General

വിവേകികള്‍ക്കുള്ള അടയാളങ്ങള്

Fasalullah Hussain
Published on June 9, 2026

وَلَقَد تَّرَكۡنَا مِنۡهَآ ءَايَةَۢ بَيِّنَةٗ لِّقَوۡمٖ يَعۡقِلُونَ
"ചിന്തിക്കുന്ന ആളുകൾക്ക് വ്യക്തമായ ഒരു ഗുണപാഠം അതിൽ നാം അവശേഷിപ്പിച്ചിട്ടുണ്ട്." (29:35)

ഖുർആൻ ചരിത്രത്തെ വെറും ഭൂതകാല സംഭവങ്ങളുടെ വിവരണമായി അവതരിപ്പിക്കുന്നില്ല. മനുഷ്യസമൂഹത്തിന്റെ ഉയർച്ചയും താഴ്ചയും, വിജയവും പരാജയവും, സംസ്കാരങ്ങളുടെ വളർച്ചയും തകർച്ചയും എല്ലാം പിന്നീടുള്ള തലമുറകൾക്ക് ഗുണപാഠമാകുന്ന ദൃഷ്ടാന്തങ്ങളായാണ് അത് അവതരിപ്പിക്കുന്നത്.

ലൂഥ് നബിയുടെ സമൂഹത്തെക്കുറിച്ചുള്ള പരാമർശത്തിന് ശേഷമാണ് ഈ സൂക്തം വരുന്നത്. ഒരു ജനതയുടെ നാശം ഖുർആന്റെ ലക്ഷ്യമല്ല; മറിച്ച് അവരുടെ വീഴ്ചയ്ക്ക് കാരണമായ സാമൂഹികവും ധാർമ്മികവുമായ അപചയങ്ങളിൽ നിന്ന് മനുഷ്യരെ ജാഗ്രതപ്പെടുത്തലാണ് അതിന്റെ ഉദ്ദേശ്യം.

ഖുര്ആന് ءَايَةً بَيِّنَةً എന്നത് വ്യക്തമായ അടയാളം, തെളിഞ്ഞ ദൃഷ്ടാന്തം, സംശയരഹിതമായ ഗുണപാഠം എന്നൊക്കെയാണ് അർത്ഥമാക്കുന്നത്. എന്നാൽ ആ അടയാളങ്ങളും ഗുണപാഠങ്ങളും എല്ലാവർക്കും ഒരുപോലെ പ്രയോജനപ്പെടുന്നില്ല. "لِّقَوۡمٖ يَعۡقِلُونَ" ചിന്തിക്കുകയും സത്യാസത്യവിവേചനം നടത്തുകയും മനനം ചെയ്യുകയും ചെയ്യുന്നവർക്കാണ് അതിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ കഴിയുന്നത്.

ഇന്നും മനുഷ്യസമൂഹം നേരിടുന്ന അനീതികളും ധാർമ്മിക തകർച്ചകളും സാമൂഹിക അസന്തുലിതാവസ്ഥകളും ചരിത്രത്തിന്റെ ഗുണപാഠങ്ങൾ അവഗണിക്കുന്നതിന്റെ ഫലങ്ങളാണ്. ഖുർആൻ ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നത്, മുൻഗാമികളുടെ അനുഭവങ്ങളിൽ നിന്ന് പഠിക്കുന്ന സമൂഹങ്ങൾ മാത്രമാണ് ഭാവിയെ സുരക്ഷിതമാക്കുന്നതെന്ന്.

കലാപങ്ങളും ദുരന്തങ്ങളും പ്രകൃതിക്ഷോഭങ്ങളും മഹാമാരികളും വരുമ്പോള് മാത്രം വിഭാഗീയതകളുടെ മതില്കെട്ടുകള് പൊളിച്ചെറിയുകയും അവ നീങ്ങുമ്പോള് എല്ലാം മറന്ന് പോകുന്ന അവസ്ഥ സംജാതമാകുകയും ചെയ്യുന്നത് ഗുണപാഠം യഥാവിധി ഉള്കൊള്ളാത്തത് കൊണ്ടാണ്.

ചരിത്രത്തിന്റെ അവശിഷ്ടങ്ങൾ കാണുന്നത് മാത്രം പോര; അവയുടെ സന്ദേശം മനസ്സിലാക്കാനുള്ള വിവേകവും ആവശ്യമാണ്. കാരണം ഗുണപാഠങ്ങൾ എല്ലായിടത്തും അവശേഷിക്കുന്നുണ്ട്; അവ തിരിച്ചറിയുന്നത് ചിന്തിക്കുന്ന മനസ്സുകളാണ്.

About Fasalullah Hussain

Quran

Research

Comments (0)

Leave a Reply

No comments yet. Be the first to share your thoughts!