവം കാണിക്കുകയും ചെയ്യുന്നത് വിചിത്രവും ചിന്താവൈകൃതവുമാണെന്നത് പറയാതെവയ്യ.
Comments (0)
Leave a Reply
No comments yet. Be the first to share your thoughts!