General

സാധാരണ മനുഷ്യന്‍

Fasalullah Hussain
Published on June 17, 2026

പ്രവാചകന്‍ സാധാരണ മനുഷ്യനാണ്.
▪️🔅🔅🔅🔅🔅🔅▪️

 

പ്രവാചകന്‍ സാധാരണ മനുഷ്യനാണ്. മജ്ജയും മാംസവുമുള്ള മനുഷ്യന്‍. അമാനുഷികമായി യാതൊന്നുമില്ലാത്ത സംശുദ്ധ വ്യക്തിത്വത്തിന്‍റെ ഉടമയായ മനുഷ്യന്‍. ഈ പ്രസ്താവന സാക്ഷാല്‍ അല്‍ലാഹുവിന്‍റേതാണ്. പക്ഷെ ദൈവം തന്നെ പറയുന്ന വ്യതിരിക്തത പ്രവാചകന് ബോധനം ലഭിക്കുന്നു എന്നതാണ്. قُلۡ إِنَّمَآ أَنَا۠ بَشَرࣱ مِّثۡلُكُمۡ يُوحَىٰٓ إِلَيَّ أَنَّمَآ إِلَٰهُكُمۡ إِلَٰهࣱ وَٰحِدࣱ  ദൈവിക  ഏകത്വം വിളമ്പരം ചെയ്യാന്‍ നിയുക്തനായ പ്രവാചകനും പ്രബോധകനുമായ മനുഷ്യന്‍ മാത്രമാണ് പ്രവാചകന്‍. രണ്ട് തവണ ആവര്‍ത്തിച്ച (18/110 ലും 41/6 ലും) അസന്ദിഗ്ധമായ ഈ പ്രഖ്യാപനത്തിന് കൃത്യമായ ഉദ്ദേശലക്ഷ്യങ്ങളുണ്ട്. 

അമാനുഷികത പ്രവാചകരില്‍ ആരോപിക്കുന്ന സമൂഹത്തിന്‍റെ അന്ധവിശ്വാസവും അനാചാരവും വാപാടനം ചെയ്യലാണ് ഒന്ന്. ഈസ നബി ദൈവ പുത്രനും ദൈവത്തിന്‍റെ പ്രതിപുരുഷനുമായി ചിത്രീകരിക്കുന്നതിനാല്‍ പ്രവാചകന്‍ മുഹമ്മദില്‍ അത്തരം ആരോപണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിന് തടയിടാനാണ് പ്രവാചകനെ സാധാരണ മനുഷ്യനായി അവതരിപ്പിച്ചതും ഈ വിഷയം പ്രഘോഷിച്ചതും.
▪️قُلۡ إِنَّمَآ أَنَا۠ بَشَرࣱ مِّثۡلُكُمۡ يُوحَىٰٓ إِلَيَّ أَنَّمَآ إِلَٰهُكُمۡ إِلَٰهࣱ وَٰحِدࣱ فَٱسۡتَقِيمُوٓاْ إِلَيۡهِ وَٱسۡتَغۡفِرُوهُۗ وَوَيۡلࣱ لِّلۡمُشۡرِكِينَ
നീ പ്രഖ്യാപിക്കുക: ഞാന്‍ നിങ്ങളെപ്പോലെ ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ആരാധ്യൻ ഏകനായ ആരാധ്യനാകുന്നു എന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. ആകയാല്‍ അവന്‍റെ  മാര്‍ഗത്തില്‍ സ്ഥൈര്യത്തോടെ നിങ്ങള്‍ നേരെ നിലകൊള്ളുകയും അവനോട് മാത്രം നിങ്ങള്‍ പാപമോചനം തേടുകയും ചെയ്യുവിന്‍. ബഹുദൈവവക്താക്കള്‍ക്കാകുന്നു സര്‍വ്വനാശം. (ഖുര്‍ആന്‍ 41:6)

എന്നിട്ടും ഖുര്‍ആന്‍ വക്താക്കള്‍ എന്ന് ഘോഷിക്കപ്പെട്ട സമൂഹം പ്രവാചകന്‍റെ വിലക്കുകളെ തൃണവല്‍ഗണിച്ച്  വേദവിരുദ്ധമായ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച് അവ സമാന്തര പ്രമാണങ്ങളാക്കി. ''ഖുര്‍ആനിനെ പാവന ഗ്രന്ഥ''മെന്ന രീതിയില്‍ വിഗ്രഹവല്‍ക്കരിക്കുകയും മന്ത്ര തന്ത്രാദികള്‍ക്ക് ജപിച്ചൂതാനും  ഈണത്തില്‍ പാരായണം ചെയ്യാനുമുള്ള ഗ്രന്ഥമാക്കി മാറ്റി. സമീപകാലം വരെ  അതിലെ ആശയങ്ങള്‍ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യാതെ തമസ്കരിക്കുകയും ചെയ്തു എന്നതും ചരിത്രവസ്തുതയാണ്.

ഇപ്പോഴും ഖുര്‍ആന്‍ പൂര്‍ണ്ണമാണെന്നോ അത് ജാതി മത വര്‍ഗ്ഗ വൈജാത്യങ്ങള്‍ക്കതീതമായ മാനവ ജീവിത പദ്ധതിയാണെന്നോ അത് ഓരോ വ്യക്തിയും പ്രാവര്‍ത്തികമാക്കേണ്ട കര്‍മ്മരേഖയാണെന്നോ അംഗീകരിക്കാന്‍ ഭൂരിപക്ഷവും തയ്യാറല്ല. ഖുര്‍ആന്‍ സംവദിക്കുന്നത് മനുഷ്യരോടാണ്. എന്നാലും അത് മറ്റു വിഭാഗങ്ങള്‍ക്ക്  തൊടാന്‍ പോലും പാടില്ലെന്ന അജ്ഞതയിലധിഷ്ഠിതമായ മൂഢലോകത്താണ് പാരമ്പര്യ മത വക്താക്കള്‍.

പ്രവാചകന്‍ നമ്മേപോലുള്ള മനുഷ്യന്‍ മാത്രമാണെന്ന ഖുര്‍ആനിക പ്രയോഗത്തിന്റെ സാംഗത്യം ഖുര്‍ആനിക പരിപ്രേക്ഷ്യത്തില്‍ തന്നെ പഠനവിധേയമാക്കി ബോധ്യമാക്കേണ്ടത് അനിവാര്യമാണ്.
ഖുര്‍ആനില്‍ 123 തവണ പതിനൊന്ന് വിഭിന്ന രീതിയില്‍ ب-ش-ر എന്ന ധാതുവില്‍ നിന്നുള്ള പദപ്രയോഗങ്ങള്‍ കാണാം. അതില്‍ 37 തവണ മനുഷ്യന്‍ എന്ന അര്‍ത്ഥത്തിലും 84 തവണ സന്തോഷവാര്‍ത്ത എന്ന ഉദ്ദേശാര്‍ത്ഥത്തിലും ആണ്. സ്വര്‍ഗ്ഗത്തെ കുറിച്ചുള്ള സുവാര്‍ത്തയും നരകത്തെ കുറിച്ചുള്ള മുന്നറിയിപ്പ് പാപികള്‍ക്കുള്ള സന്തോഷവാര്‍ത്തയായും ഉപയോഗിച്ചതായി കാണാം. ഇതിന്റെ അടിസ്ഥാന അര്‍ത്ഥം ചര്‍മോപരിതലം എന്നാണ്. സാഹിത്യശൈലിയിലാണ് പിന്നീട് بَشَرٌ മനുഷ്യനെ സൂചിപ്പിക്കാന്‍ തുടങ്ങിയത്. മനുഷ്യന്‍ എന്നത് ശരീരവും ആത്മചൈതന്യവും ജീവനുമുള്ളതാണെങ്കിലും ഭൗതിക ശരീരത്തെ സൂചിപ്പിക്കാനാണ് ഭാഷാപരമായി ഈ പദം പ്രയോഗിക്കുന്നത്. ഖുര്‍ആന്‍ മനുഷ്യസൃഷ്ടി പരാമര്‍ശിക്കുമ്പോള്‍ (15:26, 28) ഉപയോഗിച്ചത് بَشَرٌ തന്നെയാണ്. ഖുര്‍ആന്‍ ഇണകള്‍ തമ്മിലുള്ള ലൈംഗിക ബന്ധം സൂചിപ്പിക്കാന്‍ بَاشِرُوهُنَّ എന്നു പറഞ്ഞിരിക്കുന്നത് പ്രാഥമിക അര്‍ത്ഥത്തിന്റെ സാധൂകരണമാണ്.

പ്രവാചകന്‍ بَشَرٌ مِّثْلُكُمْ നിങ്ങള്‍ക്ക് സമാനനായ മനുഷ്യനാണെന്നുള്ള വേദപ്രഖ്യാപനം പാരമ്പര്യവാദികള്‍ക്കും മതവക്താക്കള്‍ക്കും പഥ്യമല്ല (14:11, 18:110, 21:3, 23:24, 33, 34, 41:6). ഈ സൂക്തങ്ങളിലെല്ലാം بَشَرٌ مِّثْلُكُمْ എന്നാണുള്ളത്. എല്ലാ അനാചാരങ്ങളിലും അനാശാസ്യങ്ങളിലും വ്യാപൃതനായ മനുഷ്യന്‍ എന്നല്ല ഈ പ്രയോഗത്തിന്റെ ലക്ഷ്യം. ഇതേ പ്രയോഗം പ്രവാചകനെ ആക്ഷേപിച്ചും പരിഹസിച്ചും അവിശ്വാസി സമൂഹം ആരോപിക്കുന്നതും ഖുര്‍ആന്‍ എടുത്ത് പറയുന്നുണ്ട് (11:27, 14:10, 26:154, 186, 36:15). അവരുടെ പരിഹാസശൈലിക്ക് ഉദാഹരണമായി:

▪️فَقَالَ ٱلۡمَلَأُ ٱلَّذِينَ كَفَرُواْ مِن قَوۡمِهِۦ مَا نَرَىٰكَ إِلَّا بَشَرٗا مِّثۡلَنَا
(അദ്ദേഹത്തിന്റെ ജനതയില്‍ നിന്ന് അവിശ്വസിച്ചവരായ പ്രമാണിമാര്‍ പറഞ്ഞു: ഞങ്ങളെപോലെയുള്ള മനുഷ്യനായിട്ടു മാത്രമേ നിന്നെ ഞങ്ങള്‍ കാണുന്നുള്ളൂ.)

ഖുര്‍ആനിക സംജ്ഞയായ بَشَرٌ (ബശര്‍) എന്ന പ്രയോഗത്തിന്റെ അര്‍ത്ഥവ്യാപ്തിയും ആശയവൈപുല്യവും നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്.

പ്രവാചകനെ ഇകഴ്ത്താനും നിഷേധിക്കാനും ഉള്ള വേദനിഷേധികളുടെ ന്യായീകരണമാണ്:
▪️مَا هَٰذَآ إِلَّا بَشَرٌ مِّثْلُكُمْ يَأْكُلُ مِمَّا تَأْكُلُونَ مِنْهُ وَيَشْرَبُ مِمَّا تَشْرَبُونَ
(“ഇവന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. ഇവനും നിങ്ങള്‍ തിന്നുന്നതു തിന്നുന്നു. നിങ്ങള്‍ കുടിക്കുന്നതു കുടിക്കുന്നു.”)

അവര്‍ ഒരു ന്യൂനതയായിട്ടാണ് ഈ വിഷയം നിരീക്ഷിച്ചത്. ഇപ്പോഴുള്ള പൗരോഹിത്യവും മതവക്താക്കളും ഇതേ ധാരണ വെച്ചുപുലര്‍ത്തുന്നവരാണ്. പ്രവാചകന് ദിവ്യത്വവും അമാനുഷികതയും കല്‍പ്പിക്കുകയും പ്രവാചകന്റെ ഭൗതിക ശരീരാവശിഷ്ടവും വിസര്‍ജ്യവും പോലും പവിത്രമായി സങ്കല്‍പ്പിക്കുകയും ചെയ്യുന്നു. പ്രവാചകന്റെ മുടി ഇപ്പോഴും വളര്‍ന്നു കൊണ്ടിരിക്കുകയാണെന്ന്, അത് പ്രവാചകന്‍ ജീവിച്ചിരിക്കുന്നതിനുള്ള തെളിവാണെന്ന്, കൂടി വെളിവില്ലാതെ വേദവിരുദ്ധമായി വിളിച്ചുപറഞ്ഞും സ്ഥാപിക്കാന്‍ ശ്രമിച്ചും കൊണ്ടിരിക്കുന്നു.

ഇത്തരം ജല്‍പനങ്ങളെയും തദ്ജന്യമായ മൂഢവിശ്വാസങ്ങളെയും വേരോടെ പിഴുതെറിയാനാണ് ഖുര്‍ആനിലൂടെ:
▪️قُلْ إِنَّمَآ أَنَا۠ بَشَرٌ مِّثْلُكُمْ يُوحَىٰٓ إِلَيَّ أَنَّمَآ إِلَٰهُكُمْ إِلَٰهٞ وَٰحِدٞ
(“പ്രഖ്യാപിക്കുക: നിശ്ചയമായും ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ദിവ്യബോധനം ലഭിച്ചിട്ടുമുണ്ട്.”)

ദിവ്യത്വമോ, അദൃശ്യജ്ഞാനമോ ഒന്നുമില്ലാത്ത സംശുദ്ധമായ വ്യക്തിത്വത്തിന്റെ ഉടമ മാത്രമാണ് പ്രവാചകന്‍.
അതുകൊണ്ടാണ് പ്രവാചകന്‍ മനുഷ്യന്‍ മാത്രമാണെന്ന് ഖുര്‍ആന്‍ 18:110 ; 41:6 തുടങ്ങിയ സൂക്തങ്ങളില്‍  ആവര്‍ത്തിച്ച് പഠിപ്പിക്കുന്നത്.

പൗരോഹിത്യമതത്തിനും അതിന്റെ വേദവിരുദ്ധ പ്രമാണങ്ങള്‍ക്കും, വേദവാക്യം എതിരായാല്‍ അതിനെ ദുര്‍ബലസൂക്തമെന്നു പ്രഖ്യാപിച്ച് തള്ളുകയോ സത്യവിരുദ്ധ ദുര്‍വ്യാഖ്യാനങ്ങള്‍ നല്‍കി തിരുത്തുകയോ ചെയ്യുക എന്നതാണ് പൗരോഹിത്യരീതി.

പ്രവാചകന് അമാനുഷിക സിദ്ധിയില്ലെന്നത് ഒരുന്യൂനതയായി മതവക്താക്കള്‍ കണക്കാക്കുന്നു. പൂര്‍വ്വപ്രവാചകന്മാര്‍ക്ക് കാലാന്തരത്തില്‍ അവരുടെ പുരോഹിതര്‍ പലവിധ ദിവ്യത്വം ആരോപിച്ചതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഉസൈര്‍, ഈസ എന്നീ പ്രവാചകന്മാരെ ദൈവപുത്രന്മാരായി പോലും അവര്‍ ചിത്രീകരിച്ചു. അവര്‍ ഇപ്പോഴും ഉപരിലോകത്ത് ജീവിക്കുന്നുവെന്ന തരത്തിലുള്ള പ്രമാണങ്ങളും കെട്ടിച്ചമച്ചിരുന്നു. അതേ രീതിയില്‍ പ്രവാചകന്‍ മുഹമ്മദും ഇപ്പോഴും ജീവിച്ചിരിക്കുകയാണെന്നും, പ്രവാചകനോട് ബന്ധപ്പെട്ടതായി പറയുന്ന വ്യാജകേശത്തിന്‍റെ വളര്‍ച്ച തന്നെയാണ് അതിന് തെളിവെന്നും വാദങ്ങള്‍ നിരത്തി അവര്‍ സമര്‍ത്ഥിക്കുന്നു.

പ്രവാചകന്‍റെ ഭൗതിക ശരീരത്തിനോ വസ്ത്രഭാഗങ്ങള്‍ക്കോ, വിയര്‍പ്പും മൂത്രവും പോലുള്ള വിസര്‍ജ്യങ്ങള്‍ക്കോ യാതൊരു പ്രത്യേകതയുമില്ല എന്ന് ബോധ്യമാക്കാനാണ് പ്രവാചകന്‍ “നമ്മേപോലെ മനുഷ്യനാണ്” എന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ച് പ്രസ്താവിക്കുന്നത്. തിന്നുകയും കുടിക്കുകയും, ക്രയവിക്രയങ്ങളില്‍ ഇടപഴകുകയും, ഭൂമിയിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന സാധാരണ മനുഷ്യന്‍ തന്നെയാണ് പ്രവാചകന്‍.

ഇസ്ലാം പുരോഹിതരഹിതമാണെങ്കിലും “ഇസ്ലാം മതം” പുരോഹിതനിബിഡമാണ്. ഉദരപൂരണത്തിനായി അവര്‍ ഇത്തരം മ്ലേച്ഛവൃത്തികള്‍ നടത്തുന്നു. മുടിയും പൊടിയും വിയര്‍പ്പും വിസര്‍ജ്യവും ഔഷധവീര്യമുള്ളതും സര്‍വ്വരോഗസംഹാരശേഷിയുള്ളതുമാക്കി വിപണനം ചെയ്യുന്ന പ്രവണത ഇന്നും തുടരുന്നു. ഖുര്‍ആന്‍ അത്തൗബ സുറയിലെ 34-ാം വചനം ഇതിനെപ്പറ്റി വ്യക്തമാക്കുന്നു:

> يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ كَثِيرًا مِّنَ ٱلْأَحْبَارِ وَٱلرُّهْبَانِ لَيَأْكُلُونَ أَمْوَٰلَ ٱلنَّاسِ بِٱلْبَٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَٱلَّذِينَ يَكْنِزُونَ ٱلذَّهَبَ وَٱلْفِضَّةَ وَلَا يُنفِقُونَهَا فِى سَبِيلِ ٱللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ
*“വിശ്വസിച്ചവരേ, മതപണ്ഡിതന്മാരിലും പുരോഹിതന്മാരിലും ഏറെപ്പേരും ജനങ്ങളുടെ ധനം അവിഹിതമായി അനുഭവിക്കുകയും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന് തടയുകയും ചെയ്യുന്നു. സ്വര്‍ണ്ണവും വെള്ളിയും ശേഖരിച്ചുവെച്ച് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ നോവേറിയ ശിക്ഷയെ ‎സംബന്ധിച്ച 'സുവാര്‍ത്ത' അറിയിക്കുക. ‎9:34)

ദുര്‍ബലവിശ്വാസികളായ സ്ത്രീ പുരുഷന്മാരെയാണ് ഇവര്‍ ചൂഷണം ചെയ്യുന്നത്.

പ്രവാചകന്‍ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുമെന്നും ശുപാര്‍ശ ചെയ്യുമെന്നും പ്രതിവചിക്കുമെന്നുമുള്ള മൂഢവിശ്വാസം പേറുന്നവരാണ് ഭൂരിപക്ഷവും. പ്രാര്‍ത്ഥനാവേളകളില്‍ നേരിട്ട് പ്രവാചകനോട് സംവദിക്കുന്ന രീതിയില്‍ ആശംസാവാക്യം ഒരുവിടുന്നവരാണ് ഉത്പതിഷ്ണുക്കളടക്കമുള്ള സകല മതവക്താക്കളും.  السَّلاَمُ عَلَيْكَ أَيُّهَا النَّبِيُّ (അല്ലയോ നബിയേ,  നിങ്ങള്‍ക്ക്  സമാധാനാശംസ). ഇത് നേരിട്ട് പ്രവാചകനോടുള്ള അഭിവാദ്യമാണ്. മരിച്ചവരെ കേള്‍പ്പിക്കാന്‍ പ്രവാചകന്മാര്‍ക്ക് പോലും അസാധ്യമാണെന്ന വേദത്തിന്‍റെ ശക്തമായ താക്കീതുണ്ടായിട്ടും [إِنَّكَ لَا تُسْمِعُ ٱلْمَوْتَىٰ നിശ്ചയം നിക്ക് മരിച്ചവരെ കേള്‍പ്പിക്കാനാവില്ല. 27/80] മതവക്താക്കള്‍ സകലപ്രാര്‍ത്ഥനകളിലും അനുസ്യൂതം ഇത്  ആവര്‍ത്തിക്കുന്നത് ആശ്ചര്യജനകമാണ്. പ്രവാചകന് വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതാണ്. ആ പ്രാര്‍ത്ഥന ഈ രീതിയില്‍ പ്രവാചകനെ വിളിച്ച്  അഭിസംബോധന ചെയ്യുന്ന രീതിയിലാകരുത് എന്നുണര്‍ത്തുകയാണ്.

 

About Fasalullah Hussain

Quran

Research

Comments (0)

Leave a Reply

No comments yet. Be the first to share your thoughts!