മാസപ്പിറവി : ഹിജറീ കലണ്ടര്‍
ഹിജറീ കലണ്ടര്‍
▪️🔅🔅🔅🔅🔅🔅🔅▪️
ചാന്ദ്രമാസപ്പിറവി നിര്‍ണ്ണയിക്കുന്നതില്‍ ഖഗോളചലനത്തേയും ഗണിതത്തേയും അവലംബിക്കുന്നവര്‍ക്കിടയിലും ചില അഭിപ്രായ വ്യത്യാസങ്ങള്‍ കാണാം. അതില്‍ ഒന്ന് ലോകാടിസ്ഥാനത്തിലുള്ള ഏകീകരണം അഥവാ ഒരു ദിവസത്തിന് ഒരു തിയതി എന്ന നിഗമനത്തിലാണ്.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം വന്‍കരകള്‍ തമ്മിലും പ്രാദേശികമായി പോലും ചില അന്തരങ്ങള്‍ ഉണ്ട്. നാം ദിവസം രാവിലെ മുതല്‍ ആരംഭിച്ചാലും സന്ധ്യ മുതല്‍ ആരംഭിച്ചാലും കലണ്ടറില്‍ ദിവസം ആരംഭിക്കുന്നത് അര്‍ദ്ധരാത്രി 12 മണിമുതലാണ്. അതായത് നമ്മള്‍ക്ക് അനുഭവവേദ്യമാകുന്ന ഒരു രാത്രി രണ്ട് തിയതികളിലാണ് എന്നര്‍ത്ഥം.
ഖുര്‍ ആനികമായി വ്രതത്തിന്‍റെ രാവ്, നിര്‍ണ്ണിത രാവ്,രാത്രിനമസ്കാരത്തിന്‍റെ സമയങ്ങള്‍ തുടങ്ങിയവ ഗോളശാസ്ത്രപരമായി ഒരേ രാത്രിയാണെങ്കിലും ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം രണ്ട് തിയ്യതികളില്‍ തന്നെയാണ് എന്നത് പരമാര്‍ത്ഥമാണ്. ഈ വൈരുധ്യം ഒഴിവാക്കുക എന്ന ലക്ഷ്യമാണ് ഹിജറീ കലണ്ടറിന്‍റെ പ്രഥമ പരിഗണനയായി അവതരിപ്പിക്കേണ്ടത്.
ഹിജറീ കലണ്ടര്‍ വാര്‍ഷിക ദിനങ്ങളുടെ എണ്ണത്തിലും മാനദണ്ഡത്തിലും ഗ്രിഗോറിയന്‍ കലണ്ടറില്‍ നിന്നും വിഭിന്നമാണ്. ഗ്രിഗോറിയന്‍ കലണ്ടര്‍ സൂര്യനെ ആശ്രയിച്ചും (സൂര്യന് ചുറ്റും ഭൂമിയുടെ പരിക്രമണകാലമായ 365.25 ദിനങ്ങള്‍) ഹിജറീ കലണ്ടര്‍ ചന്ദ്രനെ അധികരിച്ചുമാണ്(ഭൂമിക്ക് ചുറ്റും ചന്ദ്രന്‍റെ പരിക്രമണ കാലമായ 355.5 ദിവസം) നിര്‍ണ്ണയിക്കുന്നത്. മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ് എന്നത് ഖുര്‍ആനികമാണ്.
▪️إِنَّ عِدَّةَ ٱلشُّهُورِ عِندَ ٱللَّهِ ٱثْنَا عَشَرَ شَهْرًا فِى كِتَٰبِ ٱللَّهِ يَوْمَ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു.(9 : 36)
മസങ്ങളുടെ ഘടന ഗ്രിഗോറിയന്‍ കലണ്ടറില്‍ പ്രത്യേക മാനദണ്ഡമാണ്. എന്നാല്‍ ഹിജറീ കലണ്ടര്‍ കൃത്യമായി ചന്ദ്രന്‍റെ വൃദ്ധിക്ഷയത്തെ അടിസ്ഥാനമാക്കിയാണ് നിജപ്പെടുത്തുന്നത്. അത് ഒരു അമാവാസി മുതല്‍ അടുത്ത അമാവാസിവരെയുള്ള ദിവസങ്ങള്‍ ചേര്‍ന്നതാണ്. അത് ഏകദേശം 29.5 ദിനങ്ങള്‍ ചേര്‍ന്നതായതിനാല്‍ മാസങ്ങളില്‍ പൂര്‍ണ്ണദിനങ്ങളായി ഉള്‍പ്പെടുത്തുമ്പോള്‍ 29 ഓ 30ഓ ദിവസങ്ങള്‍ ചേര്‍ന്ന് വരുന്നതായി കാണാം.ഇവിടെയും ഏകദേശം ഒരു ദിവസത്തിന്‍റെ പന്ത്രണ്ട് മണിക്കൂറോളം വരുന്ന പകുതിഭാഗം നഷ്ടപ്പെടുകയോ കൂട്ടിച്ചേര്‍ക്കപ്പെടുകയോ ചെയ്യപ്പെടുന്നു. ഇത് താത്വികമായി വിശകലനം ചെയ്യുന്നവര്‍ക്ക് ബോധ്യമല്ലാത്ത കാര്യവുമല്ല.
ചന്ദ്രമാസ നിര്‍ണ്ണയത്തിന് ദിനാരംഭം മാനദണ്ഡമല്ലെന്ന് ഒരുവിഭാഗം പറയുന്നു. ആഗോളാടിസ്ഥാനത്തില്‍ അമാവാസി സംഭവിക്കുന്ന ഉച്ചമുതല്‍ക്കായാലും പ്രദോഷം മുതലോ,പ്രഭാതം മുതലോ ആയാലും ഒരേദിവസത്തിന് ഒരേ തിയ്യതി എന്ന തിയറി പ്രാവര്‍ത്തികമാകില്ല. ഗ്രിഗോറിയന്‍ കലണ്ടറിനെ ആസ്പദമാക്കി അര്‍ദ്ധരാത്രി മുതല്‍ക്കായാല്‍ മാത്രമാണ് ആ ന്യൂനത പരിഹരിക്കാന്‍ സാധിക്കുക. അപ്പോഴും പ്രായോഗിക തലത്തില്‍ നമുക്ക് അര്‍ദ്ധരാത്രിക്ക് (12 AM)മുമ്പും ശേഷവും രണ്ട് തിയ്യതികളാണ് എന്ന സത്യം ഉള്‍കൊള്ളേണ്ടതാണ്.
അതിനാല്‍ ദിനാരംഭത്തിന് മാത്രം ഗ്രിഗോറിയന്‍ മാനദണ്ഡം അംഗീകരിക്കുന്നത് പ്രായോഗികമല്ല. അതുകൊണ്ട് തന്നെ ഖുര്‍ ആനിക പിന്‍ബലത്തില്‍ ദിവസവും മാസവും വര്‍ഷവും സൂര്യ ചന്ദ്രന്മാരുടേയും ഭൂമിയുടേയും ചലനത്തെ അടിസ്ഥാനമാക്കി നിജപ്പെടുത്തലാണ് അഭികാമ്യം.
അപ്പോള്‍ ദിവസം ആരംഭിക്കുന്നതിന് രണ്ട് വാദഗതികളാണ് ശേഷിക്കുന്നത്.ഒരുവിഭാഗം ഫജ്ര്‍ മുതലാണെന്ന് പ്രകൃതിയെ കൂട്ട് പിടിച്ച് സമര്‍ത്ഥിക്കുന്നതായി കാണാം. എന്നാല്‍ ഖുര്‍ ആനിക പിന്‍ബലം സൂര്യാസ്തമയം മുതല്‍ക്കാണ് എന്ന നിഗമനത്തിനാണ്.
▪️وَجَعَلْنَا ٱلَّيْلَ وَٱلنَّهَارَ ءَايَتَيْنِ ۖ فَمَحَوْنَآ ءَايَةَ ٱلَّيْلِ وَجَعَلْنَآ ءَايَةَ ٱلنَّهَارِ مُبْصِرَةً لِّتَبْتَغُوا۟ فَضْلًا مِّن رَّبِّكُمْ وَلِتَعْلَمُوا۟ عَدَدَ ٱلسِّنِينَ وَٱلْحِسَابَ ۚ وَكُلَّ شَىْءٍ فَصَّلْنَٰهُ تَفْصِيلًا
രാവിനെയും പകലിനെയും നാം രണ്ട് ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു. രാവാകുന്ന ദൃഷ്ടാന്തത്തെ നാം മങ്ങിയതാക്കുകയും, പകലാകുന്ന ദൃഷ്ടാന്തത്തെ നാം പ്രകാശം നല്‍കുന്നതാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള അനുഗ്രഹം നിങ്ങള്‍ തേടുന്നതിന് വേണ്ടിയും, കൊല്ലങ്ങളുടെ എണ്ണവും കണക്കും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടിയും. ഓരോ കാര്യവും നാം നല്ലവണ്ണം വിശദീകരിച്ചിരിക്കുന്നു.
17-Al-Isra : 12
ഈ സൂക്തം ഖഗോള ചലനങ്ങളേയും അതുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങളേയും അതിലൂടെ ദൈവം എന്താണ് ലക്ഷ്യമാക്കുന്നതെന്നും വ്യക്തമാക്കുന്നു. لِتَعْلَمُوا۟ عَدَدَ ٱلسِّنِينَ وَٱلْحِسَابَ(വര്‍ഷങ്ങളുടേയും അതിന്‍റെ ഗണനത്തിന്‍റേയും പരിധിയും കണക്കും അറിവിന്‍റെ അടിസ്ഥാനത്തില്‍ ബോധ്യമാക്കുന്നതിന് വേണ്ടിയാണ് ) എന്ന പ്രയോഗം ചിന്തോദ്ദീപകവും പഠനാര്‍ഹവുമാണ്. എന്നാല്‍ നഗ്നനേത്രത്താല്‍ കണ്ടുമാത്രമേ കാലഗണന പറ്റൂ എന്ന് ശഠിക്കുന്നവരോട് സഹതാപം മാത്രം.
ഇവിടെ സൂക്താരംഭത്തിലെ وَجَعَلْنَا ٱلَّيْلَ (രാത്രിയെ നാം സജ്ജീകരിച്ചിരിക്കുന്നു ...) എന്ന പ്രയോഗം ദിനാരംഭത്തിലേക്ക് സൂചന നല്‍കുന്നു. കൂടുതല്‍ തെളിവുകള്‍ക്ക് ഈ ലിങ്ക് ഉപയുക്തമാക്കാം.
https://m.facebook.com/story.php?story_fbid=1178611802906079&id=100022718124042&mibextid=Nif5oz
എന്തായാലും കൂടുതല്‍ കാര്യക്ഷമതയോടെയും കണിശതയോടെയും ഒരു ഹിജറീ കലണ്ടര്‍ അനിവാര്യമാണ്. ഏത് കലണ്ടറിനും ന്യൂനതകള്‍ കാണാം കൂടുതല്‍ പ്രായോഗികതയാണ് പ്രധാനം
ചാന്ദ്രമാസപ്പിറവി എന്നത് ഒരു ചാക്രിക പ്രതിഭാസമാണ്. ഒരു മാസം എവിടെ അവസാനിക്കുന്നുവോ അവിടെ മുതല്‍ പുതുമാസം ആരംഭിക്കുകയും ചെയ്യുന്നു. ചന്ദ്രമാസം എന്നത് പൂര്‍ണ്ണമായ ചന്ദ്രന്‍റെ ഒരു വൃദ്ധിക്ഷയകാലമാണ്. ചന്ദ്രനില്‍ സൂര്യപ്രഭ തീരെ പതിക്കാത്ത അവസ്ഥക്കാണ് അമാവാസി എന്ന് പറയുന്നത്. അതുകൊണ്ട് ഒരു അമാവാസി മുതല്‍ തൊട്ടടുത്ത അമാവാസിവരെയുള്ള കാലമാണ് (കൃത്യമായി 29.54 ദിവസം ) ഒരു ചാന്ദ്രമാസം. അതുകൊണ്ട് തന്നെ പ്രായോഗിക തലത്തില്‍ മാസം 29 ഓ 30 ഓ ദിവസങ്ങളായി നിചപ്പെടുത്തേണ്ടതാണ്.
മാസപ്പിറവി സംഭവിക്കുക എന്നത് കൃത്യവും കണിശവുമായ ഖഗോള ചലനങ്ങളുടെ ഫലമായിട്ടാണ്. അത് ശാസ്ത്രാവബോധം കൊണ്ട് മാത്രമേ കൃത്യതയോടെ ഗണിക്കുവാന്‍ സാധിക്കുകയുള്ളൂ.
ചന്ദ്രമാസപ്പിറവിയുടെ നിര്‍ണ്ണയത്തിന് സൂക്ഷ്മമായ കണക്കിലൂടെയുള്ള ബോധ്യമല്ലാതെ കാഴ്ചയെ അവലംബിക്കുന്നത് ആധുനിക കാലത്ത് പാഴ് വേലയാണ്. കാരണം ജീവിതത്തിന്‍റെ സമസ്തമേഖലകളിലും ശാസ്ത്രത്തെ ആശ്രയിച്ചാണ് ആധുനിക മനുഷ്യന്‍ ജീവിക്കുന്നത് എന്നത് തന്നെ.
ഖുര്‍ ആധുനിക സത്യത്തോട് സമരസപ്പെടുന്ന ശാസ്ത്രസത്യങ്ങള്‍ ഉള്‍കൊള്ളാന്‍ വേദവിശ്വാസികള്‍ ബാധ്യസ്ഥരാണെന്ന് സാരം.
മാസപ്പിറവിയുടെ അടിസ്ഥാനം അമാവാസിയാണെന്നത് ശാസ്ത്ര സത്യമാണ്. അതിനെ ഖുര്‍ ആന്‍ ആലങ്കാരികമായി സൂചിപ്പിച്ചത് كَٱلْعُرْجُونِ ٱلْقَدِيمِ (ഇതിന്‍റെ പാരമ്പര്യ പരിഭാഷ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ) എന്നാണ്.
▪️وَٱلْقَمَرَ قَدَّرْنَٰهُ مَنَازِلَ حَتَّىٰ عَادَ كَٱلْعُرْجُونِ ٱلْقَدِيمِ
ചന്ദ്രന് നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു. 36-Ya Sin : 39
എന്നാല്‍ പ്രവാചക വചനമെന്ന രീതിയില്‍ രേഖപ്പെടുത്തപ്പെട്ട ചന്ദ്രമാസാന്ത്യം غُمَّ എന്നാണ്. പലരും ഇതിനെ 'അമാവാസി' എന്ന് വ്യാഖ്യാനിക്കുകയും ചെയ്യുന്നു. എന്നാല്‍ ഖുര്‍ ആന്‍ പതിനോന്നിടത്ത് മൂന്ന് രീതിയില്‍ غ-م-م എന്ന മൂലപദത്തില്‍ നിന്ന് വന്ന പദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. അവയില്‍ നാലിടത്ത് മേഘം എന്ന ഉദ്ദേശാര്‍ത്ഥത്തിലാണ്. غَمَّ എന്നതിന്റെ അടിസ്ഥാന അർത്ഥങ്ങൾ മൂടുക,മറക്കുക എന്നിവയാണ്. ഇത് തടസങ്ങള്‍ കൊണ്ട് സംഭവിക്കുന്നതാണ്. മേഘങ്ങള്‍ സൂര്യന്റെയും ചന്ദ്രന്‍റേയും പ്രഭക്ക് തടസമാകുന്നതിനാല്‍ അതിന് غَمَامٌ എന്ന് ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുണ്ട്. അതുപോലെ മനസിനെ ,ചിന്തയെ മൂടിക്കളയുന്ന ദുഖ:കരമായ അവസ്ഥാവിശേഷത്തിനും വേദം ഇതേ പദപ്രയോഗം നടത്തിയതായി കാണാം. മനുഷ്യന് പുറത്തുകടക്കാൻ പ്രയാസകരമായ ദുരിതങ്ങള്‍ക്കും , അല്ലെങ്കിൽ മുക്തമാകാന്‍ പ്രയാസകരമായ വിഷമാവസ്ഥകളേയും ബോധ്യമാക്കുന്നതിന് ഭാഷയില്‍ اَلْغُمّٰی എന്ന് പ്രയോഗിക്കാറുണ്ട്. 3/153 ല്‍ فَأَثَٰبَكُمْ غَمًّۢا بِغَمٍّ എന്ന പ്രയോഗം പ്രവാചകനെ ധിക്കരിച്ചതിന്‍റെ പരിണിതിയായി മാനസീകമായ അന്ധതയോ ദുഖ:മോ ആപതിച്ചതിനെ കുറിച്ചുള്ള പരാമര്‍ശമാണ്. എന്തായാലും ഖുര്‍ആന്‍
കാലഗണനയുമായി പല സൂക്തങ്ങള്‍ ഉദ്ദരിക്കുന്നുണ്ടെങ്കിലും മാസമാറ്റത്തിന്‍റെ അടയാളമായി غم എന്ന പദം ഉപയോഗിച്ചിട്ടില്ല. എന്നാല്‍ فإن غم عليكم فصوموا ثلاثين يومًا (നിങ്ങള്‍ക്ക് മാസനിര്‍ണ്ണയം അപ്രാപ്യമായാല്‍ 30 ദിനങ്ങള്‍ പൂര്‍ത്തിയാക്കുക) എന്ന ഹദീസിന്‍റെ പ്രയോഗം പഠനവിധേയമാക്കേണ്ടതുണ്ട്.
Comments (0)
Leave a Reply
No comments yet. Be the first to share your thoughts!