റൂഹ്:ഖുര്‍ആനിക വീക്ഷണത്തില്‍
റൂഹ്:ഖുര്‍ആനിക വീക്ഷണത്തില്‍.
വിശുദ്ധ ഖുര്‍ആനിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ടതും അതേസമയം ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ടതുമായ സംജ്ഞകളിലൊന്നാണ് റൂഹ് (رُوح). പൊതുവെ "ആത്മാവ്" എന്ന അര്‍ത്ഥത്തില്‍ പരിഭാഷപ്പെടുത്തപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്ത ഈ പദം ഖുര്‍ആനില്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വ്യത്യസ്ത അര്‍ത്ഥതലങ്ങളില്‍ പ്രയോഗിക്കപ്പെട്ടതായി കാണാം.
പ്രത്യേകിച്ച് ٱلرُّوح (അര്‍റൂഹ്), رُوحُ ٱلْقُدُسِ (റൂഹുല്‍ ഖുദുസ്), ٱلرُّوحُ ٱلْأَمِينُ (റൂഹുല്‍ അമീന്‍), رُوحًا مِّنْ أَمْرِنَا (നമ്മുടെ കല്‍പനയില്‍ നിന്നുള്ള റൂഹ്), مِن رُّوحِنَا (നമ്മുടെ റൂഹില്‍ നിന്ന്), وَرُوحٌ مِّنْهُ (അവങ്കല്‍ നിന്നുള്ള റൂഹ്) തുടങ്ങിയ പ്രയോഗങ്ങള്‍ ഖുര്‍ആനില്‍ ആവര്‍ത്തിച്ച് വന്നിട്ടുണ്ട്.
റൂഹ് എന്ന പദത്തെ സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട ഖുര്‍ആനിക സൂക്തം ഇതാണ്:
▪️وَيَسْـَٔلُونَكَ عَنِ ٱلرُّوحِ ۖ قُلِ ٱلرُّوحُ مِنْ أَمْرِ رَبِّى وَمَآ أُوتِيتُم مِّنَ ٱلْعِلْمِ إِلَّا قَلِيلًا
"നിന്നോട് അവർ റൂഹിനെപ്പറ്റി ചോദിക്കുന്നു. പറയുക: റൂഹ് എന്റെ രക്ഷിതാവിന്റെ അംറുമായി (കല്‍പനയുമായി) ബന്ധപ്പെട്ടതാണ്. അറിവില്‍ നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല." 17-: 85
ഈ സൂക്തത്തില്‍ റൂഹിനെ അംറ് (أَمْر) എന്ന ദൈവീക കല്‍പനയോടും സംവിധാനത്തോടും ബന്ധപ്പെടുത്തിയാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്.
അതുപോലെ മറ്റൊരു സുപ്രധാന സൂക്തം ശ്രദ്ധിക്കുക:
▪️وَكَذَٰلِكَ أَوْحَيْنَآ إِلَيْكَ رُوحًا مِّنْ أَمْرِنَا
"അപ്രകാരം നമ്മുടെ കല്‍പനയില്‍ നിന്നുള്ള ഒരു റൂഹ് നിനക്ക് നാം ബോധനം ചെയ്തിരിക്കുന്നു." 42-Ash-Shura : 52
ഈ സൂക്തത്തിലെ റൂഹ് ദൈവീക വെളിപാടാണെന്ന് സന്ദര്‍ഭം തന്നെ വ്യക്തമാക്കുന്നു.
ഖുര്‍ആന്‍ തന്നെ ഒരു പ്രകാശമാണെന്നും ചൈതന്യമാണെന്നും മാര്‍ഗദര്‍ശനമാണെന്നും പറയുമ്പോള്‍, റൂഹ് എന്ന സംജ്ഞയുടെ വിവിധ പ്രയോഗങ്ങള്‍ പരസ്പരം സമന്വയിപ്പിച്ച് വായിക്കേണ്ടത് അനിവാര്യമാകുന്നു.
ഈ പഠനപരമ്പരയില്‍ റൂഹും (رُوح), നഫ്സും (نَفْس), കിതാബും (كِتَاب), കല്‍മാത്തും (كَلِمَات), വഹ്‌യും (وَحْي), ഹുദയും (هُدًى) തമ്മിലുള്ള ബന്ധങ്ങള്‍ ഖുര്‍ആനിക പരിപ്രേക്ഷ്യത്തില്‍ പരിശോധിക്കാനുള്ള ഒരു എളിയ ശ്രമമാണ് നടത്തുന്നത്.
ഇത് അന്തിമ നിഗമനങ്ങളുടെ പ്രഖ്യാപനമല്ല. ഖുര്‍ആനെ ഖുര്‍ആന്‍ കൊണ്ട് തന്നെ വായിക്കാനും മനസിലാക്കാനും ആഗ്രഹിക്കുന്നവര്‍ക്കുള്ള ഒരു പഠനക്കുറിപ്പും സംവാദക്ഷണവുമാണ്.
ഖുര്‍ആന്‍ തന്നെ ചോദിക്കുന്നു:
▪️أَفَلَا يَتَدَبَّرُونَ ٱلْقُرْءَانَ
"അവര്‍ ഖുര്‍ആനെപ്പറ്റി ആഴത്തില്‍ ചിന്തിക്കുന്നില്ലേ?" 47-Muhammad : 24
അതുകൊണ്ട് ഈ പരമ്പരയെ ഒരു അന്തിമ വിധിയായി കാണാതെ, ഖുര്‍ആനിക സംജ്ഞകളെ ഖുര്‍ആനിന്‍റെ തന്നെ വെളിച്ചത്തില്‍ പുനര്‍വായിക്കാനുള്ള ഒരു ശ്രമമായി കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
റൂഹ് (رُوح) എന്ന ഖുര്‍ ആനിക സംജ്ഞയെ മനസിലാക്കുമ്പോള്‍ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഖുര്‍ആനിലെ ഒരു പദത്തിന്‍റെ ധാതു പരിശോധിക്കുമ്പോള്‍ അതിന്‍റെ ആശയലോകത്തിലേക്കുള്ള ഒരു കവാടം തുറന്നുതരുന്നു എന്നതാണ്. എന്നാല്‍ ഒരേ ധാതുവില്‍ നിന്ന് നിഷ്പന്നമായ എല്ലാ പദങ്ങള്‍ക്കും ഒരേ അര്‍ത്ഥം കല്‍പിക്കുന്നത് ഭാഷാപരമായി ശരിയാവണമെന്നില്ല.
റൂഹ് (رُوح) എന്ന പദത്തിന്‍റെ അടിസ്ഥാനധാതു ر-ا-ح ആണ്. ഈ ധാതുവില്‍ നിന്ന് ഖുര്‍ ആനില്‍ വിവിധ രൂപങ്ങള്‍ പ്രയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് സൂചിപ്പിച്ചതുമാണ്. رِيح (റീഹ്) കാറ്റ്, പ്രഭാവം, അന്തസ് , رَيْحَان (റൈഹാന്‍) സുഗന്ധം അഥവാ പരിമളം, رَوْح (റൗഹ്) ആശ്വാസം അല്ലെങ്കില്‍ സമാധാനം ,رُوح (റൂഹ്) ചൈതന്യം അഥവാ ദൈവീക ബോധനം
ഇവയെല്ലാം ഒരേ ധാതുകുടുംബത്തില്‍ പെട്ടവയാണെങ്കിലും ഓരോ പ്രയോഗത്തിനും അതിന്‍റെതായ സന്ദര്‍ഭാര്‍ത്ഥമുണ്ട്. എല്ലാം പരസ്പരം ബന്ധപ്പെട്ടും സമന്വയിച്ചും നില്‍ക്കുന്നവയാണ് .وَتَذْهَبَ رِيحُكُمْ (നിങ്ങളുടെ റീഹ് നഷ്ടപ്പെടുകയും ചെയ്യും (8 : 46). ഇവിടെ رِيح (റീഹ്) എന്നത് കേവലം കാറ്റല്ല. ശക്തി, വ്യക്തിപ്രഭാവം, ആത്മവീര്യം, അന്തസ് എന്നീ അര്‍ത്ഥതലങ്ങളും ഉള്‍ക്കൊള്ളുന്നുണ്ട്.അപ്രകാരം وَٱلْحَبُّ ذُو ٱلْعَصْفِ وَٱلرَّيْحَانُ ധാന്യച്ചെടികളും സുഗന്ധസസ്യങ്ങളും ഉണ്ട്. (55: 12)
ഇവിടെ ٱلرَّيْحَانُ (റൈഹാന്‍) പരിമളത്തെയും സൗമ്യതയെയും ജീവന്‍റെ ഉന്മേഷത്തെയും സൂചിപ്പിക്കുന്നു.
മറ്റൊരിടത്ത് فَرَوْحٌ وَرَيْحَانٌ وَجَنَّتُ نَعِيمٍ (എങ്കില്‍ അവന്ന് ആശ്വാസവും പരിമളവും അനുഗ്രഹങ്ങളുടെ സ്വര്‍ഗോദ്യാനവുമുണ് (56: 89) ഇവിടെ رَوْح (റൗഹ്) ആശ്വാസവും സംതൃപ്തിയും മാനസിക വിശ്രമവുമാണ്. ഈ പ്രയോഗങ്ങളിലെല്ലാം ഒരു പൊതുഘടകം കാണാം. അത് ജീവന് ഉന്മേഷവും മനസ്സിന് ആശ്വാസവും നല്‍കുന്ന ഒരു ശക്തിയാണ്. അത് വേദശാസനകളിലേക്ക് വിരല്‍ ചൂണ്ടുന്നു എന്ന് വ്യക്തമാണ്.
കാറ്റ് ശരീരത്തിന് ആശ്വാസം നല്‍കുന്നു.പരിമളം മനസ്സിന് ആനന്ദം നല്‍കുന്നു.റൗഹ് ചിന്താകേന്ദ്രത്തിന് സമാധാനവും സമാശ്വാസവും നല്‍കുന്നു. അതിനാല്‍ റൂഹ് ആത്മീയ ജീവിതത്തിന് ഉണര്‍വ് നല്‍കുന്നു വേദാശയങ്ങള്‍ തന്നെയാണ്.
അതിനാല്‍ ഈ പദങ്ങള്‍ക്കിടയില്‍ ആശയബന്ധം ഉണ്ടെങ്കിലും അവയെ പരസ്പരം പകരം വെച്ച് വായിക്കാനാവില്ല. ഓരോ പ്രയോഗവും അതിന്‍റെ സന്ദര്‍ഭത്തില്‍ തന്നെ മനസിലാക്കേണ്ടതാണ്. ഇതാണ് ഖുര്‍ആന്‍ പഠനത്തിലെ പ്രധാന തത്വം.
അതിനാല്‍ رُوح (റൂഹ്) എന്ന പദം എവിടെ കണ്ടാലും "ആത്മാവ്" എന്ന് പരിഭാഷപ്പെടുത്തുന്നതും, ഒരേ ധാതുവിലുള്ള എല്ലാ പദങ്ങള്‍ക്കും ഒരേ അര്‍ത്ഥം കല്‍പിക്കുന്നതും ഖുര്‍ആനിക ഭാഷാശാസ്ത്രത്തോട് നീതി പുലര്‍ത്തുന്നതല്ല.
ഖുര്‍ ആനിക സംജ്ഞകളില്‍ ചിലതെങ്കിലും തെറ്റിദ്ധാരണകളാല്‍ വികലമായി മനസിലാക്കപ്പെട്ട് പോയിട്ടുണ്ട്.പരമ്പരാഗത വ്യാഖ്യാനത്തെയും ഭാഷാന്തരങ്ങളെയും അന്ധമായി പിന്തുടരുന്നതിലപ്പുറം ഖുര്‍ ആനിന്‍റെ ആശയങ്ങളുടെ അടിത്തട്ടിലേക്ക് ആരും ചിന്തിക്കാറില്ല.
അര്‍ത്ഥവിലോപത്തിന് പാത്രീഭവിച്ച ഒരു പ്രധാന പദമാണ് റൂഹ്.(رُوْحٌ) ആത്മാവെന്ന് അര്‍ത്ഥം നല്‍കി പരിമിതപ്പെടുത്തിയ ഈ പദത്തിന്‍റെ യഥാര്‍ത്ഥ പൊരുളറിയാനുള്ള എളിയ ശ്രമം മാത്രമാണിത്.
ഖുര്‍ ആനില്‍ ر-ا-ح എന്ന ധാതു 57 സ്ഥലങ്ങളില്‍ ആറ് വ്യത്യസ്ത രൂപങ്ങളില്‍ വന്നിട്ടുണ്ട്.അവയില്‍ رَاحٌ (റാഹ് ), رَوْحٌ (റൗഹ്), رُوْحٌ (റൂഹ്), ریح (റീഹ്) ഇവയെല്ലാം അതിന്‍റെ വകഭേദങ്ങളാണ്. رَاحَۃٌ (റാഹഃ), رَوْحَۃٌ (റൗഹഃ), اِسْتِرَاحَۃٌ (ഇസ്തിറാഹഃ) തുടങ്ങിയവയും.
അടിസ്ഥാനപരമായി رَاحَ എന്നതിന് കാറ്റ് എന്നാണ് അര്‍ത്ഥം. കാറ്റ് മനസിനും ശരീരത്തിനും ശാന്തിദായകമാണ്. എന്നാല്‍ കൊടുങ്കാറ്റ് മാരകവും ഭയാനകവും ശിക്ഷയുമാണ്.
റൂഹ് (رُوْحٌ) എന്ന് ഖുര്‍ആന്‍ 21 സ്ഥലങ്ങളില്‍ اَل എന്ന പ്രത്യയം ചേര്‍ന്നും ചേരാതെയും വന്നിട്ടുണ്ടെങ്കിലും ബഹുവചന രൂപമായ
അര്‍വാഹ് (ٱروح) എന്ന് വന്നിട്ടില്ല. എങ്കിലും പരിഭാഷകളില്‍ ''ആത്മാക്കള്‍'' എന്ന് എഴുതിയതായി കാണാം.അതൊക്കെ നാം പഠനവിധേയമാക്കേണ്ടതാണ്. അര്‍റൗഹ് (اَلرَّوْح) സന്തോഷവും സായൂജ്യവും വിശ്രമവും
സംതൃപ്തിയും ആണ്. ഖുര്‍ ആന്‍ സൂറഃ അര്‍റഹ്മാനില്‍ اَلرَّیْحَانُ എന്ന് പ്രയോഗിച്ചതായി കാണാം.
▪️وَٱلْحَبُّ ذُو ٱلْعَصْفِ وَٱلرَّيْحَانُ
ധാന്യചെടികളും സുഗന്ധച്ചെടികളുമുണ്ട്. (55 : 12)
സൗമ്യസുഗന്ധ വാഹിയായ ചെടികളും സുഗന്ധവും ٱلرَّيْحَانُ ന്‍റെ അര്‍ത്ഥതലങ്ങളാണ്.
സസ്യങ്ങളുടെ പ്രജനനത്തിനും നിലനില്‍പിനും സഹായകമാണ് ഈ ഗന്ധവും കാറ്റും. ഖുര്‍ ആനിക ആശയം ജീവിതം സൗഗന്ധികമാക്കുന്നതല്ലാതെ മറ്റെന്താണ്..?
മാനുഷീക മൂല്യങ്ങളുടെ വിന്യാസത്തിനും അതിജീവനത്തിനുമുള്ള പരിമളം തന്നെയാണ് വേദാശയങ്ങള്‍.
ഏവര്‍ക്കും സുപരിചിതമായ തറാവീഹ് (تَرْوِیْحَۃٌ) എന്ന പദം ഖുര്‍ആനികമല്ല. എങ്കിലും അത് നിഷ്പന്നമായത് റകാഅത്തുകള്‍ക്കിടയില്‍ വിശ്രമിക്കുന്നതിനാലാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. സാധാരണ പ്രാദേശിക സംഭാഷണങ്ങളില്‍ ഉപയോഗിക്കുന്ന رَاحَۃٌ (റാഹത്ത്) 'സംതൃപ്തി' യാണെന്ന് അറിയാത്തവര്‍ വിരളമായിരിക്കും. മനസിനെ സംതൃപ്തമാക്കുന്നത് വേദോപദേശങ്ങളാണ് താനും.
▪️وَأَطِيعُوا۟ ٱللَّهَ وَرَسُولَهُۥ وَلَا تَنَٰزَعُوا۟ فَتَفْشَلُوا۟ وَتَذْهَبَ رِيحُكُمْ ۖ وَٱصْبِرُوٓا۟ ۚ إِنَّ ٱللَّهَ مَعَ ٱلصَّٰبِرِينَ
അല്ലാഹുവെയും അവന്‍റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. നിങ്ങള്‍ ഭിന്നിച്ചു പോകരുത്. എങ്കില്‍ നിങ്ങള്‍ക്ക് ധൈര്യക്ഷയം നേരിടുകയും നിങ്ങളുടെ ആത്മവീര്യം (ചൈതന്യം) വിനഷ്ടമാകുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാകുന്നു.(8 : 46).
വിശുദ്ധ ഖുര്‍ ആന്‍ മാനവരാശിയുടെ ആത്മ ചൈതന്യമാണ്. ദൈവീക ബോധമുള്ളവര്‍ക്ക് ഉണര്‍വ്വും ഉത്തേജനവും ഖുര്‍ആന്‍ തന്നെയാണ്.
ജീവച്ഛവങ്ങളായ മര്‍ത്ത്യരെ സജീവതയിലേക്ക് നയിക്കുന്ന ഉള്‍ക്കരുത്തിന്‍റെ പ്രേരകവും പ്രചോദനവുമാണ് വേദം.
(ദൈവാധീനത്താല്‍ തുടരും)
ജീവനും ആത്മാവും രണ്ടാണ്.
വസ്തുക്കളെ പ്രകൃതിപരമായി സചേതനവും അചേതനവുമായാണ് പ്രഥമിക തരംതിരിച്ചിട്ടുള്ളത്.
ശ്വസിക്കുകയും ഭുജിക്കുകയും വളരുകയും പ്രജനനം നടത്തുകയും ചെയ്യക എന്നതാണ് സചേതനമാണെന്നതിനുള്ള തെളിവ്.
സസ്യലതാദികളും മറ്റ് ജന്തുവര്‍ഗ്ഗങ്ങളും ജീവനുള്ളതാണ്. എന്നാല്‍ ചിന്താശേഷിയും വിശേഷബുദ്ധിയും ഉണ്ടെന്ന് അവകാശപ്പെടുന്നത് മനുഷ്യര്‍ മാത്രവും.
മനുഷ്യരെ ലിംഗവൈജാത്യങ്ങള്‍ക്കപ്പുറം സനാദനമൂല്യം പാലിക്കുന്നവരെന്നും പാലിക്കാത്തവരെന്നും തരംതിരിക്കാം. അതിനുള്ള മാനദണ്ഡം വേദതത്വങ്ങളെ മാനിക്കലും അവയുടെ ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലുള്ള കര്‍മ്മങ്ങളുമാണ്. കര്‍മ്മങ്ങള്‍ക്ക് ആധാരം ദൈവീക പ്രചോദനങ്ങളും.അതില്ലെങ്കില്‍ മനുഷ്യര്‍ മറ്റ് തിര്യക്കുകളെ പോലെ അധ:മസംസ്കാരത്തിന്‍റെ വക്താക്കളും പ്രയോക്താക്കളുമായിമാറിയിരിക്കും.
മനുഷ്യന്‍റെ സൃഷ്ടിഘട്ടങ്ങള്‍ എങ്ങിനെ സംവിധാനിച്ചു എന്ന വിവരണാനന്തരം അല്‍ലാഹു പറയുന്നത് കാണുക.
▪️ثُمَّ سَوَّىٰهُ وَنَفَخَ فِيهِ مِن رُّوحِهِۦ ۖ وَجَعَلَ لَكُمُ ٱلسَّمْعَ وَٱلْأَبْصَٰرَ وَٱلْأَفْـِٔدَةَ ۚ قَلِيلًا مَّا تَشْكُرُونَ
പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും, തന്‍റെ ആത്മചൈതന്യം അവനില്‍ സന്നിവേശിപ്പിക്കുകയും ചെയ്തു. നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചകളും ചിന്താകേന്ദ്രങ്ങളും ഉണ്ടാക്കിത്തരികയും ചെയ്തു. കുറച്ച് മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ (32 : 9)
സൂക്തത്തിലെ കേള്‍വി ദൈവീക ഉള്‍വിളികള്‍ കേള്‍ക്കാനും കാഴ്ച യാഥാര്‍ത്ഥ്യം ബോധ്യമാകാനുള്ള ഉള്‍കാഴ്ചയും മാനുഷിക നന്മയിലധിഷ്ടിതമായി ചിന്തിക്കാനുള്ള ബുദ്ധിവൈഭവവുമാണെന്ന് തിരിച്ചറിയുക.
ഈ കാര്യം ഖുര്‍ആന്‍ മറ്റൊരു രീതിയില്‍ പ്രതിപാദിക്കുന്നുണ്ട്.
ഓരോ മനുഷ്യന്റെയും സൃഷ്ടിപ്പിന്‍റെ ആരംഭത്തില്‍ ഒരു ബലിഷ്ഠമായ കരാര്‍ അബോധതലത്തില്‍ ഉരുവിടുവിക്കുന്നതായി വേദം ഇങ്ങിനെ സൂചിപ്പിക്കുന്നതായി കാണാം.
▪️وَإِذْ أَخَذَ رَبُّكَ مِنۢ بَنِىٓ ءَادَمَ مِن ظُهُورِهِمْ ذُرِّيَّتَهُمْ وَأَشْهَدَهُمْ عَلَىٰٓ أَنفُسِهِمْ أَلَسْتُ بِرَبِّكُمْ ۖ قَالُوا۟ بَلَىٰ ۛ شَهِدْنَآ ۛ أَن تَقُولُوا۟ يَوْمَ ٱلْقِيَٰمَةِ إِنَّا كُنَّا عَنْ هَٰذَا غَٰفِلِينَ
നിന്‍റെ രക്ഷിതാവ് ആദം സന്തതികളില്‍ നിന്ന്, അവരുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താനങ്ങളെ പുറത്ത് കൊണ്ട് വരികയും, അവരുടെ കാര്യത്തില്‍ അവരെ തന്നെ അവന്‍ സാക്ഷി നിര്‍ത്തുകയും ചെയ്ത സന്ദര്‍ഭം... (അല്‍ലാഹു ചോദിച്ചു:) ''ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലയോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സാക്ഷ്യം വാഹിച്ചിരിക്കുന്നു. ''തീര്‍ച്ചയായും ഞങ്ങള്‍ ഇതിനെപ്പറ്റി ശ്രദ്ധയില്ലാത്തവരായിരുന്നു'' എന്ന് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിങ്ങള്‍ പറഞ്ഞേക്കും എന്നതിനാലാണ്. (7:172)
ഈ സൂക്തം പാരമ്പര്യ വിശകലനത്തില്‍ 'ആദിമമനുഷ്യന്‍' ആദവും അല്‍ലാഹുവും തമ്മില്‍ ഉണ്ടാക്കിയ കരാറായും സകലമനുഷ്യരുടെ 'ആത്മാക്കളുടെ' സഞ്ചയത്തോടുള്ള കരാറായുമാണ് മനസിലാക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ സൂക്തം സംവദിക്കുന്നത് بَنِىٓ ءَادَمَ എന്ന ആദം സന്തതികളോടാണ്.അതായത് നാം ഓരോരുത്തരും ജനനപ്രക്രീയയുടെ പ്രാഗ് രൂപത്തില്‍ ആയിരിക്കുമ്പോള്‍ ആണ് ഈ കരാര്‍ ദൈവം ഓതി തന്നത് എന്ന് വ്യക്തം. അത് തന്നെയാണ് ഖുര്‍ആന്‍ പറയുന്ന റൂഹിന്‍റെ സന്നിവേശവും.
▪️فَإِذَا سَوَّيْتُهُۥ وَنَفَخْتُ فِيهِ مِن رُّوحِى فَقَعُوا۟ لَهُۥ سَٰجِدِينَ
അങ്ങനെ ഞാന്‍ അവനെ (മനുഷ്യനെ) ശരിയായ രൂപത്തിലാക്കുകയും, എന്‍റെ ആത്മചൈതന്യത്തില്‍ നിന്ന് അവനില്‍ ഞാന്‍ പ്രചോദിതമാക്കുകയും ചെയ്താല്‍, അപ്പോള്‍ അവന്ന് പ്രണമിക്കുന്നവരായിക്കൊണ്ട് നിങ്ങള്‍ വീഴുവിന്‍. (15 : 29)
ആത്മീയ ചൈതന്യ പ്രചോദിതമാകുമ്പോള്‍ അല്‍ലാഹുവിന് കീഴൊതുങ്ങുകയും ആജ്ഞാനവര്‍ത്തിയായി മാറുകയും ചെയ്യുക എന്നത് ദൈവദാസരുടെ പ്രകൃതമായിരിക്കണം.
അത് മൂലം സ്വായത്തമാകേണ്ടത്, പൈശാചിക പ്രേരണമൂലം ഉണ്ടാകാനിടയുള്ള, അധര്‍മ്മങ്ങളില്‍ നിന്നും സനാദന ധര്‍മ്മങ്ങളെയും, അനീതിയില്‍ നിന്നും നീതിബോധത്തെയും അസത്യത്തില്‍ നിന്ന് സത്യത്തെയും മിഥ്യയില്‍ നിന്ന് യാഥാര്‍ത്ഥ്യത്തെയുമാണ്.
(ദൈവാധീനത്താല്‍ തുടരും) ഖുര്‍ആനില്‍ അര്‍റൂഹ് (ٱلرُّوح) എന്ന് വന്നത് പഠനവിധേയമാക്കിയാല്‍ അത് ദൈവീക വെളിപാടുകളാണെന്ന് സുതരാം വ്യക്തമാകും. ഈ സൂക്തം നോക്കുക..
▪️رَفِيعُ ٱلدَّرَجَٰتِ ذُو ٱلْعَرْشِ يُلْقِى ٱلرُّوحَ مِنْ أَمْرِهِۦ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦ لِيُنذِرَ يَوْمَ ٱلتَّلَاقِ
അവന്‍ പദവികള്‍ ഉയര്‍ന്നവനും സിംഹാസനത്തിന്‍റെ അധിപനുമാകുന്നു. തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തന്‍റെ സന്ദേശമാകുന്ന ചൈതന്യം അവന്‍ നല്‍കുന്നു. പരസ്പരം കണ്ടുമുട്ടുന്ന ദിവസത്തെപ്പറ്റി താക്കീത് നല്‍കുന്നതിന് വേണ്ടിയത്രെ അത്. (40 : 15)
ഈ സൂക്തത്തിലെ ٱلرُّوحَ എന്ന പരാമര്‍ശം ഖുര്‍ ആനാണെന്ന് വ്യക്തമാണ്.
▪️يُنَزِّلُ ٱلْمَلَٰٓئِكَةَ بِٱلرُّوحِ مِنْ أَمْرِهِۦ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦٓ أَنْ أَنذِرُوٓا۟ أَنَّهُۥ لَآ إِلَٰهَ إِلَّآ أَنَا۠ فَٱتَّقُونِ
തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവരുടെ മേല്‍ തന്‍റെ കല്‍പനപ്രകാരം സത്യസന്ദേശ ചൈതന്യവും കൊണ്ട് മലക്കുകളെ അവന്‍ ഇറക്കുന്നു. ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ നിങ്ങളെന്നെ സൂക്ഷിച്ച് കൊള്ളുവിന്‍ എന്ന് നിങ്ങള്‍ താക്കീത് നല്‍കുക.(16 : 2)
▪️وَكَذَٰلِكَ أَوْحَيْنَآ إِلَيْكَ رُوحًا مِّنْ أَمْرِنَا ۚ مَا كُنتَ تَدْرِى مَا ٱلْكِتَٰبُ وَلَا ٱلْإِيمَٰنُ وَلَٰكِن جَعَلْنَٰهُ نُورًا نَّهْدِى بِهِۦ مَن نَّشَآءُ مِنْ عِبَادِنَا ۚ وَإِنَّكَ لَتَهْدِىٓ إِلَىٰ صِرَٰطٍ مُّسْتَقِيمٍ
അപ്രകാരം തന്നെ നിനക്ക് നാം നമ്മുടെ കല്‍പനയാല്‍ ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്കുന്നു. വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന് നിനക്കറിയുമായിരുന്നില്ല. പക്ഷെ, നാം അതിനെ ഒരു പ്രകാശമാക്കിയിരിക്കുന്നു. അതുമുഖേന നമ്മുടെ ദാസന്‍മാരില്‍ നിന്ന് നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം വഴി കാണിക്കുന്നു. തീര്‍ച്ചയായും നീ നേരായ പാതയിലേക്കാകുന്നു മാര്‍ഗദര്‍ശനം നല്‍കുന്നത്.(42 : 52)
ഈ സൂക്തവും വിരല്‍ ചൂണ്ടുന്നത് ദൈവീക വെളിപാടാകുന്ന ''ചൈതന്യ''ത്തിലേക്ക് തന്നെയാണ്.
ഖുര്‍ആനിന്‍റെ പ്രതിപാദനശൈലി നോക്കുക. ദൈവികസന്ദേശത്തില്‍ സന്ദേഹമുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുന്നത് കാണുക ..
▪️وَيَسْـَٔلُونَكَ عَنِ ٱلرُّوحِ ۖ قُلِ ٱلرُّوحُ مِنْ أَمْرِ رَبِّى وَمَآ أُوتِيتُم مِّنَ ٱلْعِلْمِ إِلَّا قَلِيلًا
നിന്നോടവര്‍ 'ആത്മചൈതന്യ'ത്തെപ്പറ്റി ചോദിക്കുന്നു. പറയുക: 'ആത്മചൈതന്യം' എന്‍റെ രക്ഷിതാവിന്‍റെ കല്‍പനകളില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല. (17: 85)
ദൈവീക കല്‍പനകളായ أَمْر(അംറ്) ഖുര്‍ആനല്ലാതെ മറ്റെന്താണ്.?
അതിനാല്‍ ഖുര്‍ആനിക സംജ്ഞയായ ٱلرُّوح സത്യവേദം തന്നെയാണ്.
അപ്രകാരം ഈ സൂക്തവും വേദസാരമാകുന്ന ചൈതന്യത്താല്‍ മനുഷ്യമനസിന് പിന്‍ബലമേകുന്ന വിഷയം തന്നെയാണ് പറയുന്നത്.
▪️لَّا تَجِدُ قَوْمًا يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ يُوَآدُّونَ مَنْ حَآدَّ ٱللَّهَ وَرَسُولَهُۥ وَلَوْ كَانُوٓا۟ ءَابَآءَهُمْ أَوْ أَبْنَآءَهُمْ أَوْ إِخْوَٰنَهُمْ أَوْ عَشِيرَتَهُمْ ۚ أُو۟لَٰٓئِكَ كَتَبَ فِى قُلُوبِهِمُ ٱلْإِيمَٰنَ وَأَيَّدَهُم بِرُوحٍ مِّنْهُ ۖ وَيُدْخِلُهُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ۚ رَضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ أُو۟لَٰٓئِكَ حِزْبُ ٱللَّهِ ۚ أَلَآ إِنَّ حِزْبَ ٱللَّهِ هُمُ ٱلْمُفْلِحُونَ
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്‍റെ റസൂലിനോടും എതിര്‍ത്തു നില്‍ക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നത് നീ കണ്ടെത്തുകയില്ല. അവര്‍ (എതിര്‍പ്പുകാര്‍) അവരുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരന്‍മാരോ ബന്ധുക്കളോ ആയിരുന്നാല്‍ പോലും. അത്തരക്കാരുടെ ഹൃദയങ്ങളില്‍ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്‍റെ പക്കല്‍ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട് അവന്‍ അവര്‍ക്ക് പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അത്തരക്കാരാകുന്നു അല്ലാഹുവിന്‍റെ കക്ഷി. അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍.(58 : 22)
മേല്‍ സൂക്തങ്ങളിലുള്ള ٱلرُّوح (അര്‍റൂഹ്) എന്ന പ്രയോഗങ്ങളെ പാരമ്പര്യ വിശകലനത്തില്‍ പോലും വേദമോ വേദാശമോ ആണെന്ന രീതിയില്‍ തന്നെയാണ് വ്യാഖ്യാനിച്ചിട്ടുള്ളത്.
റൂഹ് എന്ന പദത്തിന്‍റെ മറ്റൊരു ഖുര്‍ആനിക പ്രയോഗം رُوحُ ٱلْقُدُسِ എന്നതാണ്.ഇത് ഖുര്‍ആന്‍ നാല് പ്രാവശ്യം ആവര്‍ത്തിച്ച് പ്രയോഗിച്ചിട്ടുണ്ട്. മൂന്ന് തവണ ഈസാനബിയുമായി ബന്ധപ്പെട്ടും ഒരിടത്ത് മുഹമ്മദ് നബിയുടെ വിശേഷണമായും.റൂഹ് ( رُوحُ) ദൈവീക ചൈതന്യമാണെന്നും അത് സത്യവിശ്വാസികളുടെ വിശ്വാസദാര്‍ഢ്യത്തിനായി അവതീര്‍ണ്ണമാകുന്ന വേദാന്തങ്ങളാണെന്നുമാണ് ഇവിടെ സമര്‍ത്ഥിക്കുന്നത്.
അപ്പോള്‍ رُوحُ ٱلْقُدُسِ എന്ന വിശേഷണത്താല്‍ പ്രയോഗിച്ചിട്ടുള്ളത് പ്രധാനമാലാഖയായ 'ജിബ്രീലി'നെ കുറിച്ചല്ലേ..?! എന്നും സംശയിക്കുന്നവര്‍ വേദത്തെ വിശേഷണത്താല്‍ ''പരിശുദ്ധ വേദം'' എന്ന് പറഞ്ഞതാണെന്ന് മനസിലാക്കുക. അത് മനുഷ്യ ചിന്തയിലെ സകലമാലിന്യങ്ങളില്‍ നിന്നും മോചിപ്പിച്ച് ശുദ്ധീകരിക്കാന്‍ ഉപകരിക്കുന്നതാണെന്ന് മനസിലാക്കുക.
▪️وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَٰبَ وَقَفَّيْنَا مِنۢ بَعْدِهِۦ بِٱلرُّسُلِ ۖ وَءَاتَيْنَا عِيسَى ٱبْنَ مَرْيَمَ ٱلْبَيِّنَٰتِ وَأَيَّدْنَٰهُ بِرُوحِ ٱلْقُدُسِ ۗ أَفَكُلَّمَا جَآءَكُمْ رَسُولٌۢ بِمَا لَا تَهْوَىٰٓ أَنفُسُكُمُ ٱسْتَكْبَرْتُمْ فَفَرِيقًا كَذَّبْتُمْ وَفَرِيقًا تَقْتُلُونَ
മൂസായ്ക്ക് നാം ഗ്രന്ഥം നല്‍കി. അദ്ദേഹത്തിന് ശേഷം തുടര്‍ച്ചയായി നാം ദൂതന്‍മാരെ അയച്ചുകൊണ്ടിരുന്നു. മര്‍യമിന്റെ മകനായ ഈസാക്ക് നാം വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും, അദ്ദേഹത്തിന് നാം പരിശുദ്ധാത്മാവിനാല്‍ (വേദജ്ഞാനത്താല്‍) പിന്‍ബലം നല്‍കുകയും ചെയ്തു. എന്നിട്ട് നിങ്ങളുടെ മനസ്സിന് പിടിക്കാത്ത കാര്യങ്ങളുമായി വല്ല ദൈവദൂതനും നിങ്ങളുടെ അടുത്ത് വരുമ്പോഴൊക്കെ നിങ്ങള്‍ അഹങ്കരിക്കുകയും, ചില ദൂതന്‍മാരെ നിങ്ങള്‍ തള്ളിക്കളയുകയും, മറ്റു ചിലരെ നിങ്ങള്‍ വധിക്കുകയും ചെയ്യുകയാണോ? (2 : 87)
▪️قُلْ نَزَّلَهُۥ رُوحُ ٱلْقُدُسِ مِن رَّبِّكَ بِٱلْحَقِّ لِيُثَبِّتَ ٱلَّذِينَ ءَامَنُوا۟ وَهُدًى وَبُشْرَىٰ لِلْمُسْلِمِينَ
പറയുക: സത്യപ്രകാരം രക്ഷിതാവിങ്കല്‍ നിന്ന് പരിശുദ്ധമായ ആത്മ ചൈതന്യം (വേദം) ഇറക്കിയിരിക്കുകയാണ്, വിശ്വസിച്ചവരെ ഉറപ്പിച്ച് നിര്‍ത്താന്‍ വേണ്ടിയും, കീഴ്പെട്ടുജീവിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനവും സന്തോഷവാര്‍ത്തയും ആയിക്കൊണ്ടും .(16 : 102)
അത്തരത്തിലുള്ള റൂഹിന്‍റെ മറ്റോരു ഖുര്‍ആനിക പ്രയോഗമാണ് ٱلرُّوحُ ٱلْأَمِينُ (റൂഹുല്‍ അമീന്‍) എന്നതും. നിര്‍ഭയത്വവും സുരക്ഷിതത്തവും (أَمن) പ്രദാനം ചെയ്യുന്ന റൂഹ് അഥവാ ചൈതന്യം വേദങ്ങളാണ്. ഇവിടെ (ٱلرُّوح) ഖുര്‍ആനാണെന്ന് വ്യക്തമാണ്.
▪️وَإِنَّهُۥ لَتَنزِيلُ رَبِّ ٱلْعَٰلَمِينَ▪️نَزَلَ بِهِ ٱلرُّوحُ ٱلْأَمِينُ▪️عَلَىٰ قَلْبِكَ لِتَكُونَ مِنَ ٱلْمُنذِرِينَ▪️
വ്യക്തമാണ്.
▪️وَإِنَّهُۥ لَتَنزِيلُ رَبِّ ٱلْعَٰلَمِينَ▪️نَزَلَ بِهِ ٱلرُّوحُ ٱلْأَمِينُ▪️عَلَىٰ قَلْبِكَ لِتَكُونَ مِنَ ٱلْمُنذِرِينَ▪️
തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു. നിര്‍ഭയദായകമായ വേദമായി ഇറങ്ങിയിരിക്കുന്നു നിന്‍റെ ഹൃദയത്തില്‍നീ താക്കീത്നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടിയത്രെ അത് (26:192-194)
ഈ വിവരണത്തില്‍ നിന്നും ഖുര്‍ ആന്‍ പ്രയോഗിച്ച അര്‍റൂഹ് (ٱلرُّوح) ദൈവീക ബോധനമാകുന്ന ആത്മ ചൈതന്യമാണെന്ന് ഖുര്‍ ആനിക പരിപ്രേക്ഷ്യത്തില്‍ നിന്നും ബോധ്യമാകും.
ഖുര്‍ ആനിന്‍റെ അവതരണാരംഭം റമളാനിലെ നിര്‍ണ്ണായക രാവായി വിശേഷിപ്പിക്കപ്പെട്ട 'ലൈലത്തുല്‍ ഖദറി'ലാണ്. ആ ദിവസത്തിന്‍റെ പ്രത്യേകതയും പ്രാധാന്യവും വിവരിക്കാതെ തന്നെ ഖുര്‍ആന്‍ വക്താക്കള്‍ ഉള്‍കൊള്ളുന്നതാണ്.
'ജിബ്രീല്‍' എന്ന 'മാലാഖ'യാണ് ഖുര്‍ആന്‍ പ്രവാചകനിലേക്ക് സന്നിവേശിപ്പിച്ചതെന്നതാണ് പ്രചുര പ്രചാരം നേടിയ വിശ്വാസം. അതിന് രേഖയായി പറയുന്നത് സൂറ:അല്‍ ഖദറിലെ നാലാം വചനത്തിലുള്ള അര്‍റൂഹ് (ٱلرُّوح) എന്ന പ്രയോഗം ജിബ്രീല്‍ ആണെന്നതാണ്. പാരമ്പര്യ വ്യാഖ്യാനത്തെ നിരാകരിക്കാതെ തന്നെ മാലാഖമാര്‍ അവതരിച്ചത് സകല കല്‍പനകളുടെയും സഞ്ചയമായ വേദം (ٱلرُّوح) പ്രവാചകമനസില്‍ രൂഢമൂലമാക്കാനാണെന്ന ഖുര്‍ആനിക തെളിവ് തള്ളാതിരുന്നാല്‍ നല്ലത്.
▪️تَنَزَّلُ ٱلْمَلَٰٓئِكَةُ وَٱلرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ
മലക്കുകളും ആത്മീയ ചൈതന്യസ്രോതസും അവരുടെ രക്ഷിതാവിന്‍റെ എല്ലാ കല്‍പ്പനകളുമായി ആ രാത്രിയില്‍ ഇറങ്ങിയിരിക്കുന്നു.(97:4)
ലൈലത്തുല്‍ ഖദര്‍ നാം അഭിമാനപൂര്‍വ്വവും ആദരവോടെയും അനുസ്മരിക്കേണ്ടതാണ്. കാരണം അത് മാനവമോചന പ്രമാണം അവതീര്‍ണ്ണമായ സുദിനമാണ് എന്നത് തന്നെ. അതുകൊണ്ട് അനന്തമായ കാലയളവിന്‍റെ മഹത്വമുള്ള ദിനമാണത്. സ്തോത്ര ഗീതങ്ങളാലും പ്രാര്‍ത്ഥനകളാലും സംപുഷ്ടമാക്കേണ്ടതുമാണ്.
എന്നാല്‍ അതില്‍ കവിഞ്ഞ പ്രതീക്ഷകളും അന്ധവിശ്വാസങ്ങളും വര്‍ജ്ജിക്കേണ്ടതുമാണ്. ആ രാത്രിയെ ധ്യാനങ്ങളും മന്ത്രങ്ങളും കൊണ്ട് ധന്യമാക്കുക എന്ന എളുപ്പവഴിയിലൂടെ പപമോചനവും സ്വര്‍ഗ്ഗപ്രാപ്തിയും സാധ്യമാകുമെന്നത് വികലധാരണ മാത്രമാണ്. വേദം അതിന്‍റെ സാരാര്‍ത്ഥതലത്തില്‍ ഉള്‍കൊണ്ട് ജീവിതത്തില്‍ പകര്‍ത്തിയവര്‍ക്കാണ് മോക്ഷം.
അപ്രകാരം തന്നെ അന്ത്യനാളിലെ വിചാരണ അല്‍ലാഹുവിന് ക്ഷിപ്രസാധ്യമാണെങ്കിലും ഒരു ബോധ്യപ്പെടുത്തല്‍ അനിവാര്യമാണ്.
മാനവരാശിയുടെ ഇഹലോക കര്‍മ്മങ്ങള്‍ വേദശാസനകള്‍ക്ക് അനുപൂരകമായിരിക്കണം. വിചാരണ നാളില്‍ 'കര്‍മ്മ പുസ്തകം' നിവര്‍ത്തപ്പെടും എന്ന പരാമര്‍ശം ഖുര്‍ ആനില്‍ കാണാം.
▪️وَوُضِعَ ٱلْكِتَٰبُ فَتَرَى ٱلْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَٰوَيْلَتَنَا مَالِ هَٰذَا ٱلْكِتَٰبِ لَا يُغَادِرُ صَغِيرَةً وَلَا كَبِيرَةً إِلَّآ أَحْصَىٰهَا ۚ وَوَجَدُوا۟ مَا عَمِلُوا۟ حَاضِرًا ۗ وَلَا يَظْلِمُ رَبُّكَ أَحَدًا
രേഖ ( ٱلْكِتَٰب ) വെക്കപ്പെടുന്ന സന്ദര്‍ഭം ഉണര്‍ത്തുന്നു.അപ്പോള്‍ കുറ്റവാളികളെ, അതിലുള്ളതിനെപ്പറ്റി (രേഖയില്‍) ഭയവിഹ്വലരായ നിലയില്‍ നിനക്ക് കാണാം. അവര്‍ പറയും: അയ്യോ! ഞങ്ങള്‍ക്ക് നാശം. ഇതെന്തൊരു രേഖയാണ്? ചെറുതോ വലുതോ ആയ ഒന്നും തന്നെ അത് കൃത്യമായി രേഖപ്പെടുത്താതെ വിട്ടുകളയുന്നില്ലല്ലോ! തങ്ങള്‍ പ്രവര്‍ത്തിച്ചതൊക്കെ (രേഖയില്‍ ٱلْكِتَٰب) നിലവിലുള്ളതായി അവര്‍ കണ്ടെത്തും. നിന്‍റെ രക്ഷിതാവ് യാതൊരാളോടും അനീതി കാണിക്കുകയില്ല. 18-Al-Kahf : 49
ഈ രേഖ( ٱلْكِتَٰب) ഖുര്‍ആനാണ്. നാം ചെയ്യുന്ന സകല കര്‍മ്മങ്ങള്‍ക്കും ആധാരം ഖുര്‍ ആനായിരിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ അന്ത്യവിചാരണയുടെ ആധാരവും മാനദണ്ഡവും അത് തന്നെയായിരിക്കണം. അതിലുള്ള ഓരോ നിര്‍ദ്ദേശങ്ങളും അനുസരിച്ചിട്ടുണ്ടോ, ധിക്കരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടും.
റൂഹ് എന്ന പദപ്രയോഗം വരുന്ന മറ്റൊരു സൂക്തം അന്നബഅ് അദ്ധ്യായത്തിലെ 38ാം വചനമാണ്.
▪️يَوْمَ يَقُومُ ٱلرُّوحُ وَٱلْمَلَٰٓئِكَةُ صَفًّا ۖ لَّا يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ ٱلرَّحْمَٰنُ وَقَالَ صَوَابًا
'റൂഹും' മലക്കുകളും അണിയായി നില്‍ക്കുന്ന ദിവസം. പരമകാരുണികനായ അല്ലാഹു അനുവാദം നല്‍കിയിട്ടുള്ളവനും സത്യം പറഞ്ഞിട്ടുള്ളവനുമല്ലാതെ അന്ന് സംസാരിക്കുകയില്ല. 78-An-Naba : 38
അതിനാല്‍ ഈ സൂക്തത്തിലെ അര്‍റൂഹും (ٱلرُّوح) അല്‍ കഹഫ് അദ്ധ്യായത്തിലെ 49ാം സൂക്തത്തിലെ ٱلْكِتَٰب ഉം സമന്വയിപ്പിച്ച് വായിക്കേണ്ടതാണ്. അപ്പോള്‍ അര്‍റൂഹും അല്‍കിതാബും തമ്മിലുള്ള ബന്ധം ബോധ്യമാകും. സ്വാഭാവികമായും അഭിപ്രായാന്തരങ്ങളും വിയോജിപ്പുകളും ഉണ്ടാകാം.
അന്ത്യദിനത്തില്‍ മാലാഖമാരോടൊപ്പം വേദ ചൈതന്യം ദൈവസന്നിധിയിലേക്ക് ആനയിക്കപ്പെടുന്നത്ഖുര്‍ആന്‍വ്യക്തമാക്കുന്നത് കാണുക.
▪️تَعْرُجُ ٱلْمَلَٰٓئِكَةُ وَٱلرُّوحُ إِلَيْهِ فِى يَوْمٍ كَانَ مِقْدَارُهُۥ خَمْسِينَ أَلْفَ سَنَةٍ
അമ്പതിനായിരം കൊല്ലത്തിന്‍റെ അളവുള്ളതായ ഒരു ദിവസത്തില്‍ മലക്കുകളും ആത്മാവും അവങ്കലേക്ക് കയറിപ്പോകുന്നു.(70: 4)
മറിയമിലേക്ക് നിയോഗിക്കപ്പെട്ട റൂഹ്
റൂഹ് (رُوح) എന്ന ഖുര്‍ ആനിക സംജ്ഞയെ സംബന്ധിച്ച് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു സന്ദര്‍ഭമാണ് മര്‍യമുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍.
സാധാരണയായി ഈ സൂക്തങ്ങള്‍ വായിക്കപ്പെടുന്നത് ജിബ്രീല്‍ മാലാഖ മര്‍യമിന്‍റെ സമീപത്തെത്തി എന്ന ആശയത്തിലൂടെയാണ്. ആ വ്യാഖ്യാനത്തെ തള്ളിക്കളയാതെ തന്നെ ഖുര്‍ആന്‍ തന്നെ നല്‍കുന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ മറ്റൊരു വായനയും സാധ്യമാണ്.
ഈ സൂക്തം ശ്രദ്ധിക്കുക.
▪️وَمَرْيَمَ ٱبْنَتَ عِمْرَٰنَ ٱلَّتِىٓ أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهِ مِن رُّوحِنَا وَصَدَّقَتْ بِكَلِمَٰتِ رَبِّهَا وَكُتُبِهِۦ وَكَانَتْ مِنَ ٱلْقَٰنِتِينَ
ഇംറാന്‍റെ മകളായ മര്‍യം തന്‍റെ പവിത്രത കാത്തുസൂക്ഷിച്ചു. അപ്പോള്‍ നമ്മുടെ റൂഹില്‍ നിന്ന് അവളില്‍ നാം സന്നിവേശിപ്പിച്ചു. തുടര്‍ന്ന് അവള്‍ തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളെയും ഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുകയും വിനയാന്വിതരില്‍ ഉള്‍പ്പെടുകയും ചെയ്തു. 66-At-Tahrim : 12
ഈ സൂക്തത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് റൂഹിന്‍റെ സന്നിവേശത്തിന് ശേഷം ഖുര്‍ ആന്‍ പറയുന്ന കാര്യമാണ്.
وَصَدَّقَتْ بِكَلِمَاتِ رَبِّهَا وَكُتُبِهِ ["അവള്‍ തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളെയും ഗ്രന്ഥങ്ങളെയും സത്യപ്പെടുത്തി."]
റൂഹിന്‍റെ സന്നിവേശ ഫലമായി ഖുര്‍ആന്‍ പറയുന്നത് ദൈവവചനങ്ങളോടുള്ള പ്രതിബദ്ധതയും ഗ്രന്ഥങ്ങളോടുള്ള വിധേയത്വവുമാണ് എന്നത് ചിന്തോദ്ദീപകമാണ്.
മറ്റൊരു സൂക്തം കൂടി കാണുക.
▪️وَٱلَّتِىٓ أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهَا مِن رُّوحِنَا وَجَعَلْنَٰهَا وَٱبْنَهَآ ءَايَةً لِّلْعَٰلَمِينَ
തന്‍റെ പവിത്രത കാത്തുസൂക്ഷിച്ചവളില്‍ നമ്മുടെ റൂഹില്‍ നിന്ന് നാം സന്നിവേശിപ്പിച്ചു. അങ്ങനെ അവളെയും അവളുടെ മകനെയും നാം ലോകര്‍ക്ക് ഒരു ദൃഷ്ടാന്തമാക്കി. (21 : 91)
ഇവിടെയും റൂഹിന്‍റെ സന്നിവേശമാണ് പ്രമേയം. എന്നാല്‍ അതിന്‍റെ ഫലമായി മര്‍യമും ഈസായും ലോകര്‍ക്ക് ദൃഷ്ടാന്തമാകുന്നു.
റൂഹും വചനങ്ങളും തമ്മിലുള്ള ബന്ധം ഖുര്‍ ആന്‍ മറ്റൊരിടത്ത് വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
▪️وَكَذَٰلِكَ أَوْحَيْنَآ إِلَيْكَ رُوحًا مِّنْ أَمْرِنَا [അപ്രകാരം നമ്മുടെ കല്‍പനയില്‍ നിന്നുള്ള ഒരു റൂഹ് നിനക്ക് നാം ബോധനം ചെയ്തിരിക്കുന്നു.(42: 52)]
ഇവിടെ റൂഹ് എന്നത് ദൈവീക ബോധനമാണെന്ന് സന്ദര്‍ഭം തന്നെ വ്യക്തമാക്കുന്നുണ്ട്.
അതുകൊണ്ട് മര്‍യമിന്‍റെ കാര്യത്തിലും റൂഹിനെ ദൈവിക ചൈതന്യത്തോടും വചനങ്ങളോടും ഗ്രന്ഥങ്ങളോടും ബന്ധപ്പെട്ട ഒരു അനുഗ്രഹമായി വായിക്കുന്നതില്‍ അസ്വാഭാവികതയില്ല.
ഇതുതന്നെയാണ് 66:12-ല്‍ ഖുര്‍ ആന്‍ അവതരിപ്പിക്കുന്ന ആശയക്രമം.
മര്‍യമിന് ലഭിച്ച മഹത്വം ഒരു കുടുംബപശ്ചാത്തലത്തിന്‍റെയോ സാമൂഹിക സ്ഥാനത്തിന്‍റെയോ ഫലമായിരുന്നില്ല. ദൈവവചനങ്ങളെ ഉള്‍ക്കൊള്ളുകയും അവയെ സത്യപ്പെടുത്തുകയും ചെയ്തതുകൊണ്ടാണ് അവള്‍ ലോകര്‍ക്കൊരു ദൃഷ്ടാന്തമായത്.
അതിനാല്‍ മര്‍യമിലേക്ക് നിയോഗിക്കപ്പെട്ട റൂഹിനെ വെറും ഒരു അത്ഭുതസംഭവത്തിന്‍റെ ഭാഗമായല്ല, ദൈവവചനങ്ങളിലേക്കും ഗ്രന്ഥബോധത്തിലേക്കും മനുഷ്യനെ നയിക്കുന്ന ദൈവീക ചൈതന്യമായി കൂടി വായിക്കേണ്ടതുണ്ട്.
റൂഹ് (رُوح) എന്ന ഖുര്‍ ആനിക സംജ്ഞയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഏറെ ആശയക്കുഴപ്പം സൃഷ്ടിച്ച ഒരു വിഷയമാണ് മരണാനന്തര ജീവിതവും ആത്മാവിനെ സംബന്ധിച്ചുള്ള വിശ്വാസങ്ങളും.
സാധാരണയായി മനുഷ്യനില്‍ ഒരു "റൂഹ്" അഥവാ ആത്മാവ് വസിക്കുന്നുവെന്നും മരണസമയത്ത് അത് ശരീരം വിട്ട് പുറത്തുപോകുന്നുവെന്നും പരലോകത്ത് അതാണ് നിലനില്‍ക്കുന്നതെന്നും നാം ധരിച്ചുവരുന്നു. ഈ ധാരണയെ അടിസ്ഥാനമാക്കിയാണ് ആത്മാക്കളുടെ ലോകം അഥവാ ആലമുല്‍ അര്‍വാഹ് (عَالَمُ الْأَرْوَاح) ആത്മാക്കളുടെ ലോകം എന്ന കാഴ്ചപ്പാട് വേരൂന്നിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ തന്നെയാണ് അലഞ്ഞുതിരിയുന്ന ദുരാത്മാക്കള്‍, ശരീരത്തില്‍ പ്രവേശിക്കുന്ന പരേതാത്മാക്കള്‍ തുടങ്ങിയ ''റൂഹാനി'' സ്വാധീനങ്ങളും ഒട്ടേറെ അന്ധവിശ്വാസങ്ങളും രൂപപ്പെട്ടിട്ടുള്ളത്.
എന്നാല്‍ ഖുര്‍ആന്‍ മരണത്തെ സംബന്ധിച്ച് ഉപയോഗിക്കുന്ന സംജ്ഞ ഏതാണ്? റൂഹ് (رُوح) ആണോ? അതോ നഫ്സ് (نَفْس) ആണോ?
ഖുര്‍ആനിലെ ഈ സൂക്തം പ്രത്യേകം പഠനവിധേയമാക്കേണ്ടതും സസൂക്ഷ്മം ശ്രദ്ധിക്കേണ്ടതുമാണ്.
▪️ٱللَّهُ يَتَوَفَّى ٱلْأَنفُسَ حِينَ مَوْتِهَا وَٱلَّتِى لَمْ تَمُتْ فِى مَنَامِهَا ۖ فَيُمْسِكُ ٱلَّتِى قَضَىٰ عَلَيْهَا ٱلْمَوْتَ وَيُرْسِلُ ٱلْأُخْرَىٰٓ إِلَىٰٓ أَجَلٍ مُّسَمًّى ۚ إِنَّ فِى ذَٰلِكَ لَءَايَٰتٍ لِّقَوْمٍ يَتَفَكَّرُونَ
മരണവേളയില്‍ അല്ലാഹു നഫ്സുകളെ പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെട്ടിട്ടില്ലാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട് ആര്‍ക്ക് മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചുവെക്കുന്നു. മറ്റുള്ളവയെ നിശ്ചിത അവധിവരെ വിട്ടയക്കുകയും ചെയ്യുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ഇതില്‍ ദൃഷ്ടാന്തങ്ങളുണ്ട്. (39: 42)
ഈ സൂക്തത്തില്‍ "റൂഹ്" എന്ന പദമില്ല. ഉപയോഗിച്ചിരിക്കുന്നത് "അന്‍ഫുസ്" (أَنفُس) എന്ന പദമാണ്. അതിന്‍റെ ഏകവചനമാണ് "നഫ്സ്" (نَفْس). മറ്റൊരിടത്ത് ഖുര്‍ആന്‍ പറയുന്ന വചനം ഏവര്‍ക്കും സുപരിചിതമാണ്.
▪️كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ [ഓരോ നഫ്സും മരണത്തെ ആസ്വദിക്കുന്നതാണ്.(3:185)]
ഇവിടെയും മരണവുമായി ബന്ധിപ്പിച്ചിരിക്കുന്നത് 'നഫ്സി'നെയാണ്.
അതിനാല്‍ ഖുര്‍ആനിക പ്രയോഗങ്ങളില്‍ നഫ്സും റൂഹും തമ്മില്‍ വ്യക്തമായ വ്യത്യാസമുണ്ടെന്ന് കാണാം.
റൂഹ് എന്നത് ദൈവീക ചൈതന്യവും ബോധനവും പ്രചോദനവുമായി ബന്ധപ്പെട്ട പ്രയോഗമാണ്. നഫ്സ് എന്നത് വ്യക്തിത്വം, സ്വത്വം, ബോധപൂര്‍വ്വമായ അസ്തിത്വം, ഉത്തരവാദിത്തം ഏറ്റെടുക്കുന്ന മനുഷ്യന്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രയോഗമാണ്.
അതുകൊണ്ടാണ് വിചാരണയും പ്രതിഫലവും നഫ്സുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ സംസാരിക്കുന്നത്.
▪️وَكُلُّهُمْ ءَاتِيهِ يَوْمَ ٱلْقِيَٰمَةِ فَرْدًا
അവര്‍ എല്ലാവരും ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍ അവങ്കലേക്ക് വ്യക്തികളായി വരുന്നതാണ്.(19 : 95)
ഇവിടെ വിചാരണയ്ക്ക് ഹാജരാകുന്നത് ഉത്തരവാദിത്തമുള്ള വ്യക്തിത്വമാണ്; അലഞ്ഞുതിരിയുന്ന ആത്മാവല്ല. മരണപ്പെട്ടവരുടെ ആത്മാക്കള്‍ ഭൂമിയില്‍ അലഞ്ഞുതിരിയുന്നു, മനുഷ്യരുടെ ശരീരങ്ങളില്‍ പ്രവേശിക്കുന്നു, പ്രതികാരം ചെയ്യുന്നു, രോഗങ്ങള്‍ ഉണ്ടാക്കുന്നു, ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നു തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ക്ക് ഖുര്‍ആനിക അടിത്തറ കണ്ടെത്തുക പ്രയാസമാണ്. അത്തരം അന്ധവിശ്വാസങ്ങള്‍ പലപ്പോഴും ഭയത്തെയും ചൂഷണത്തെയും പ്രോല്‍സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.
ഖുര്‍ആന്‍ മനുഷ്യനെ അജ്ഞതയില്‍ നിന്നും മോചിപ്പിക്കാനാണ് വന്നത്; പുതിയ ഭയങ്ങള്‍ സൃഷ്ടിക്കാനല്ല. അതുകൊണ്ട് റൂഹിനെയും നഫ്സിനെയും ഖുര്‍ആനിന്‍റെ വെളിച്ചത്തില്‍ തരംതിരിച്ച് ഗ്രഹിക്കേണ്ടത് അനിവാര്യമാണ്.
ഉപസംഹാരം
റൂഹ് (رُوح) എന്ന ഖുര്‍ആനിക സംജ്ഞയെക്കുറിച്ചുള്ള ഈ പഠനപരമ്പരയില്‍ നാം കണ്ടത്, അതിനെ വെറും "ആത്മാവ്" എന്ന ഒറ്റ അര്‍ത്ഥത്തില്‍ പരിമിതപ്പെടുത്താനാവില്ല എന്നതാണ്.
ഖുര്‍ആന്‍ റൂഹിനെ (رُوح) അംറുമായി (أَمْر), വഹ്‌യുമായി (وَحْي), കിതാബുമായി (كِتَاب), കല്‍മാത്തുമായി (كَلِمَات), ഹുദയുമായി (هُدًى), നൂറുമായി (نُور) ബന്ധപ്പെടുത്തി പ്രയോഗിക്കുന്നതായി കാണാം. قُلِ ٱلرُّوحُ مِنْ أَمْرِ رَبِّى (പ്രഖ്യാപിക്കുക,റൂഹ് എന്റെ രക്ഷിതാവിന്‍റെ കല്‍പനയില്‍ പെട്ടതാണ്." (17: 85) എന്നതും وَكَذَٰلِكَ أَوْحَيْنَآ إِلَيْكَ رُوحًا مِّنْ أَمْرِنَا (നമ്മുടെ കല്‍പനയില്‍ നിന്നുള്ള ഒരു റൂഹ് നിനക്ക് നാം ബോധനം ചെയ്തിരിക്കുന്നു. (42 : 52) എന്നതും يُلْقِى ٱلرُّوحَ مِنْ أَمْرِهِۦ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦ (തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ റൂഹ് നല്‍കുന്നു." (40 : 15) എന്നതും ഖുര്‍ആനികമായി റൂഹ് എന്ന സംജ്ഞ വേദാശയത്തെ പ്രതിനാധാനം ചെയ്യുന്നു എന്ന വസ്തുത സാക്ഷീകരിക്കുന്നു.
ഈ സൂക്തങ്ങളുടെയും മറ്റു ഖുര്‍ ആനിക പ്രയോഗങ്ങളുടെയും വെളിച്ചത്തില്‍ റൂഹ് എന്നത് ദൈവീക ബോധനവും സത്യസന്ദേശവും ആത്മീയ ചൈതന്യവും വിശ്വാസദാര്‍ഢ്യത്തിന്‍റെ പ്രചോദനവുമാണെന്ന് മനസിലാക്കുന്നതില്‍ അസ്വാഭാവികതയില്ല.
മനുഷ്യസൃഷ്ടിയുമായി ബന്ധപ്പെട്ട "مِن رُّوحِى" യും മര്‍യമുമായി ബന്ധപ്പെട്ട "مِن رُّوحِنَا" യും ഈസാനബിയുമായി ബന്ധപ്പെട്ട "رُوحٌ مِّنْهُ" യും ദൈവീക ബോധനത്തിന്‍റെയും മാര്‍ഗദര്‍ശനത്തിന്‍റെയും വിശിഷ്ടമായ അനുഗ്രഹങ്ങളായി മനസിലാക്കാവുന്നതാണ്.
അതേസമയം, മരണവേളയില്‍ ഏറ്റെടുക്കപ്പെടുന്നത് റൂഹ് (رُوح) അല്ലെന്നും, നഫ്സ് (نَفْس) ആണെന്നാണുമുള്ള ബോധ്യവും ഖുര്‍ആന്‍ തരുന്നു.
▪️ٱللَّهُ يَتَوَفَّى ٱلْأَنفُسَ حِينَ مَوْتِهَا ["മരണവേളയില്‍ അല്ലാഹു നഫ്സുകളെ പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു." (39 : 42)]
എന്നിരുന്നാലും ഈ പഠനത്തില്‍ അവതരിപ്പിച്ച ആശയങ്ങള്‍ അന്തിമ നിഗമനങ്ങളാണെന്ന അവകാശവാദമില്ല. ഖുര്‍ആനിലെ ഓരോ പദത്തിനും അര്‍ത്ഥത്തിന്‍റെ നിരവധി തലങ്ങളുണ്ടാകാം. അവയുടെ പൂര്‍ണ്ണമായ യാഥാര്‍ത്ഥ്യം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ.
ഈ പഠനശ്രമത്തിന്‍റെ ലക്ഷ്യം പാരമ്പര്യങ്ങളെ നിരാകരിക്കലല്ല; മറിച്ച് ഖുര്‍ആനെ അതിന്‍റെ സ്വന്തം പ്രയോഗങ്ങളുടെയും ആശയഘടനയുടെയും വെളിച്ചത്തില്‍ വായിക്കാനുള്ള ഒരു ശ്രമം മാത്രമാണ്.
▪️كِتَٰبٌ أَنزَلْنَٰهُ إِلَيْكَ مُبَٰرَكٌ لِّيَدَّبَّرُوٓا۟ ءَايَٰتِهِۦ
"ഇത് നാം നിനക്ക് അവതരിപ്പിച്ച അനുഗ്രഹീതമായ ഒരു ഗ്രന്ഥമാണ്; അതിലെ സൂക്തങ്ങളെപ്പറ്റി ആഴത്തില്‍ ചിന്തിക്കുവാന്‍ വേണ്ടിയത്രെ അത്." (38 : 29)
ഖുര്‍ആന്‍ മനുഷ്യന്‍റെ ശരീരത്തെ ജീവിപ്പിക്കാനല്ല അവതരിച്ചത്; മറിച്ച് മനസ്സിനെയും ബുദ്ധിയെയും ധാര്‍മ്മികബോധത്തെയും ഉണര്‍ത്താനാണ്.
ഈ അര്‍ത്ഥതലത്തില്‍ ഖുര്‍ആന്‍ തന്നെയാണ് മനുഷ്യരാശിയുടെ റൂഹ് (رُوح) ദൈവീക ചൈതന്യം.
"ഇത് നാം നിനക്ക് അവതരിപ്പിച്ച അനുഗ്രഹീതമായ ഒരു ഗ്രന്ഥമാണ്; അതിലെ സൂക്തങ്ങളെപ്പറ്റി ആഴത്തില്‍ ചിന്തിക്കുവാന്‍ വേണ്ടിയത്രെ അത്." 38: 29)
ഖുര്‍ആന്‍ മനുഷ്യന്‍റെ ശരീരത്തെ ജീവിപ്പിക്കാനല്ല അവതരിച്ചത്; മറിച്ച് മനസ്സിനെയും ബുദ്ധിയെയും ധാര്‍മ്മികബോധത്തെയും ഉണര്‍ത്താനാണ്.
ഈ അര്‍ത്ഥതലത്തില്‍ ഖുര്‍ആന്‍ തന്നെയാണ് മനുഷ്യരാശിയുടെ റൂഹ് (رُوح) ദൈവീക ചൈതന്യം.
✍🏻 ഫസലുല്ല ഹുസൈന്‍.
…………………………………………………………………………………………..
Comments (0)
Leave a Reply
No comments yet. Be the first to share your thoughts!