General

സിഹ്റിന്‍റെ അകംപൊരുള്‍.

Fasalullah Hussain
• Published on June 9, 2026

ഖുര്‍ ആന്‍ സംശയങ്ങള്‍ക്കിടയില്ലാതെ പറയുന്ന കാര്യമാണ് ആഭിചാരം പൈശാചിക വൃത്തിയാണെന്നും ഫലിക്കില്ലയെന്നും.
അവിശ്വാസികളുടെയും അന്ധവിശ്വാസികളുടേയും പൈശാചിക വക്താക്കളുടെയും ആരോപണം മാത്രമാണ് പ്രവാചകര്‍ മാന്ത്രികരും മാരണക്കാരും മനോനിലതെറ്റിയവരുമാണ് എന്നത്.
▪️كَذَٰلِكَ مَآ أَتَى ٱلَّذِينَ مِن قَبْلِهِم مِّن رَّسُولٍ إِلَّا قَالُوا۟ سَاحِرٌ أَوْ مَجْنُونٌ
അപ്രകാരം തന്നെ ഇവരുടെ പൂര്‍വ്വികന്‍മാരുടെ അടുത്ത് ഏതൊരു റസൂല്‍ വന്നപ്പോഴും ജാലവിദ്യക്കാരനെന്നോ, ഭ്രാന്തനെന്നോ അവര്‍ പറയാതിരുന്നിട്ടില്ല.
51-Adh-Dhariyat : 52

ദൈവദാസരും വേദാനുസാരികളുമായ സജ്ജനങ്ങള്‍ ഒരിക്കലും ഈ ജല്‍പനങ്ങള്‍ അംഗീകരിക്കുകയോ അതിന് വേണ്ടി നിലകൊള്ളുകയോ ഇല്ല.

എന്നിട്ടും പ്രവാചകന്‍റെ യഥാര്‍ത്ഥ അനുയായികളെന്ന് പ്രഘോഷിക്കുന്നവര്‍ തന്നെ പ്രവാചകന് سحر (ആഭിചാരം) ബാധിച്ചുവെന്നും വാദിക്കുന്നത്.
അതിന് തെളിവായും മാരണത്തിന്‍റെ സാധൂകരണത്തിനുമായി ദുര്‍വ്യാഖ്യാനം നടത്തുന്ന ഖുര്‍ ആനിക സൂക്തമാണ് അല്‍ ബഖറ അദ്ധ്യായത്തിലെ 102ാം വചനം. ആയത്തുസിഹിര്‍ എന്ന പരനാമത്തില്‍ വിളിക്കപ്പെടുന്ന സൂക്തത്തിന്‍റെ അകം പൊരുള്‍ കണ്ടെത്തേണ്ടതുണ്ട്.

ഈ സൂക്തത്തിന്‍റെ പ്രചുരപ്രചാരം നേടിയ പാരമ്പര്യ പരിഭാഷ ഇപ്രകാരമാണ്.

▪️وَٱتَّبَعُوا۟ مَا تَتْلُوا۟ ٱلشَّيَٰطِينُ عَلَىٰ مُلْكِ سُلَيْمَٰنَ ۖ وَمَا كَفَرَ سُلَيْمَٰنُ وَلَٰكِنَّ ٱلشَّيَٰطِينَ كَفَرُوا۟ يُعَلِّمُونَ ٱلنَّاسَ ٱلسِّحْرَ وَمَآ أُنزِلَ عَلَى ٱلْمَلَكَيْنِ بِبَابِلَ هَٰرُوتَ وَمَٰرُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَآ إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِۦ بَيْنَ ٱلْمَرْءِ وَزَوْجِهِۦ ۚ وَمَا هُم بِضَآرِّينَ بِهِۦ مِنْ أَحَدٍ إِلَّا بِإِذْنِ ٱللَّهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا۟ لَمَنِ ٱشْتَرَىٰهُ مَا لَهُۥ فِى ٱلْءَاخِرَةِ مِنْ خَلَٰقٍ ۚ وَلَبِئْسَ مَا شَرَوْا۟ بِهِۦٓ أَنفُسَهُمْ ۚ لَوْ كَانُوا۟ يَعْلَمُونَ
സുലൈമാന്‍ നബിയുടെ രാജവാഴ്ചയുടെ (രഹസ്യമെന്ന) പേരില്‍ പിശാചുക്കള്‍ പറഞ്ഞുപരത്തിക്കൊണ്ടിരുന്നത് അവര്‍ (ഇസ്രായീല്യര്‍) പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ നബി ദൈവനിഷേധം കാണിച്ചിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക് മാന്ത്രികവിദ്യ പഠിപ്പിച്ചുകൊടുത്ത് കൊണ്ട് പിശാചുക്കളാണ് ദൈവ നിഷേധത്തില്‍ ഏര്‍പെട്ടത്‌. ബാബിലോണില്‍ ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ടു മാലാഖമാര്‍ക്ക് ലഭിച്ചതിനെയും (പറ്റി പിശാചുക്കള്‍ പറഞ്ഞുണ്ടാക്കിക്കൊണ്ടിരുന്നത് അവര്‍ പിന്തുടര്‍ന്നു). എന്നാല്‍ ഹാറൂത്തും മാറൂത്തും ഏതൊരാള്‍ക്ക് പഠിപ്പിക്കുമ്പോഴും, ഞങ്ങളുടേത് ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാല്‍ (ഇത് ഉപയോഗിച്ച്‌) ദൈവനിഷേധത്തില്‍ ഏര്‍പെടരുത് എന്ന് അവര്‍ പറഞ്ഞുകൊടുക്കാതിരുന്നില്ല. അങ്ങനെ അവരില്‍ നിന്ന് ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങള്‍ ജനങ്ങള്‍ പഠിച്ച് കൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിന്റെ അനുമതി കൂടാതെ അതുകൊണ്ട് യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. അവര്‍ക്ക് തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ് അവര്‍ പഠിച്ചു കൊണ്ടിരുന്നത്‌. അത് (ആ വിദ്യ) ആര്‍ വാങ്ങി (കൈവശപ്പെടുത്തി) യോ അവര്‍ക്ക് പരലോകത്ത് യാതൊരു വിഹിതവുമുണ്ടാവില്ലെന്ന് അവര്‍ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്‌. അവരുടെ ആത്മാവുകളെ വിറ്റ് അവര്‍ വാങ്ങിയ വില വളരെ ചീത്ത തന്നെ. അവര്‍ക്ക് വിവരമുണ്ടായിരുന്നെങ്കില്‍!
2-Al-Baqara : 102

ഇസ്റ്രായീലിയരുടെ വ്യാജാരോപണങ്ങള്‍ക്കുള്ള മറുപടിയാണിത്.

وَٱتَّبَعُوا۟ مَا تَتْلُوا۟ ٱلشَّيَٰطِينُ عَلَىٰ مُلْكِ سُلَيْمَٰنَ ۖ
സുലൈമാന്‍ നബിയുടെ അധിപത്യത്തെക്കുറിച്ചുള്ള പിശാചുക്കളുടെ ജല്‍പനങ്ങള്‍ അവര്‍ പിന്‍പറ്റി.
وَمَا كَفَرَ سُلَيْمَٰنُ
സുലൈമാന്‍ നിഷേധിയുമായിരുന്നില്ല
وَلَٰكِنَّ ٱلشَّيَٰطِينَ كَفَرُوا۟
എന്നാല്‍ പൈശാചികവക്താക്കളാണ് നിഷേധികള്‍.
يُعَلِّمُونَ ٱلنَّاسَ ٱلسِّحْرَ
അവര്‍ ജനങ്ങള്‍ക്ക് ആഭിചാരം പഠിച്ചു.
وَمَآ أُنزِلَ عَلَى ٱلْمَلَكَيْنِ بِبَابِلَ هَٰرُوتَ وَمَٰرُوتَ
ബാബിലോണിയയിലെഹാറൂത്ത് മാറൂത്ത് എന്നീ 'അധികാരികള്‍'ക്ക് യാതൊന്നും അവതീര്‍ണ്ണമായിട്ടുമില്ല.
ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ
അവരിരുവരും യാതൊന്നും ആര്‍ക്കും പഠിപ്പിച്ചുമില്ല.
حَتَّىٰ يَقُولَآ إِنَّمَا نَحْنُ فِتْنَةٌ
''നിശ്ചയം ഞങ്ങള്‍ നിങ്ങള്‍ക്ക് ഒരു പരീക്ഷണമല്ലാതെയല്ല'' എന്ന് ഘോഷിച്ചുകൊണ്ടല്ലാതെ
فَلَا تَكْفُرْ ۖ
അതിനാല്‍ നിങ്ങള്‍ സത്യനിഷേധികളാകരുത്‌.
فَيَتَعَلَّمُونَ مِنْهُمَا
അവരില്‍ നിന്നും പഠിച്ചു
مَا يُفَرِّقُونَ بِهِ بَيْنَ ٱلْمَرْءِ وَزَوْجِهِۦ ۚ
എങ്ങിനെ ഇണകളെ പരസ്പരം പിരിക്കാമെന്ന്
وَمَا هُم بِضَآرِّينَ بِهِۦ
എന്നാല്‍ യഥാര്‍ത്ഥ ഉപദ്രവം ഏല്‍പിക്കുന്നത് അവരല്ല.
مِنْ أَحَدٍ إِلَّا بِإِذْنِ ٱللَّهِ ۚ
ഒരാള്‍ക്കും അല്‍ലാഹുവിന്‍റെ അനുമതികൂടാതെ
وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ
അവര്‍ പഠിക്കുന്നതാവട്ടെ അവര്‍ക്ക് ഉപദ്രവകരമായതും ഉപകാരപ്രദമല്ലാത്തതുമാണ്.
وَلَقَدْ عَلِمُوا۟ لَمَنِ ٱشْتَرَىٰهُ
അവര്‍ അറിഞ്ഞു കഴിഞ്ഞിരിക്കുന്നു അവര്‍ സ്വായത്തമാക്കിയത്
مَا لَهُۥ فِى ٱلْءَاخِرَةِ مِنْ خَلَٰقٍ
പരലോകത്ത് ഒരുവിഹിതവും അവര്‍ക്കില്ല എന്നത്.
ۚ وَلَبِئْسَ مَا شَرَوْا۟ بِهِۦٓ أَنفُسَهُمْ ۚ
അവര്‍ തങ്ങളുടെ സ്വത്തത്തെ വിറ്റ് പരം വാങ്ങിയത് എത്ര മ്ലേച്ഛം.
لَوْ كَانُوا۟ يَعْلَمُونَ
എന്ന് അവര്‍ മനസിലാക്കിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

സുലൈമാന്‍ നബി ദൈവനിഷേധം കാണിച്ചിട്ടില്ല. പ്രവാചകരാരും ദൈവനിഷേധമോ,വേദനിരാസമോ കാണിക്കില്ല. അതുകൊണ്ട് തന്നെ സൂക്തം ദുര്‍വ്യാഖ്യാനത്തിന് വിധേയമാക്കുന്ന ആഭിചാരം പോലുള്ള മ്ലച്ഛവൃത്തിയും ചെയ്യില്ല.എന്നാല്‍ ജനങ്ങള്‍ക്ക് ആഭിചാരം പഠിപ്പിച്ചുകൊടുത്ത് കൊണ്ട് പിശാചുക്കളാണ് ദൈവ നിഷേധത്തില്‍ ഏര്‍പെട്ടത്‌. ബാബിലോണില്‍ ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ടു മാലാഖമാരാകട്ടെ ,അധികാരിവര്‍ഗ്ഗമാകട്ടെ അവര്‍ക്കും മറ്റുള്ളവരുടെ ജല്‍പനം പോലെ ആഭിചാരത്തെ കുറിച്ചുള്ള വൃത്താന്തങ്ങള്‍ അവതരിച്ചിട്ടില്ല. ഇവിടെ مَا എന്നത് വ്യക്തതക്കുള്ളതല്ലെന്നും നിഷേധത്തെ സൂചിപ്പിക്കുന്നതാണെന്നും ആദ്യകാല വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുണ്ട്. മലക്കുകള്‍ ദൈവീക ശാസനക്ക് വിരുദ്ധം പ്രവര്‍ത്തിക്കില്ലെന്ന് 16/50,66/6 തുടങ്ങിയ സൂക്തങ്ങളില്‍ വ്യക്തമാക്കുന്നതിനാല്‍ മാലാഖമാര്‍ ഇത്തരം ഹീനവും മ്ലേഛവുമായ കാര്യങ്ങള്‍ പഠിക്കുകയില്ലെന്നത് വേദശാസനകളനുസരിച്ച് അടിസ്ഥാന വിശ്വാസമാണ്.
എന്നാല്‍ പൈശാചിക ദുര്‍ബോധനങ്ങളില്‍ വശംവദരായി പണ്ഡിത പരീശമാര്‍ ജനങ്ങളില്‍ ആഭിചാരക്രിയ പകരുമ്പോഴും ഹാറൂത്തും മാറൂത്തും പറഞ്ഞത് ''ഞങ്ങള്‍ ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാല്‍ ആഭിചാരമെന്ന ദൈവനിഷേധത്തില്‍ നിങ്ങള്‍ ഏര്‍പെടരുത്'' എന്ന് പറഞ്ഞുകൊടുക്കാതിരുന്നില്ല. ഈ ഹാറൂത്ത്- മാറൂത്തുകള്‍ക്ക് വിശ്വാസി-മാലാഖ പരിവേഷം ചാര്‍ത്തിയത് പൈശാചിക വക്താക്കളാണ്. യഥാര്‍ത്ഥത്തില്‍ ഇവര്‍ ആഭിചാരവക്താക്കളാണെന്ന വാദവും ഉണ്ട്.
ഈ സൂക്തത്തിലെ മലഖൈനി എന്നതിന് മലിഖൈനി എന്ന പാരായണമുണ്ടെന്ന വാദക്കാരും ഉണ്ടത്രെ.
അങ്ങനെ ആഭിചാരവക്താക്കളില്‍ നിന്ന് ഇണകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങള്‍ ജനങ്ങള്‍ പഠിച്ച് കൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിന്റെ അനുമതി കൂടാതെ അതുകൊണ്ട് യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല.
വിശ്വാസികള്‍ സുദൃഡ ചിത്തരായിരിക്കും.അവരില്‍ യാതൊരു ആഭിചാരക്രിയകളും ഏല്‍ക്കുകയില്ല.ആഭിചാരം നടത്തുന്നവര്‍ക്ക്
തന്നെയാണ് അതിന്‍റെ ആത്യന്തിക ഫലം ഭവിക്കുക.
അവര്‍ക്ക് തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ് അവര്‍ പഠിച്ചു കൊണ്ടിരുന്നത്‌. ആഭിചാര ദുര്‍മന്ത്രണ വിദ്യകള്‍ സ്വായത്തമാക്കിയതാരാണോ അവര്‍ക്ക് പരലോകത്ത് യാതൊരു വിഹിതവുമുണ്ടാവില്ലെന്ന് അവര്‍ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്‌. അവരുടെ സ്വത്ത്വത്തെളെ വിക്രയം ചെയ്ത് അവര്‍ വാങ്ങിയ വില വളരെ ചീത്ത തന്നെ. അവര്‍ക്ക് ബുദ്ധിയോ ചിന്താശേിയോ അശേഷം ഇല്ല എന്നതും വ്യക്തമാക്കുകയാണ് ഈ സൂക്തം. മാനവീകതക്ക് നിരക്കാത്ത
ഏത് ദുഷ്കര്‍മ്മവും സാമൂഹികമാക്കാന്‍ പ്രവാചകനില്‍ ചേര്‍ത്ത് പറഞ്ഞ് പ്രാമാണികത ഉണ്ടാക്കിയെടുത്തതാണ് ഈ സമൂഹത്തിന്‍റെ അപചയത്തിന്‍റെ കാരണം. അതുപോലെ ആഭിചാരത്തിന് പ്രസക്തിയുണ്ടാക്കാനാണ് ബനൂ ഇസ്റാഈല്‍ സമൂഹം സുലൈമാന്‍ നബിയുടെ മേല്‍ ആരോപിച്ചത്.
ആയത്തുസിഹ്ര്‍ എന്ന ഈ സൂക്തം ഒരുതരത്തിലും മാരണമെന്ന ക്ഷുദ്രവിദ്യക്ക് ബലമേകുന്നില്ല എന്ന ബോധ്യമാണ് ഖുര്‍ ആനിന്‍റെ അകംപൊരുള്‍.

അതിനാല്‍ നമുക്ക് വേദജ്ഞാനം കരഗതമായശേഷം പൈശാചിക ദുര്‍ബോധനങ്ങളില്‍ അകപ്പെടാതിരിക്കാന്‍ പ്രയത്നിക്കാം..പ്രാര്‍ത്ഥിക്കാം.
▪️رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ ٱلْوَهَّابُ
ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്‍മാര്‍ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്‍റെ അടുക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു
3-Al Imran : 8

About Fasalullah Hussain

Quran

Research

Comments (0)

Leave a Reply

No comments yet. Be the first to share your thoughts!